May 5, 2024

മാനന്തവാടിയില്‍ കാര്‍ബണ്‍ തുലിത തേയില കൃഷിയും ഉല്പാദനവും തുടങ്ങും : മന്ത്രി ഇ.പി ജയരാജന്‍

0
01

       വയനാടന്‍ തേയില എന്ന ബ്രാന്‍ഡില്‍  തേയില വിപണനം ചെയ്യുന്നതിന് മാനന്തവാടിയില്‍ ഇരുന്നൂറേക്കര്‍ സ്ഥലത്ത് പ്രത്യേക കാര്‍ബണ്‍ തുലിത  മേഖലയൊരുക്കുമെന്ന് വ്യവസായ വകുപ്പ്  മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു, സ്വകാര്യ പങ്കാളിത്തോടെയാണ് തേയലകൃഷി തുടങ്ങുക. ഇരുപത്തിയാറ് ശതമാനം സര്‍ക്കാര്‍ ഓഹരി ഇതിനായി നല്‍കും. സഹകരണ സംഘങ്ങള്‍, കര്‍ഷകര്‍, വ്യക്തികള്‍ തുടങ്ങിയവരെയും ഇതില്‍ പങ്കാളികളാക്കും. കാര്‍ബണ്‍ തുലിത മേഖലയില്‍ വിവിധ തരത്തില്‍പ്പെട്ട തേയിലകള്‍ കൃഷി ചെയ്തു ലോക വിപണിയില്‍ വില്‍പന നടത്താനാണ് ലക്ഷ്യമിടുന്നത്. വയനാടന്‍ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ ആവശ്യമായ വിവിധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. തോട്ടം മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍  പ്രത്യേക പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പൂട്ടികിടക്കുന്ന തേയില ഫാക്ടറികള്‍ പുനരുജ്ജീവിപ്പിക്കാനുളള നടപടികളും സ്വീകരിക്കും.

   സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും ന്യായ വില നല്‍കി സര്‍ക്കാര്‍ സംഭരിക്കും. ഇതിനായി തൃശൂര്‍, പാലക്കാട്ട്, കുട്ടനാട് എന്നിവടങ്ങളില്‍ നെല്ലറകള്‍ ഒരുക്കും. സംഭരിക്കുന്ന നെല്ലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കും. സിവില്‍ സപ്ലൈസ് ,കണ്‍സൂമര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വില്‍പന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വയനാട്ടിലെ ഔഷധ മൂല്യമുളള നെല്ലുകളും സര്‍ക്കാര്‍ പ്രത്യേകം ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലക്കാരുടെ സ്വപ്നമായ തലശ്ശേരി മൈസൂര്‍ റെയില്‍ പാത വനമേഖല ഒഴിവാക്കി കടന്നു പോകുന്ന രീതിയില്‍ പുതിയ അലൈന്‍മെന്റ് കണ്ടെത്തിയിട്ടുണ്ട്. പാത സാധ്യമാക്കുന്നതിന് എല്ലാവരുടെയും പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ  എ.ആര്‍ അജയകുമാര്‍,കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ കെ.എ സന്തോഷ് കുമാര്‍ , ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *