May 7, 2024

ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങള്‍

0
0.jpg

കല്‍പ്പറ്റ: ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപ്പായിക്കാമെന്ന് ആരും കരുതേണ്ടെന്ന് സമസ്ത വൈസ് പ്രസിഡന്റും വയനാട് ജില്ലാ ഖാസിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കല്‍പ്പറ്റയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ സംഘടിപ്പിച്ച ആസാദി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വ്യക്തി, അല്ലെങ്കില്‍ സംഘടന, അതുമല്ലെങ്കില്‍ മതവിഭാഗം, പ്രദേശം, ജില്ല, മണ്ഡലം ഇവയൊന്നുമല്ല നമ്മുടെ രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്നത്്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ലോകത്തെ മറ്റ് രാജ്യങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് നിര്‍മിച്ച ഭരണഘടനയാണ് പൗരന്റെ അസ്ഥിത്വം പ്രകടമാക്കുന്നത്. അതുകൊണ്ട് തന്നെ ആ ഭരണഘടന കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് ഭരണകര്‍ത്താക്കളുടെയും ഓരോ ഇന്ത്യന്‍ പൗരന്റെയും ഉത്തരവാദിത്തമാണ്. മുന്‍ ഭരണ കര്‍ത്താക്കളെല്ലാം ഇത് കാത്തുസൂക്ഷിച്ചത് കൊണ്ടാണ് ഇത്രകാലവും നമ്മള്‍ സുരക്ഷിതരായി ജീവിച്ച് പോന്നത്. എന്നാല്‍ ഇന്നത്തെ ചിലര്‍ ഭരണഘടനയെ വക്രീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇത് അവരുടെ വ്യാമോഹങ്ങള്‍ മാത്രമായി പര്യവസാനിക്കുമെന്നുറപ്പാണ്. കാരണം നമ്മുടെ രാജ്യമാണ് ഇന്ത്യ, നമ്മുടെ രാഷ്ട്രമാണ് ഭാരതം, അതിന് ഒരു മുറിവേല്‍ക്കാന്‍ രാജ്യത്തെ സ്‌നേഹിക്കുന്ന ഒറ്റ പൗരനും സമ്മതിക്കുകയില്ല. ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം വിജയിക്കില്ല. ഈ രാജ്യത്ത് ജനിച്ച നമ്മള്‍ ഇവിടെത്തന്നെ ജീവിക്കുകയും ഇവിടത്തന്നെ മരിക്കുകയും ചെയ്യും. അത് നമ്മുടെ അവകാശമാണ്. അതുകൊണ്ട് തന്നെ ജനിച്ച മണ്ണില്‍ നിന്ന് ആട്ടിയോടിക്കാമെന്ന ചിലരുടെ ധാരണ വെറുംവ്യാമോഹമായി തുടരുക മാത്രമാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിവാദ നിയമത്തിനെതിരെ നാടൊട്ടുക്കും പ്രതിഷേധം ആളിക്കത്തുകയാണ്. പുതുതലമുറ ശക്തമായി സമരരംഗത്തുണ്ട്. ആരുടെയും ആഹ്വാനമില്ലാതെയാണ് അവരൊക്കെ സമരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സമരം വിജയം കാണുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമ്‌സത കോ-ഓര്‍ഡിനേഷന്‍ ജില്ലാ ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഭരണഘടനയുടെ ആമുഖം വായിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ് മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അഹമ്മദ് ജിഫ്‌രി ചേളാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എം ഹസ്സന്‍ മുസ്‌ലിയാര്‍, ഇബ്രാഹീം ഫൈസി വാളാട്, കെ.കെ അഹ്മദ് ഹാജി, അബ്ദുല്ലത്തീഫ് ഹാജി ബംഗളൂരു, ഫാറൂക്ക് ബംഗളൂരു, ശംസുദ്ധീന്‍ കൂടാളി, പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍, പോള ഇബ്രാഹീം ദാരിമി, കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, സി മൊയ്തീന്‍ കുട്ടി, പയന്തോത്ത് മൂസ ഹാജി, അഷ്‌റഫ് ഫൈസി പനമരം, കെ മുഹമ്മദ് കുട്ടി ഹസനി, മുഹിയുദ്ധീന്‍കുട്ടി യമാനി പന്തിപ്പൊയില്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, ടി മുഹമ്മദ്, റസാക്ക് കല്‍പറ്റ, എം.എം ബഷീര്‍, ഇബ്രാഹീം മാസ്റ്റര്‍ കൂളിവയല്‍, സി.പി ഹാരിസ് ബാഖവി, എം.പി നവാസ്, കെ ഹാരിസ്, സി കുഞ്ഞബ്ദുല്ല, കാഞ്ഞായി ഉസ്മാന്‍, പി.സി ഉമര്‍ മൗലവി, പി സുബൈര്‍ ഹാജി, കെ.എ നാസര്‍ മൗലവി, ജാഫര്‍ ഹൈതമി, അബൂബക്കര്‍ ഫൈസി മണിച്ചിറ, കാസിം ദാരിമി, ഇ.പി മുഹമ്മദലി ഹാജി, റാഷിദ് ഗസാലി കൂളിവയല്‍, എന്‍.കെ റഷീദ് ഹാജി, ബ്രാന്‍ അലി, എ.കെ മുഹമ്മദ് ദാരിമി, പനന്തറ മുഹമ്മദ്, കെ.സി.കെ തങ്ങള്‍ സംബന്ധിച്ചു. കോ-ഓര്‍ഡിനേഷന്‍ കണ്‍വീനര്‍ പി.സി ഇബ്‌റാഹീം ഹാജി സ്വാഗതവും ഇബ്രാഹീം ഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *