April 29, 2024

സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം: പ്രദര്‍ശന മേള തുടങ്ങി

0


 സമ്മേളനം മന്ത്രി തോമസ് ഐസക്  ഉദ്ഘാടനം ചെയ്യും
· സെമിനാറുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും


കൽപ്പറ്റ:

    സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. രണ്ടു നാള്‍ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് ഭരണ സംവിധാനമാകെ ജില്ലയില്‍ കേന്ദ്രീകരിക്കും.വിവിധ പരിപാടികള്‍ പങ്കെടുക്കുന്നതിനായി  എട്ട് മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുളളവര്‍ ജില്ലയിലെത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ  മൂവായിരത്തോളം പ്രതിനിധികളും പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ജില്ലയിലെത്തിയിട്ടുണ്ട്. 

വൈത്തിരി റിസോര്‍ട്ടില്‍ ചൊവ്വാഴ്ച  (ഫെബ്രു.18) രാവിലെ 10 ന്  ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ വിഷയത്തില്‍ സെമിനാറുകള്‍ നടക്കും. ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും  ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറും പൊതുവിദ്യാഭ്യാസ യഞ്ജവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലും ഗതാഗത രംഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍,ഐ.സി ബാലകൃഷ്ണന്‍,ഒ.ആര്‍ കേളു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍  തുടങ്ങിയവരും പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക സ്വയം ഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ സംസ്ഥാന ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ എസ്.എം വിജയാനന്ദ് പ്രഭാഷണം നടത്തും.

    ഉച്ചയ്ക്ക് 2 ന് നടക്കുന്ന ദുരന്ത നിവാരണ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന പ്രഭാഷണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ജല വിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ മോഡറേറ്ററായിരിക്കും. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു വിഷയാവതരണം നടത്തും. 

കൗതുകങ്ങളൊരുക്കി പ്രദര്‍ശന മേള 
   ആയിരം രൂപയ്ക്ക് ഒരു ജോഡി എലി, ഇരുനൂറ് രൂപ വിലകളില്‍  അലങ്കാരമത്സ്യങ്ങള്‍, ചിരട്ടയിലും പാളയിലും ഒരുക്കിയ കരകൗശല ഉല്‍പ്പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ചിത്രപ്രദര്‍ശനം, മാലിന്യ സംസ്‌ക്കരണത്തിന്റെ പുത്തന്‍ മാതൃകകള്‍  സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ പ്രദര്‍ശന മേള വേറിട്ട കാഴ്ച്ചകളാല്‍ ശ്രദ്ധേയമാകുന്നു. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, സമഗ്ര ശിക്ഷാ കേരളം, ലൈഫ് മിഷന്‍, കുടുംബശ്രീ, മില്‍മ, കേരള കാര്‍ഷിക സര്‍വ്വകലാശാല, വയനാട് നെയ്ത്തുത്തുഗ്രാമം, ഉറവ്, കേരള പൊലീസ്, ജനമൈത്രി എക്‌സൈസ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി, സീഡ് അമ്പലവയല്‍, ഗോത്രായനം ചിത്രപ്രദര്‍ശനം, തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ വികസന മാതൃകകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും കാഴ്ചകളുമാണ് ഓരോ സ്റ്റാളുകളേയും ആകര്‍ഷകമാക്കുന്നത്. 

    പ്രദര്‍ശന മേള സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എം.നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, കെ.ജി.പി.എ സംസ്ഥാന പ്രസിഡന്റ് തുളസി ടീച്ചര്‍, എക്‌സിബിഷന്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ പി.ഭരതന്‍, എക്‌സിബിഷന്‍ കണ്‍വീനര്‍ ബോബന്‍ ചാക്കോ, കെ.ജി.പി.എ സംസ്ഥാന എക്‌സികൂട്ടീവ് മെമ്പര്‍ യഹിയാ ഖാന്‍ തലക്കല്‍, കെ.ജി.പി.എ ജില്ലാ സെക്രട്ടറി പി.എ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *