May 6, 2024

ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ കുടുങ്ങി പോയ മലയാളി തൊഴിലാളികളുടെ ജീവിതം നരകതുല്യം

0
Paulose.jpg

കല്‍പ്പറ്റ: ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകയിലെ കൃഷിയിടങ്ങളില്‍ കുടുങ്ങി പോയ മലയാളി തൊഴിലാളികളുടെ ജീവിതം നരകതുല്യം. മതിയായ ഭക്ഷണമോ വൈദ്യസഹായമോ ലഭിക്കാതെ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണ് മലയാളി തൊഴിലാളികള്‍. തങ്ങളെ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മലയാളികള്‍ കോവിഡ് 19 രോഗം പടര്‍ത്തുന്നവരാണെന്ന തെറ്റിദ്ധാരണ കര്‍ണാടകയിലെ ഗ്രാമവാസികളില്‍ പരക്കെയുള്ളതിനാല്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് വയനാട് കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം പുത്തന്‍പുരയില്‍ പൗലോസ് (63) ചൂണ്ടിക്കാട്ടുന്നു. ഇദേഹം കര്‍ണാടക നഞ്ചന്‍കോഡ് താലൂക്കിലെ ഹാന്‍ഡ്‌പോസ്റ്റിനടുത്ത് ഉമറഹള്ളി ചന്ദ്രപാടി ബസാപുരക്കടുത്തുള്ള ഇഞ്ചിപാടത്താണ് കുടുങ്ങിയിരിക്കുന്നത്. ബന്ധുവിന് കര്‍ണാടകയില്‍ ഇഞ്ചികൃഷിയുണ്ട്. അവിടുത്തെ സഹായിയാണ് പൗലോസ്. 59വയസുള്ള കമ്പളക്കാട് പറളിക്കുന്ന് കണ്ണമ്പള്ളി ജോയി( 59)യും ഇതേ സ്ഥലത്തെ തൊഴിലാളിയാണ്. കര്‍ണാടകയിലെ പാടത്ത് വച്ച് കാട്ടുപന്നി ആക്രമിച്ചപ്പോള്‍ ഓടിരക്ഷപെടുന്നതിനിടയില്‍ വീണ് കാലിന് പരിക്കേറ്റ പൗലോസ് അവശനാണ്. നടുവേദനക്കു പുറമെ ചെവിക്ക് ബാലന്‍സിംഗ് പ്രശ്‌നവുമുണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടില്‍ വന്നാണ് മരുന്ന് വാങ്ങിയിരുന്നത്. ലോക്ഡൗണ്‍ കാരണം മരുന്ന് മുടങ്ങി. കര്‍ണാടകയില്‍ തന്നേപോലെ കുടുങ്ങിപോയ നിരവധി മലയാളികളുണ്ടെന്ന് പൗലോസ് പറഞ്ഞു. പുറത്തിറങ്ങരുതെന്ന് ഊരുതലവനും പോലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍മൂലം വൈദ്യസഹായം തേടാന്‍ പോലും മാര്‍ഗമില്ലെന്ന് പൗലോസ് ചൂണ്ടിക്കാട്ടുന്നു. മലയാളികളാണ് കോവിഡ് പരത്തിയതെന്ന തെറ്റിദ്ധാരണ മൂലം കര്‍ണാടകയിലെ കുറേയേറെ ആളുകള്‍ മലയാളികളോട് ശത്രുതാപരമായാണ് പെരുമാറുന്നത്. നഞ്ചന്‍കോഡ്, എച്ച്.ഡി. കോട്ട താലൂക്കുകളുടെ പരിധിയില്‍ വരുന്ന ഉമറഹള്ളി, ഉള്ളഹള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലെ മലയാളികളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.  പുറത്തിറങ്ങിയാല്‍ പോലീസ് അടിച്ചോടിക്കും. കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നാല്‍ മലയാളികളെ ആട്ടിയോടിക്കുകയാണ്.
കുടിവെള്ള ക്ഷാമവുമുണ്ട്. നാട്ടില്‍ വന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ തയാറാണ്. തങ്ങളെ നാട്ടിലെത്തിക്കാന്‍ വയനാട് ജില്ലാ ഭരണകൂടം മൈസൂര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നാണ് പൗലോസിനെ പോലെ ദുരിതമനുഭവിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *