May 7, 2024

ജില്ലക്ക് പുറത്തുള്ള വയനാട്ടുകാരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണം: ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ.

0
 
കല്‍പ്പറ്റ: വിവിധ ജില്ലകളിലും, അന്യസംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളിലും കുടുങ്ങിപോയ വയനാട്ടുകാരെ നിയമങ്ങളും മാനദണ്ഡങ്ങളുമനുസരിച്ച് ജില്ലയിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കുട്ടികള്‍, സ്ത്രീകള്‍, വിവിധ രോഗങ്ങളാല്‍ വീര്‍പ്പുമുട്ടി കഴിയുന്ന മുതിര്‍ന്നവരടക്കമുള്ള നിരവധിയാളുകളാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം പലയിടത്തായി കഴിഞ്ഞുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷികമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത വിധം ദുരിതത്തിലാണ്. ഈ സാഹചര്യത്തില്‍ ലോണിന്റെ പേരില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ജപ്തി നോട്ടീസ് അയക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ തയ്യാറാവണം. വ്യാപാരികള്‍, കര്‍ഷകര്‍, കര്‍ഷകതൊഴിലാളികള്‍ എന്നിങ്ങനെയുള്ളവര്‍ ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ ഭാഗങ്ങളില്‍ നിന്നുള്ള അനാവശ്യ നടപടികള്‍ അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തില്‍ നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും സാധാരണക്കാരെ കേസെടുത്ത് പീഡിപ്പിക്കുന്ന സമീപനം നിര്‍ത്തണം. മരുന്നുവാങ്ങുന്നതിനും, ബാങ്കുകളിലും മറ്റും പോകുന്നവരെ പ്രാദേശികതലത്തില്‍ പൊലീസ് കേസെടുക്കുന്നത് പതിവായിട്ടുണ്ട്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ മെറിറ്റ് പരിശോധിക്കാന്‍ ജില്ലാഭരണകൂടവും, ജില്ലാ പൊലീസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമവും കള്ളക്കേസും അവസാനിക്കാന്‍ തയ്യാറാകണം. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജപരാതി നല്‍കുന്നവര്‍ക്കെതിരെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറാവേണ്ടത്. റേഷന്‍കടകളില്‍ ഒരുക്കിവെച്ച കിറ്റ് നല്‍കാത്തതിനാല്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുത്ത നടപടി പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാടിന്റെ ആരോഗ്യമേഖലയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നിലനില്‍ക്കുകയാണ്. മെഡിക്കല്‍ കോളജടക്കം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും, ജില്ലാഭരണകൂടവും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും, ഉദ്യോസ്ഥരും ഒരുമിച്ച് മൂന്നോട്ടുപോകുമ്പോള്‍ ജില്ലയില്‍ രഹസ്യമായി ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വിഷയം സര്‍ക്കാര്‍ അടിയന്തരമായി പുനപരിശോധിക്കണം. സ്‌കൂളുകള്‍ തുറക്കാറായ സാഹചര്യത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *