തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് നിവേദനം.
*തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി അവർകളുടെ സമക്ഷത്തിലേക്ക്,
സർ,
കോവിഡ് പ്രതിസന്ധി മൂലം രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും ഹോട്ടലുകളും തുടങ്ങി നാടു മുഴുവൻ തന്നെ അടച്ചിട്ട് കൊണ്ട്, വീടുകളിൽ ഇരുന്നുകൊണ്ട് സർക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട്, ജാഗ്രതയോടെ നാം കാണിച്ച മാതൃക ലോകമെമ്പാടും വാഴ്ത്തപ്പെടുമ്പോൾ തീർച്ചയായും അതു നമ്മുടെ സർക്കാറിന്റെ വലിയൊരു വിജയം തന്നെയാണെന്ന് മനസ്സിലാക്കുന്നു. ഈയവസരത്തിൽ കൊറോണയെന്ന മഹാമാരിയെ തുരത്തുന്നതിൽ നമ്മുടെ ശ്രമകരമായ മുന്നേറ്റം കാരണം ഇന്നു നമുക്ക് സംസ്ഥാനത്തിനകത്ത് ഒരുപാടിളവുകളോടെ, എന്നാൽ ജാഗ്രതയോടെ യഥേഷ്ടം സഞ്ചരിക്കാൻ സാധിക്കുന്നു. ഇളവുകളെ തുടർന്ന് കടകളും, മാർക്കറ്റുകളും, ബസ്സ് സർവ്വീസുകളും, ട്രയിൻ സർവ്വീസുകളും, തുടങ്ങി ഒട്ടുമിക്ക മേഖലകളും പ്രവർത്തനങ്ങൾ പുനരാരംഭിച്ച ഈ സാഹചര്യത്തിൽ, വളരെ പ്രധാനമെന്നു തോന്നിയ ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ഈ നിവേദനം സമർപ്പിക്കുന്നത്.
ഭൂരിഭാഗം ജനങ്ങളും ഇന്ന് തെരുവിലിറങ്ങി അവരവരുടെ തൊഴിലുകളിലേർപ്പെടുമ്പോൾ നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടഞ്ഞുകിടക്കുകയാണ്. പഠനം പൂർത്തിയാക്കി സമൂഹത്തിലേക്കിറങ്ങുന്ന നമ്മുടെ മുതിർന്ന കുട്ടികൾ ജോലി ലഭിക്കാതെ അലഞ്ഞുതിരിയേണ്ടി വരുന്ന സാഹചര്യത്തിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസക്തിയാർജ്ജിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുന്ന നമ്മുടെ യുവസമൂഹത്തിന് അനന്തമായ തൊഴിലവസരങ്ങൾ തുറന്നു കൊടുക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചിടുന്നത് ഈ സാമ്പത്തിക മാന്ദ്യ കാലത്ത് വളരെ വലിയൊരു തിരിച്ചടി തന്നെയായിരിക്കും. കുറഞ്ഞ കാലയളവിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യമാക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം തേടിയെത്തുന്നതും ഏറ്റവും കൂടുതൽ പ്രതിരോധ ശക്തിയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ച യുവാക്കൾ തന്നെയാണെന്ന സത്യവും നാം കാണാതെ പോവരുത്. സാമൂഹിക അകലവും മാസ്ക്കും നിർബന്ധമാക്കപ്പെട്ട ഈ സാഹചര്യത്തിൽ, ഈ യുവതലമുറ ആവശ്യമായ കരുതൽ സ്വീകരിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. വലിയൊരു വിഭാഗം സാധാരണക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന ഈയവസരത്തിൽ തൊഴിലുകൾ സാധ്യമാക്കി കൊടുക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുകയല്ലേ വേണ്ടത്?
സമൂഹത്തിലിറങ്ങി തങ്ങളുടെ കഴിവ് രാജ്യനന്മക്കു വേണ്ടി ഉപയോഗിക്കേണ്ട യുവ തലമുറയെ ഒരു വൈറസിന്റെ പേരിൽ വീടകങ്ങളിൽ അടച്ചിടേണ്ടതുണ്ടോ? ഇലക്ട്രോണിക് ഉപകരണങ്ങളും മെഷീനുകളും ഉപയോഗിച്ച് പഠനം സാധ്യമാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഓൺലൈൻ പഠന സാധ്യതകളുടെ പരിമിധികൾ കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുന്നു. ബാറുകളും, ബ്യൂട്ടി പാർലറുകളും, ബാർബാർ ഷോപ്പുകളും, മാളുകളും, ഹോട്ടലുകളും, തുറന്നുപ്രവർത്തിക്കുന്ന ഈ സാഹചര്യത്തിൽ സമൂഹ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനനുവദിക്കണമെന്ന് അങ്ങയോട് അപേക്ഷിക്കുന്നു. തൊഴിലവസരങ്ങളിലെ പുതിയ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ഇത്തരം സ്ഥാപനങ്ങളെ നമ്മുടെ സ്കൂൾ/ കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്തു കാണരുത് എന്നു കൂടി അപേക്ഷിച്ച് കൊണ്ട്, ഈയൊരു പ്രശ്നത്തിന് ആവശ്യമായ ശ്രദ്ധ കൊടുത്തു കൊണ്ട് അനുകൂലമായ ഒരു നടപടിയെടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Leave a Reply