May 5, 2024

ബി ജെ പിയുടെ കിറ്റ് വിതരണം; ആദിവാസി സമൂഹത്തിന്റെ അവകാശങ്ങളോടുള്ള വെല്ലുവിളി: യു ഡി എഫ്

0
Img 20240425 202749

കല്‍പ്പറ്റ: ബിജെപിയുടെ കിറ്റ് വിതരണം ആദിവാസി സമൂഹത്തിന്റെ നീതിപൂര്‍വവും നിര്‍ഭയത്തോടെയും വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയാണെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അപമാനിക്കാനുള്ള ബി ജെ പിയുടെ നീക്കം ഹീനമായ നടപടിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.

രാജ്യത്തെ ഒരു രാഷ്ട്രീയപാര്‍ട്ടിയും സ്ഥാനാര്‍ഥിയും കേരളത്തില്‍ ഇതുവരെ വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്ത സംഭവമുണ്ടായിട്ടില്ല. ഒരു വിശ്വാസിയുടെ നേര്‍ച്ചയാണെന്നാണ് ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രതികരണം. അതിനര്‍ത്ഥം ഇത്തരമൊരു സംഭവം നടന്നുവെന്ന് സമ്മതിക്കല്‍ കൂടിയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ ഭക്ഷ്യകിറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ല മുഴുവന്‍ നേര്‍ച്ച നടത്താന്‍ ആരാണ് നേതൃത്വം കൊടുത്തതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണം.

നിരോധിത പുകയില ഉല്പന്നങ്ങളും മദ്യവുമെല്ലാം കിറ്റിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇത്തരം സാധനങ്ങള്‍ സമാഹരിച്ച് കോളനിയിലെത്തുന്നത് നീതിപൂര്‍വം നിര്‍ഭയത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള അവരുടെ അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. മാത്രമല്ല, അതീവ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ഇതില്‍ നടന്നിട്ടുള്ളത്. ഇന്നലെ തൊണ്ടിമുതലടക്കം പൊലീസില്‍ ഏല്‍പ്പിച്ചിട്ടും സമയബന്ധിതമായി കേസ് എടുക്കാന്‍ തയ്യാറാവുന്നില്ല.

കുറ്റക്കാരന്‍ സുരേന്ദ്രനും പൊലീസിനെ നിയന്ത്രിക്കുന്നത് പിണറായി വിജയനും ആയതുകൊണ്ടാണ് ഈ കാലതാമസം. ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിലും, കൊടകര കുഴല്‍പ്പണകേസുമെല്ലാം പോലെ തന്നെ ഇതും കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. സുരേന്ദ്രന്റെ കേസുകളെല്ലാം ആവിയായി പോകുന്ന അതേ സമീപനമാണ് ഇവിടെയും സ്വീകരിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്.

ഈ വിഷയത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറക്കം അതീവഗൗരവതരമാണെന്നും സിദ്ധിഖ് പറഞ്ഞു. കല്‍പ്പറ്റയിലെ കടയില്‍ നിന്ന് മാത്രം മൂവായിരം കിറ്റുകളാണ് കൊണ്ടുപോയത്. മാനന്തവാടി അഞ്ചാംമൈലിലെ ഹൈപ്പര്‍മാര്‍ക്കറ്റ്, ബത്തേരിയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും കിറ്റുകള്‍ കൊണ്ടുപോയിട്ടുണ്ട്. ഈ വിഷയത്തില്‍ ബി ജെ പിക്ക് ബന്ധമില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന ഏറ്റവും വലിയ തമാശയാണ്.

ഓര്‍ഡര്‍ നല്‍കിയതും, വണ്ടി വിളിച്ചതും, സാധനങ്ങള്‍ അതാത് സ്ഥാനത്ത് എത്തിക്കാന്‍ പറഞ്ഞും, കിറ്റുകള്‍ സ്റ്റോക്ക് ചെയ്തതുമെല്ലാം ബി ജെ പിക്കാരാണെന്നും സിദ്ധിഖ് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനാണ് രണ്ട് മുന്നണികളും കിണഞ്ഞു പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഇത്തരം നടപടികള്‍. ബി ജെ പി ഏറ്റവുമധികം പണമൊഴുക്കിയ മണ്ഡലം വയനാടാണ്.

എന്നാല്‍ രാഹുല്‍ഗാന്ധി അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഡി സി സി അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് ജില്ലാകലക്ടര്‍ക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും, തുടര്‍ നടപടികളെന്താണെന്നറിയാന്‍ ജാഗ്രതയോടെ കാത്തിരിക്കുകയാണെന്നും സിദ്ധിഖ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ്ഹാജി, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ വി പോക്കര്‍ഹാജി, പ്രവീണ്‍ തങ്കപ്പന്‍, ഹാരിസ് കണ്ടിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *