May 17, 2024

പനമരം കോട്ട പിടിക്കാന്‍ മുന്നണികളുടെ പോരാട്ടം മുറുകി.

0
1606818154406.jpg

കല്‍പ്പറ്റ:വയനാട് ജില്ലാ പഞ്ചായത്തിലെ വനിതാസംവരണ മണ്ഡലമായ പനമരം കോട്ട  പിടിക്കാൻ  ഇടതു,വലതു മുന്നണികളുടെ  പോരാട്ടം മുറുകി..ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വീകാര്യതയുടെ മാറ്റു തെളിയിക്കാന്‍ ബി.ജെ.പിയും സജീവമാണ് . 
ശ്രദ്ധേയമാണ് ഇക്കുറി പനമരത്തു മത്സരം.വിദ്യാര്‍ഥിനിയെ അമരത്തു നിര്‍ത്തിയാണ് ഡിവിഷന്‍ നിലനിര്‍ത്താന്‍ യു.ഡി.എഫിന്റെ പോരാട്ടം.എംഎസ്എഫ് ഹരിത സംസ്ഥാന പ്രസിഡന്റും തിരുച്ചിറപ്പള്ളി ഭാരതീദാസന്‍ സര്‍വകലാശാലയില്‍ എം.ഫില്‍ വിദ്യാര്‍ഥിനിയുമായ മുഫീദ തെസ്‌നിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.മണ്ഡലം പിടിച്ചെടുക്കാന്‍ പുല്‍പ്പള്ളി പഞ്ചായത്ത്  സിറ്റിംഗ് പ്രസിഡന്റ് ബിന്ദു പ്രകാശിനെയാണ് എല്‍.ഡി.എഫ് തൊടുത്തത്.ബിന്ദുവിന്റെ വരവോടെ ഫൈറ്റ് ടൈറ്റായതിന്റെ ആവേശത്തിലാണ് ഡിവിഷനിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍.


      റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയും മഹിളാമോര്‍ച്ച ജില്ലാ ട്രഷറുമായ കെ.പി. ശാന്തകുമാരിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

       പുല്‍പ്പള്ളി പഞ്ചായത്തിലെ 17,18,19,20 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും(17) ചേരുന്നതാണ് 30,000നടത്തു വോട്ടര്‍മാരുള്ള പനമരം  ഡിവിഷന്‍.2015ലെ തെരഞ്ഞെടുപ്പില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുസ്‌ലിംലീഗിലെ പി.കെ. അസ്മത്തിന്റെ വിജയം.ആനകുത്തിയാലും ഡിവിഷന്‍ മറിയില്ലെന്ന വിശ്വാസത്തിലാണ് മുസ്‌ലിം ലീഗും യു.ഡി.എഫും.എന്നാല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ യു.ഡി.എഫ് ക്യാമ്പില്‍  ചിരി മായുമെന്ന കണക്കൂകൂട്ടലിലാണ് എല്‍.ഡി.എഫ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ 3,024 വോട്ടാണ് ഡിവിഷനില്‍ ബിജെപിക്കു ലഭിച്ചത്.വോട്ടെണ്ണം ഇതിന്റെ ഇരട്ടിയിലും അധികമാക്കുകയാണ് എന്‍.ഡി.എ ലക്ഷ്യം.
ഓരോ വോട്ടും വിലപ്പെട്ടതാണെന്ന തിരിച്ചറിവില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് മൂന്നു മുന്നണികളുടെയും തെരഞ്ഞെടുപ്പു പ്രചാരണം.ഗൃഹസമ്പര്‍ക്കത്തിനു മൂന്നു സ്ഥാനാര്‍ഥികളും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.നവ മാധ്യമങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.അടിസ്ഥാന സൗകര്യ വികസനവും വന്യജീവിശല്യവും ഡിവിഷനില്‍ മുഖ്യ തെരഞ്ഞെടുപ്പുവിഷയങ്ങളാണ്.
പുല്‍പ്പള്ളി വേലിയമ്പം പുത്തന്‍പുരയില്‍ പ്രകാശിന്റെ ഭാര്യയാണ് 42കാരിയായ ബിന്ദു. അതുല്‍ പ്രകാശ്,അതുല്യ പ്രകാശ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.മഹിള അസോസിയേഷന്‍ പുല്‍പ്പള്ളി എരിയ സെക്രട്ടറിയും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമാണ്. 
 പതിറ്റാണ്ടിലധികമായി പൊതുരംഗത്തു സജീവമാണ്.


      മുട്ടില്‍ മണ്ടാട് തയ്യില്‍ ഇസ്മയിലിന്റെ ഭാര്യയാണ് 26കാരിയായ മുഫീദ.പുല്‍പ്പള്ളി പഴശിരാജാ കോളജില്‍ ബിരുദത്തിനു പഠിക്കുമ്പോഴാണ് എംഎസ്എഫിലൂടെ പൊതുരംഗത്തു എത്തിയത്.2017ല്‍ ഹരിതയുടെ വയനാട് ജില്ലാ സെക്രട്ടറിയും 2019ല്‍ സംസ്ഥാന പ്രസിഡന്റുമായി.കാലിക്കട്ട് സര്‍വകലാശാലയില്‍നിന്നു വിമന്‍സ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം നേടിയ  മുഫീദയ്ക്കു  ഉപരിപഠനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായാണ് ജനവിധി തേടാനുള്ള നിയോഗം ലഭിച്ചത്.

      പനമരം എരനെല്ലൂര്‍ നവനീതം വിജയരാജന്റെ ഭാര്യയാണ് 62കാരിയായ ശാന്തകുമാരി.സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിഞ്ഞതിനുശേഷമാണ് മഹിളാമോര്‍ച്ചയിലൂടെ   പൊതുരംഗത്തു എത്തിയത്. തൊഴില്‍ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി സേവനം ചെയ്തിട്ടുണ്ട്.മകന്‍ ജിതില്‍രാജും അടങ്ങുന്നതാണ് കുടുംബം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *