തങ്കമ്മ എന്ന മമ്മിയും വില്ലീസ് ജീപ്പും ഇനി വയനാടിൻ്റെ ചരിത്ര സ്മൃതി
കൽപ്പറ്റ: തിരുനെല്ലിയിലെ ആദിവാസികൾ മുതൽ നാട്ടുകാർക്കു വരെ മമ്മിയായിരുന്ന സാമൂഹ്യ പ്രവർത്തക തങ്കമ്മ ജേക്കബ് ഓർമ്മയായി.
യാത്രയ്ക്ക് കാളവണ്ടി ഉപയോഗിച്ചിരുന്ന കാലത്ത്, 1954ൽ 28 വയസ്സിൽ മിലിട്ടറി ഗ്രീൻ വില്ലീസ് ജീപ്പുമായി തലശ്ശേരിയിൽ നിന്ന് വയനാട്ടിലേക്ക് ആദ്യമായി ഡ്രൈവ് ചെയ്തെത്തിയ വനിതയെന്ന പെരുമ ഇവർക്ക് സ്വന്തം. കെ.എൽ.സി 462 എന്ന 1942 രജിസ്ട്രേഷനിലുളള ജീപ്പ് ദുർഘട വനപാതയിലൂടെ മണിക്കൂറുകൾ എടുത്ത് ചുരം കയറി വയനാട്ടിലേക്കെത്തുകയായിരുന്നു. ഒരു യുവതി ജീപ്പോടിച്ച് വരുന്നത് ആളുകൾ ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു വഴിനീളെ. പനവല്ലിയിലെ റസ്സൽ എസ്‌റ്റേറ്റ് ഉടമയായിരുന്ന മാനന്തവാടി അയിരൂർ വില്ലയിൽ എം.ജെ ജേക്കബുമായുള്ള തങ്കമ്മയുടെ വിവാഹം പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെയാണ്. കായങ്കുളം കാറ്റാണത്തെ റവ. കെ.എം. ഫിലിപ്പോസിന്റെ മകളാണ് തങ്കമ്മ. മാർത്തോമ്മ സഭയുടെ വലിയ മൊത്രാപ്പൊലീത്ത ഐരൂർ കുരുടാമണ്ണിൽ മാർ ക്രിസോസ്റ്റത്തിന്റെ ബന്ധുവാണ് ജേക്കബ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ആ വിവാഹം. വൈകാതെ ഇരുവരും മലേഷ്യയിലേക്ക് തിരിച്ചു. എട്ടു ദിവസമെടുത്ത യാത്ര. ജേക്കബ് അവിടെ യൂറോപ്യൻ എസ്റ്റേറ്റിൽ അക്കൗണ്ടന്റായി. ഇന്ത്യയും മലേഷ്യയും ബ്രിട്ടീഷ് കോളനികളായിരുന്ന കാലം. അവിടെ യൂറോപ്യന്മാരുമായി അടുത്ത് ഇടപഴകി. അങ്ങനെ ഡ്രൈവിംഗ് പഠിച്ചു. മലേഷ്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് 1957 ആഗസ്റ്റ് 31നാണ്. കുറച്ച് കാലം കൂടി അവിടെ തുടർന്ന ശേഷം ഇവർ മലേഷ്യ വിട്ടു. തിരുനെല്ലി പനവല്ലിയിൽ എസ്റ്റേറ്റ് വിൽപ്പനയ്ക്കുണ്ടെന്ന് അറിഞ്ഞാണ് ഇവർ വയനാട്ടിലെത്തുന്നത്. യൂറോപ്യന്മാരിൽ നിന്ന് വാങ്ങിയ 860 ഏക്കർ ഭൂമിയ്ക്ക് റസൽ എസ്റ്റേറ്റ് എന്ന് പേരിട്ടു. കാപ്പിയും കുരുമുളകും ഒാറഞ്ചും എല്ലാം തഴച്ച് വളർന്നിരുന്നു. വനമദ്ധ്യത്തിലെ എസ്റ്റേറ്റിൽ മരം കൊണ്ട് തന്നെ മലേഷ്യയിൽ മാതൃകയിൽ അതിമനോഹരമായി ഒരു വില്ല പണിതു. ചുറ്റും വന്യമൃഗങ്ങൾ. ഡബിൾ ബാരൽ ഗൺ ഉപയാേഗിക്കാൻ ഇവർക്ക് ലൈസൻസുണ്ടായിരുന്നു.
ആദിവാസികൾ തങ്കമ്മയ്ക്ക് എപ്പോഴും കൂട്ടായുണ്ടായിരുന്നു. തിരുനെല്ലിയിലെ ആദിവാസി കുട്ടികളെ സ്കൂളിൽ ചേർക്കാൻ ഇവർ വഹിച്ച പങ്ക് ചെറുതല്ല. നക്സലൈറ്റ് നേതാവ് അജിതയെ തിരുനെല്ലി വനത്തിൽ വച്ച് പിടി കൂടിയപ്പോൾ ബി.ഡി.ഒ യുടെ നേതൃത്വത്തിലുളള സംഘത്തിൽ തങ്കമ്മ ജേക്കബുമുണ്ടായിരുന്നു. അജിതയോട് സംസാരിക്കാനും ഇവർക്ക് കഴിഞ്ഞു.
അക്കാലത്ത് പനവല്ലി പുഴയ്ക്ക് പാലമില്ല. കൂറ്റൻ മരങ്ങൾ പുഴയ്ക്ക് കുറകെയിട്ട് അതിലൂടെയാണ് തങ്കമ്മ ജീപ്പോടിച്ചിരുന്നത്. മാനന്തവാടി എരുമത്തെരുവിൽ മലേഷ്യൻ മാതൃകയിൽ തന്നെ തീർത്ത വില്ലയിലായിരുന്നു പിന്നീട് തങ്കമ്മയും കുടുംബവും താമസവും.തങ്കമ്മയുടെ ഭർത്താവ് ജേക്കബ് ഫാദർ മത്തായി നൂറനാലുമായി ചേർന്നാണ് 1965-ൽ വയനാട്ടിലെ ആദ്യത്തെ കോളേജായ സുൽത്താൻ ബത്തേരിയിലെ സെന്റ് മേരീസ് കോളേജ് സ്ഥാപിക്കുന്നത്.
Leave a Reply