ജില്ലയുടെ വികസന മുരടിപ്പിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ: വയനാട് ജില്ല രൂപികരിച്ച് നാല് ദശകങ്ങൾ കഴിഞ്ഞിട്ടും ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഇരുമുന്നണികൾക്കുമായില്ലന്ന് ബിജെപി നേതാക്കൾ കൽപ്പറ്റയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. മുന്നണികൾ വയനാടിനെ അവഗണിക്കുകയാണ്. റവന്യൂ വരുമാനത്തിൽ മത്രമാണ് ഇവരുടെ കണ്ണ്. ഇവർ ജില്ലയെ പിന്നാക്ക ജില്ലയായി തന്നെ നിലനിർത്തുകയാണ്. വികസനം ആഗ്രഹിക്കുന്ന ജില്ല എന്ന നിലക്കാണ് ബിജെപിയും കേന്ദ്രസർക്കാരും വയനാടിനെ കാണുന്നത്. അതു കൊണ്ടാണ് ആസ്പിരേഷൻ ജില്ലയായി വയനാടിനെ പരിഗണിച്ചത്. ഇത് എങ്ങനെ അട്ടിമറിക്കാം എന്ന ഗവേഷണത്തിലാണ് ഇടത് വലത് മുന്നണികൾ. വയനാട് എംപി ആകട്ടെ വയനാട്ടിലെ വിരുന്നുകാരനും. വയനാടിന്റെ വികസനകാര്യത്തിൽ ചെറുവിരൽ അനക്കാൻ രാഹുൽ ഗാന്ധി എംപിക്ക് ഇതുവരെ ആയിട്ടില്ല. രാഹുലിന് കൂട്ട് പിണറായി ആണ്. സംസ്ഥാന സർക്കാറിന്റെ വികസന വിരോധ കാഴ്ച്ചപാടിനെതിരെയും. എംപിയുടെ അവഗണനക്കെതിരെയും ബിജെപി സമരമുഖം തന്നെ തുറക്കുകയാണ്. നാളെ മുതൽ 21 വരെ ആദ്യഘട്ട സമരം നടക്കും. ഇന്ന് പടിഞ്ഞാറത്തറയിൽ സമരത്തിന് തുടക്കം കുറിക്കും. മെഡിക്കൽ കോളജ് വിഷയം, രാത്രി യാത്ര നിരോധനം, ബഫർ സോണുകൾ, ബദൽപാത, റെയിൽവേ, വന്യജിവി സംഘർഷം, കാർഷിക മേഖലയിലെ വിലതകർച്ച, ആദിവാസികളുടെ നിലനിൽപ്പിനായുള്ള പോരാട്ടം, തൊഴിലില്ലായ്മ തുടങ്ങിയ വയനാട്ടുകാരുടെ ജീവിത പ്രശ്‌നങ്ങൾ സമര മുഖങ്ങളിൽ എത്തിക്കും. ജില്ലയെ മുന്നണികൾ പിന്നോട്ട് അടിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ചില സംഘടനകൾ വയനാടിനെ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഒരു ആവശ്യം ഉയർന്നാൽ ബിജെപി അവർക്കൊപ്പം നിലകൊള്ളുമെന്നും നേതാക്കൾ പറഞ്ഞു. ജനകീയ വിഷയങ്ങളിൽ ഇരുമുന്നണികളും വേണ്ടത്ര ആർജവം കാണിക്കുന്നില്ല. ബാനർ സ്ഥാപിച്ച് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കാനാകില്ല. മടക്കിമലയിൽ തന്നെ മെഡിക്കൽ കോളജ് വേണമെന്നാണ് ബിജെപിയുടെ കാഴ്ച്ചപാടെന്നും അവർ പറഞ്ഞു. അവസാനം കോടികൾ മുടക്കി നടത്തിയ ഹെലിബോൺ സർവ്വേയും തട്ടിപ്പാണ് എന്നും നേതാക്കൾ പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി.മധു, ജില്ലാ ജനറൽ സെക്രട്ടറി കെ.മോഹൻദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply