May 5, 2024

കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി

0
Img 20211215 191941.jpg
     

കൽപ്പറ്റ:  വയനാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.എം സെല്‍ അഡൈ്വസര്‍ ഡോ.പി. രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് വി. കുല്‍ക്കര്‍ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയത്. കലക്ടറേറ്റ് മിനികോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
ജില്ലയിലെ ആക്ടീവ് കേസുകള്‍, മരണം, ടെസ്റ്റിങ്, സമ്പര്‍ക്ക പരിശോധനാരീതി, കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍, ആശുപത്രി സജ്ജീകരണങ്ങള്‍, വാക്‌സിനേഷന്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സംഘം പരിശോധിക്കുകയും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ജില്ലാ കലക്ടറെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുകയും ചെയ്തു. ആദിവാസി കോളനികളില്‍ പ്രത്യേക കരുതല്‍ ഉണ്ടാവണമെന്നും ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങളില്‍ ജാഗ്രത വേണമെന്നും സംഘം നിര്‍ദ്ദേശിച്ചു.
ജില്ലയിലെ കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം പ്രത്യേകം പരിശോധിച്ചു. ഡിസംബര്‍ 13 വരെ 18 വയസ്സിന് മുകളിലുള്ള 101.65 ശതമാനം (ഇതര ജില്ലകളില്‍ നിന്നെത്തിയ ആളുകള്‍ കൂടി വാക്സിന്‍ സ്വീകരിച്ചതോടെ 100 ശതമാനത്തിന് മുകളിലായി) ആദ്യ ഡോസ് വാക്സിനെടുത്തിട്ടുണ്ട്. 83.91 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 100 ശതമാനം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും ഇരു ഡോസ് വാക്സിനും സ്വീകരിച്ചു. ആദിവാസി മേഖലയില്‍ 98.81 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 78.29 ശതമാനമാണ്. ഇതര സംസ്ഥാന തൊളിലാളികളില്‍ 78 ശതമാനം പേര്‍ ആദ്യ ഡോസും 44 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. പ്രായമായവരില്‍ 99.45 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്സിനെടുത്തു. രണ്ടാം ഡോസ് എടുത്തവരുടെ ശതമാനക്കണക്ക് 98.10 ആണ്. കിടപ്പിലായ രോഗികളില്‍ 99.4 ശതമാനം ആദ്യ ഡോസും 85 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആന്‍സി മേരി ജേക്കബ്, ഡോ. പ്രിയ സേനന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. പി. ദിനീഷ്, ഐ.ഡി.എസ്.പി മെഡിക്കല്‍ ഓഫീസര്‍ ഡോ. നന്ദുകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം സംഘം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡി.എം.ഒ, ഡി.പി.എം തുടങ്ങിയവര്‍ അനുഗമിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *