May 8, 2024

വനിതകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാന്‍ പത്തിലധികം വായ്പകളുമായി കേരള ബാങ്ക

0
Img 20220310 Wa0028.jpg

കോഴിക്കോട്: കേരളത്തിലെ സ്ത്രീകളുടെ തൊഴിലവസരവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത വനിതകളിലൂടെ ഉറപ്പാക്കുന്നതിനുമായി കേരള ബാങ്ക് ആവിഷ്‌കരിച്ച പത്തിലധികം വായ്പകളുടെ വിതരണവുമായി ബന്ധപ്പെട്ട് കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെയും സി.പി.സിയുടേയും നേതൃത്വത്തില്‍ ജില്ലയിലെ വനിതാ സഹകരണ സംഘങ്ങളുടെ ഏകദിന ശില്‍പ്പശാല നടത്തി. വനിതാ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഒറ്റക്കോ ഗ്രൂപ്പുകളായോ സ്വയം തൊഴില്‍  കണ്ടെത്താനും സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി മഹിളാ ശക്തി സ്വയം തൊഴില്‍ സഹായ വായ്പാ പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുന്നത്. ഫുഡ് കാറ്ററിംഗ് ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന അന്നപൂര്‍ണ്ണ വായ്പ, ബിസിനസ് ആവശ്യങ്ങള്‍ക്ക് 5 ലക്ഷം വരെ നല്‍കുന്ന ബിസിനസ്സ് വനിതാ വായ്പ, ബ്യൂട്ടിപാര്‍ലര്‍, തയ്യല്‍ തുടങ്ങി ചെറുകിട സംരംഭങ്ങള്‍ക്ക് 2 ലക്ഷം വരെ നല്‍കുന്ന വനിതാ മുദ്രാ വായ്പ, സര്‍ക്കാര്‍ സംരംഭങ്ങളുടെ ഭാഗമായുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ 50 ശതമാനംവരെ അനുവദിക്കുന്ന വനിതാ വികസനവായ്പ, 45000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് 1 ലക്ഷം രൂപ ലഭിക്കുന്ന ഉദ്യോഗിനി വായ്പ, ഗ്രാമീണ വനിതകള്‍ക്ക് ലഭിക്കുന്ന 50000 രൂപയുടെ വനിതാ ശക്തികേന്ദ്ര പദ്ധതി തുടങ്ങിയവയാണ് പ്രധാനപ്പെട്ട മഹിള ശക്തി വായ്പകള്‍.
കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എന്‍.സി.ഡി.സി എക്‌സലന്‍സ് അവാര്‍ഡ് നേടിയ ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തെയും സഹകരണ വകുപ്പിന്റെ വനിതാദിന അവാര്‍ഡ് നേടിയ കാരശ്ശേരി വനിതാ സഹകരണ സംഘത്തെയും ചടങ്ങില്‍ ആദരിച്ചു. ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷതവഹിച്ചു. ഡി.ജി.എം കെ എം റീന, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോസ്‌ന ജോസ്, മാനേജര്‍ ടി കെ ജീഷ്മ, പി.ഡി.സി റിസോഴ്‌സ് പേഴ്‌സണ്‍ സി കെ വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു. ഡി.ജി.എം പി ബാലഗോപാലന്‍ സ്വാഗതവും മാനേജര്‍ എം വി ധര്‍മ്മജന്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *