ജില്ലക്ക് ഉണര്‍വേകി വനിതാ സംരംഭകര്‍
ബത്തേരി:സംരംഭക ജില്ലക്ക് ഉണര്‍വേകി ജില്ലയിലെ വനിതാ സംരംഭകര്‍ .2022-23 സംരംഭക വര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിച്ച 3,950 സംരംഭങ്ങളില്‍ 1229 എണ്ണം വനിതകളുടേതാണ്. ആകെ സംരംഭകരുടെ 31 ശതമാനമാണിത്. 39.56 കോടി രൂപ മുതല്‍ മുടക്കിലാണ് സംരഭങ്ങള്‍ ആരംഭിച്ചത്. 2022-23 സംരംഭക വര്‍ഷത്തില്‍ നൂറ് ശതമാനത്തിലധികം സംരംഭങ്ങള്‍ തുടങ്ങി സംസ്ഥാനത്ത് വയനാട് ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. 236.58 കോടി രൂപയുടെ നിക്ഷേപവും 8,234 തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് സാധിച്ചു. 3 വര്‍ഷം കൊണ്ട് 10 കോടി ടേണ്‍ ഓവറുള്ള വ്യവസായ സംരംഭങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിന് വ്യവസായ വകുപ്പ് ആരംഭിച്ച മിഷന്‍ 1000ല്‍ ജില്ലയില്‍ നിന്നും 8 വ്യവസായ സംരംഭങ്ങളെയാണ് തെരഞ്ഞെടുത്തത്. ഇതില്‍ 3 പേര്‍ വനിതാ സംരംഭകരാണ്. തരുവണ പാലിയാണയില്‍ പ്രവര്‍ത്തിക്കുന്ന സീന വുഡ് ഇന്‍ഡസ്ട്രീസ്, ചക്കയുടെ വിവിധ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധ നേടിയ നടവയലില്‍ ജെയ്മിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് ഇന്‍ഡസ്ട്രീസ്, പാലുത്പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ വേറിട്ട പാത സൃഷ്ടിച്ച് ഒഴക്കോടിയില്‍ ലില്ലിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലില്ലി ഫാം പ്രൊഡക്ട്‌സ് എന്നീ വനിതാ സംരംഭങ്ങളാണ് മിഷന്‍ 1000 ത്തില്‍ ജില്ലയില്‍ നിന്നും ഇടം നേടിയത്. ഇതില്‍ പാലിയാണയില്‍ പ്രവര്‍ത്തിക്കുന്ന സീന വുഡ് ഇന്‍ഡസ്ട്രീസിന് ജില്ലയിലെ മികച്ച വനിതാ സംരംഭത്തിനുള്ള പുരസ്‌ക്കാരവും ലഭിച്ചു. വര്‍ഷങ്ങളായി തരുവണ പാലിയാണയില്‍ സന്ധ്യയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭമാണ് സീന വുഡ് ഇന്‍ഡസ്ട്രീസ്.
ഫുഡ് സെക്ടര്‍, റെഡിമെയ്ഡ്‌സ്, ഗാര്‍മെന്‍സ്, കരകൗശലം, ആയൂര്‍വേദം തുടങ്ങിയ സംരംഭ മേഖലകളില്‍ ആധിപത്യം വനിതകളാണ്. കൂടാതെ വയനാട്ടിലെ ഏക കൈത്തറി നെയ്ത് ശാലയായ തൃശിലേരിയിലെ നെയ്ത്ത് ഗ്രാമത്തില്‍ 95 ശതമാനം നെയ്ത്ത് കലാകാരന്മാര്‍ വനിതകളാണ്. 450 വനിതകളടങ്ങുന്ന ഒരു എഫ്.പി.ഒ തന്നെ കോട്ടത്തറ പഞ്ചായത്ത് പ്രദേശം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതും ശ്രദ്ധേയമാണ്. ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍, ബാങ്കുകള്‍ എന്നിവ വിവിധ ഘട്ടങ്ങളില്‍ വനിതാ സംരംഭങ്ങള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനും സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനും സഹായിച്ചിട്ടുണ്ട്. അനുദിനം വളരുന്ന ജില്ലയിലെ വ്യവസായ മേഖലക്ക് താങ്ങും ഊര്‍ജവുമാകുകയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംരംഭങ്ങള്‍.
Leave a Reply