April 28, 2024

ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായുള്ള അതിജീവനം പദ്ധതി ഉദ്ഘാടനം നാളെ

0
Img 20171118 125158
കല്‍പ്പറ്റ: ജില്ലയില്‍ വിവാഹം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം അയ്യായിരം. 2016-17 വര്‍ഷം ജില്ലയിലെ അംഗന്‍വാടി വര്‍ക്കര്‍മാര്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഇവരുടെ എണ്ണം കണ്ടെത്തിയത്. വിവാഹാനന്തരം ഉപേക്ഷിക്കപ്പെട്ട യുവതികള്‍ക്ക് ജീവനോപാതികള്‍ നല്‍കാനായി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്.  18നും 45നും മധ്യേപ്രായമുള്ള 1102 പേര്‍ നിര്‍ധനരായ-ദരിദ്ര വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നും സര്‍വ്വേയില്‍ കണ്ടെത്തുകയുണ്ടായി. ഇവര്‍ക്കായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിജീവനം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകളിലാണ് സര്‍വ്വേ നടത്തിയത്. മുനിസിപ്പാലിറ്റിലികളിലും കണക്കെടുത്താല്‍ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും.
 അതിജീവനം പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 1102 പേരില്‍ കൂടുതല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തിരുനെല്ലി പഞ്ചായത്തിലാണ്. ഇവിടെ 130 പേരാണ് വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവരായുള്ളത്. വെള്ളമുണ്ട പഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്. ഇവിടെ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം 112ആണ്. തൊണ്ടര്‍നാട് പഞ്ചായത്താണ് മൂന്നാമത്. 99 പേരാണ് ഇവിടെ ഉപേക്ഷിക്കപ്പെട്ടവരായി അതിജീവനം പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തവിഞ്ഞാല്‍ 87, എടവക 54, പനമരം 59, കണിയാമ്പറ്റ 52, മുള്ളന്‍കൊല്ലി 20, പുല്‍പ്പള്ളി 30, പൂതാടി 49, പടിഞ്ഞാറത്തറ 21, വെങ്ങപ്പള്ളി 28, കോട്ടത്തറ 39,  മുട്ടില്‍ 39, മേപ്പാടി 34, മൂപ്പൈനാട് 24, തരിയോട് 13, പൊഴുതന 27, വൈത്തിരി 28, നൂല്‍പ്പുഴ 31, മീനങ്ങാടി 41, നെന്മേനി 50 അമ്പലവയല്‍ 35 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളില്‍ അതിജീവനം നിര്‍ധന വിഭാഗങ്ങളില്‍പ്പെട്ട 18നും, 45നുമിടയിലെ നിര്‍ധന വിഭാഗങ്ങളില്‍പ്പെട്ട വിവാഹം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ടവരുടെ കണക്ക്. പദ്ധതിയില്‍ ഉള്‍പ്പെടാത്തവരുടെ എണ്ണം കൂട്ടിയാല്‍ ഉപേക്ഷിക്കപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കും.
 നിര്‍ധനരെന്ന് കണ്ടെത്തിയ 1102 യുവതികള്‍ക്ക് ജീവനോപാതി കണ്ടെത്തുന്നതിനായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അതിജീവനം പദ്ധതി നടപ്പാക്കന്നത്. സര്‍വ്വെയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളുടെ ഗ്രൂപ്പുകള്‍ പഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ചാണ് പരിശീലനം നല്‍കുക. തൊഴില്‍ പരിശീലനം നല്‍കിയ  ശേഷം വിവിധ തൊഴില്‍ മാര്‍ഗ്ഗങ്ങള്‍ക്കായി സാമ്പത്തിക സഹായവും നല്‍കും.  അതിജീവനം  പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം 20ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ കലക്ടര്‍ എസ് സുഹാസ്, ജില്ലാ പൊലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സി രാജപ്പന്‍, സുനിത്ത് കെ.പി, അന്‍വര്‍സാദിഖ് എം എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *