May 5, 2024

പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ മുറിക്കാൻ അനുമതി വേണം: സംയുക്ത കർഷക സമരസമിതി

0
Img 20171127 121511 1
കൽപ്പറ്റ: വയനാട് ജില്ലയിലെ റവന്യു പട്ടയഭൂമിയിലെ വളർച്ച മുരടിച്ചതും വീണ് നശിച്ചു കൊണ്ടിരിക്കുന്നതുമായ വീട്ടിമരങ്ങൾ ന്യായമായ വില നിശ്ചയിച്ച്  കർഷകർക്ക് വിട്ടുനൽകണമെന്ന് സംയുക്ത കർഷക സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

 റവന്യു പട്ടയ ഭൂമിയിലെ വീട്ടിമരങ്ങൾ മുറിക്കാൻ അനുമതി ആവശ്യപ്പെട്ട്  നവംബർ 30-ന് വയനാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഇവർ പറഞ്ഞു. തുടർന്ന് നടക്കുന്ന ധർണ്ണ സി.കെ.ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 
   വയനാട്ടിലെ വിവിധ പഞ്ചായത്തുകളിലായി  പന്ത്രണ്ടായിരത്തോളം ഏക്കർ പട്ടയഭൂമിയിൽ വീട്ടിമരങ്ങൾ ഉണ്ട്. ഇതിൽ ഭൂരിഭാഗവും ചെറുകിട നാമമാത്ര കർഷകരുടെ കൃഷിഭൂമിയാണ്.  1960-ലെ ലാൻഡ് അസൈൻമെന്റ് നിയമ പ്രകാരം ഇത്തരത്തിലുള്ള വസ്തുവിന് മര വിലയും സ്ഥലവിലയും ഈടാക്കി  കൃഷികാർക്ക് പട്ടയം അനുവദിച്ചപ്പോൾ സ്ഥലത്തുള്ള വീട്ടിമരങ്ങൾ റിസർവ്വ് ചെയ്താണ് പട്ടയം നൽകിയത്. അതിനാൽ കൃഷിക്കാരന് മരം മുറിക്കാൻ കഴിയില്ല. വീടുകൾക്കും വിളകൾക്കും ഭീഷണിയാവുന്ന തരത്തിലാണ് ഈ മരങ്ങൾ. പലതും കാലപ്പഴക്കം കൊണ്ട് വീണ് നശിക്കുന്ന അവസ്ഥയിലാണ്. കുറച്ച് സ്ഥലം മാത്രമുള്ളവർക്കും മരങ്ങൾ മുറിക്കാത്തതിനാൽ വീട് നിർമിക്കാൻ കഴിയുന്നില്ല.  
    ജന്മഭൂമിയിലെ കർഷകർക്ക് മരങ്ങളുടെ മേൽ അവകാശവും സ്വാതന്ത്ര്യവും അനുവദിക്കുമ്പോൾ  നിയമപ്രകാരം സർക്കാരിൽ ഫീസടച്ച്  പട്ടയം നേടിയ കർഷകരോട് സർക്കാർ നടത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 
     വിലക്കുറവും വിളനാശവും മൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് ആശ്വാസമാകുന്ന തരത്തിൽ  ഉപാധികളോടെ മരങ്ങൾ കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് 30-ന് മാർച്ചും ധർണ്ണയും നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ വയനാട് ജില്ലാ റവന്യു പട്ടയഭൂമി കർഷക സംരംക്ഷണ സമിതി പ്രസിഡണ്ട് ടി.എം.ബേബി, സി.കെ.ശിവരാമൻ, ടോമി വടക്കുംഞ്ചേരി , ബാബു പിണ്ടിപ്പുഴ, ബി.രാധാകൃഷ്ണ പിള്ള എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *