May 15, 2024

കരിങ്കൽ ഉൽപന്നങ്ങളുടെ ലഭ്യത: സിമന്റ് അധിഷ്ഠിത വ്യവസായങ്ങൾ പ്രതിസന്ധിയിൽ

0
കൽപ്പറ്റ: ക്വാറികളുടെ പ്രവർത്തനം നിലച്ചതും ചുരംവഴിയുള്ള ചരക്ക് ലോറികളുടെ ഗാതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും സിമന്റ് അധിഷ്ഠിത വ്യവസായങ്ങളെ ദോഷകരമായി ബാധിച്ചെന്ന് സിമന്റ് പ്രൊഡക്ട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ ക്വാറികൾ അടച്ചു പൂട്ടിയതോടെ ഇത്തരത്തിലുള്ള 200 ഓളം സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയടക്കം നിരവധി സർക്കാർ പദ്ധതികൾക്ക് സിമന്റ് കട്ട, ഹോളോബ്രിക്‌സ്, കട്ടിള, ജനൽ തുടങ്ങിയ ഉൽപന്നങ്ങൾ വേണമെന്നിരിക്കെ നിയന്ത്രണങ്ങൾ തുടരുന്നത് പദ്ധതികൾ പൂർത്തീകരിക്കുന്നതിന് കാലതാമസമുണ്ടാക്കും. അസംസ്‌കൃത വസ്തുക്കളായ മെറ്റൽ, പാറപ്പൊടി, ചിപ്‌സ് എന്നിവ ലഭ്യമല്ലാത്തതിനാൽ നിരവധി യൂണിറ്റുകൾ പൂട്ടിക്കഴിഞ്ഞു. അയൽ ജില്ലകളിൽനിന്നും അസംസ്‌കൃത വസ്തുക്കൾ എത്തിച്ച് നിർമാണം തുടർന്നുവെങ്കിലും ചുരം വഴിയുള്ള ചരക്ക് ലോറികളുടെ ഗാതാഗതം തടഞ്ഞതോടെ അതു നിലച്ചിരിക്കുകയാണ്. അന്യജില്ലകളിൽനിന്നും എത്തിക്കുമ്പോൾ വിലയിൽ മൂന്നിരട്ടി വർധനവാണുണ്ടാകുന്നത്. വാറ്റ് നികുതി സബ്രദായത്തിൽ അഞ്ച് ശതമാനം വരെയാണ് നികുതിയുണ്ടായിരുന്നതെങ്കിൽ ജിഎസ്ടി യിൽ 18 ശതമാനമാണ് ഉൽപന്നങ്ങളുടെ നികുതി. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടർ, എംഎൽഎ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആറായിരത്തിലധികം തൊഴിലാളികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ നിർമാണമേഖല പൂർണമായും നിലക്കുന്ന അവസ്ഥയിലാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സിമന്റ് പ്രൊഡക്ട് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി. സുബ്രഹ്മണ്യൻ, ടി. വിനീത്കുമാർ, എം. ദയാവരൻ, പി.കെ. സത്താർ, വി.ജെ. ജയിംസ്, എ.കെ. ഖാലിദ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *