May 14, 2024

മുട്ടിൽ ടൗണിൽ വർധിച്ചു വരുന്ന ഗാതാഗതക്കുരുക്ക്:അശാസ്ത്രീയമായ ഓട്ടോ പാർക്കിംഗ് നിരോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ്

0
മുട്ടില്‍: മുട്ടിൽ ടൗണിൽ വർധിച്ചു വരുന്ന ഗാതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അശാസ്ത്രീയമായ ഓട്ടോ പാർക്കിംഗ് നിരോധിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂണിറ്റ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹാൾട്ടിംഗ് പോയൻിൽനിന്നും മാറി ഓട്ടോകൾ ടൗണിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ദേശീയപാതക്കിരുവശവും അലക്ഷ്യമായാണ് ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. 1600 ഓളം ഓട്ടോറിക്ഷകൾക്കാണ് പഞ്ചായത്ത് അധികൃതർ ഹാൾട്ടിംഗ് പെർമിറ്റ് നൽകിയിട്ടുള്ളത്. എന്നാൽ മുട്ടിൽ ടൗണിൽ നാല് ഹാൾട്ടിംഗ് പോയിന്റുകൾ മാത്രമാണുള്ളത്. പഞ്ചായത്ത് നൽകിയ ഹാൾട്ടിംഗ് പോയിന്റ് അനുയോജ്യമല്ലെന്നും അപകടസാധ്യതയുള്ളതാണെന്നും പറഞ്ഞ് പഞ്ചായത്ത് സ്ഥാപിച്ച ബോർഡുകൾ ഓട്ടോ ഡ്രൈവർമാർ എടുത്ത് മാറ്റി സ്വന്തം സ്റ്റിക്കർ പതിച്ച് തങ്ങൾക്കനുകൂലമാക്കി മാറ്റി. വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കാത്തവിധം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും പതിവാണ്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ, ആർടിഒ, ട്രാഫിക് പോലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മുട്ടിലിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുകയോ ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിക്കുകയോ ചെയ്താൽ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. മറ്റു ടൗണുകളിലേതുപോലെ ബസ്റ്റാൻഡിന് സമീപത്തായി ഓട്ടോ റിക്ഷകൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സികൾക്കും ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സ്ഥലം നിർണയിക്കുന്നതിന് ഉടൻതന്നെ ട്രാഫിക് അഡൈ്വസറി കമ്മിറ്റി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളിച്ചുചേർക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രശ്‌നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ് കൊട്ടാരം, ജില്ലാ ട്രഷറർ ഇ. ഹൈദ്രു, മുട്ടിൽ യൂണിറ്റ് സെക്രട്ടറി ജംഷീർ പൈക്കാട്ടിൽ, ടി. രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *