May 5, 2024

വരള്‍ച്ചയെയും പ്രളയത്തെയും ഒരുപോലെ പ്രതിരോധിച്ച് ജോര്‍ജ്ജിന്റെ മുളങ്കാടുകള്‍

0
Mulankkad 2
പുല്‍പ്പള്ളി: വരള്‍ച്ചയെയും പ്രളയത്തെയും ഒരുപോലെ പ്രതിരോധിച്ച് നിര്‍ത്തിയിരിക്കുകയാണ് മുള്ളന്‍കൊല്ലി തട്ടാംപറമ്പില്‍ ജോര്‍ജ്ജിന്റെ കൃഷിയിടത്തിലെ മുളങ്കാടുകള്‍. വയനാട്ടില്‍ ഏറ്റവുമധികം വരള്‍ച്ചബാധിക്കുന്ന പ്രദേശമാണ് മുള്ളന്‍കൊല്ലി. വരള്‍ച്ചയില്‍ കൃഷിഭൂമിയിലെ സസ്യലതാതികള്‍ കരിഞ്ഞുണങ്ങുന്നതും വിളകള്‍ കൂട്ടത്തോടെ നശിക്കുന്നതും മുള്ളന്‍കൊല്ലിക്കാര്‍ക്ക് പുതുമയല്ല. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ തന്നെ അവിടുത്തെ കാലാവസ്ഥയുടെ പ്രതിഫലനമാണ് പലപ്പോഴും മുള്ളന്‍കൊല്ലിയിലുണ്ടാകാറുള്ളത്. ഈ സാഹചര്യത്തിലായിരുന്നു തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിപങ്കിടുന്ന കരമാന്‍തോടിന്റെ കരയില്‍ ജോര്‍ജ് മുളങ്കാടുകള്‍ നട്ടുപിടിപ്പിച്ചത്. മുളങ്കാടുകള്‍ പടര്‍ന്നുപന്തലിച്ചതോടെ വേനല്‍ക്കാലത്ത് ജോര്‍ജിന്റെ ഭൂമിയെ വരള്‍ച്ച ബാധിച്ചിരുന്നില്ല. വരള്‍ച്ച ബാധിക്കാത്തതോടെ കുരുമുളകും കമുകും അടക്കമുള്ള ജോര്‍ജ്ജിന്റെ കാര്‍ഷികവിളകളുടെ ഉല്പാദത്തില്‍ അല്‍പ്പം പോലും കുറവുമുണ്ടായില്ല. മുളങ്കാടുകളുള്ള പ്രദേശം എപ്പോഴും ആര്‍ദ്രത കാത്തുസൂക്ഷിക്കുമെന്നും, കൃഷിഭൂമിയിലേക്കടിക്കുന്ന വെയിലിനെ അതിശക്തമായി പ്രതിരോധിക്കാന്‍ കഴിയുന്നുവെന്നതാണ് പ്രത്യേകതയെന്നും ജോര്‍ജ് പറയുന്നു. വരള്‍ച്ചക്കൊപ്പം, വെള്ളപൊക്കത്തെ പ്രതിരോധിക്കാനും മുളങ്കാടുകള്‍ക്ക് സാധിക്കുന്നുണ്ട്. കനത്തമഴയില്‍ കരമാന്‍തോട് കരകവിഞ്ഞൊഴുകി മിക്കവരുടെയും കൃഷിയിടത്തില്‍ മണ്ണിടിച്ചിലുണ്ടാക്കിയെങ്കിലും ജോര്‍ജിന്റെ ഭൂമിക്ക് ഒന്നും സംഭവിച്ചില്ല. ആഴത്തില്‍ വേരൂന്നിയ മുളങ്കാടുകള്‍ കടന്ന് ശക്തമായി വെള്ളത്തിന് ഈ ഭൂമിയിലേക്ക് പ്രവേശിക്കാനും സാധിച്ചില്ല. ജോര്‍ജ്ജ് 40 ചുവട് മുളകളാണ് തന്റെ കൃഷിഭൂമിയുടെ അതിര്‍ത്തിപ്രദേശത്ത് നട്ടത്. ഇത് പടര്‍ന്ന് പന്തലിച്ച് ഇപ്പോള്‍ ഒരു ജൈവവേലിയായി മാറിയിരിക്കുകയാണ്. മുളങ്കാടുകള്‍ അതിര്‍ത്തിപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം മോശമല്ലാത്ത വരുമാനം നല്‍കുമെന്നും ജോര്‍ജ്ജ് പറയുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള താങ്ങുകാലുകള്‍ക്കും, പന്തലിനും മറ്റുമായി നിരവധി കര്‍ഷകര്‍ ജോര്‍ജിന്റെ കൃഷിഭൂമിയിലെത്തി മുള വാങ്ങാറുണ്ട്. തോട്ടി പോലുള്ള ഉപയോഗങ്ങള്‍ക്കും ഈ മുള ഉപയോഗപ്രദമാണ്. പത്ത് വര്‍ഷം മുമ്പ് നട്ട മുളത്തൈകളാണ് ഇപ്പോള്‍ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നത്. വയനാടിന്റെ കാലാവസ്ഥയില്‍ അതിവേഗം വളരാനുള്ള കഴിവ് മുളകള്‍ക്കുണ്ടെന്നും, കമ്പ് വെട്ടി നട്ടാല്‍ പോലും മുളച്ചുപൊന്തുമെന്നും ജോര്‍ജ്ജ് പറയുന്നു. കൊക്കോ, റബ്ബര്‍, വാഴ തുടങ്ങിയ കൃഷികളാണ് ജോര്‍ജ്ജ് കൂടുതലായും ചെയ്തുവരുന്നത്. കൃഷിഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പ് കാരണം ഈ വിളകള്‍ക്കൊന്നും ഇതുവരെ രോഗബാധയേറ്റിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആര്‍ക്കും അധികചിലവുകളൊന്നുമില്ലാതെ നട്ടുപിടിക്കാവുന്ന ഈ ജൈവവേലി കൂടുതല്‍ കര്‍ഷകര്‍ പരീക്ഷിക്കണമെന്നതാണ് ജോര്‍ജ്ജിന്റെ അഭിപ്രായം. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *