April 28, 2024

അപൂർവ പത്ര വാർത്തകളുടെ ശേഖരമൊരുക്കി കൈപ്പാണി മമ്മൂട്ടി ഹാജി ശ്രദ്ധേയനാകുന്നു

0
Img 20200405 Wa0589.jpg
.
വെള്ളമുണ്ടഃ
'' ജനാബ് ബേബി ഹാജി….''മാർക് സിസ്റ്റുകളല്ല ,മുസ്‌ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ ചാക്കീരി അഹ്‌മദ്‌കുട്ടി തന്നെയാണ് ,ആർ.എസ്.പി. മന്ത്രി ബേബി ജോണിനെ ഇങ്ങനെ അഭിസംബോധന ചെയ്‌തത്‌. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ,ചാക്കീരി ഓർക്കാപുറത്തു തന്നെ 'ജനാബ് 'എന്നും 'ഹാജിയെന്നും 'വിളിച്ചപ്പോൾ സമീപത്തിരുന്നിരുന്ന ബേബി ജോൺ അൽപ്പമൊന്നു പരിഭ്രമിക്കാതിരുന്നില്ല. പക്ഷെ ,ചാക്കീരിയുടെ അടുത്ത വാചകം കേട്ടപ്പോൾ ബേബി ജോൺ മാത്രമല്ല ,വേദിയിലും സദസ്സിലും തിങ്ങി നിറഞ്ഞിരുന്നവരും പൊട്ടിച്ചിരിച്ചു. '' ഞാൻ കാര്യമായി പറയുകയാണ് വിമതന്മാര് പറയുന്നതുപോലെയല്ല. വിമതൻ എന്ന് പറഞ്ഞ അറിയോ…മതമില്ലാത്തവൻ ,അഭിപ്രായമില്ലാത്തവൻ എന്നൊക്കെയാണ്….''
മുകളിലെ വരികൾ എഴുപതുകളിലെ  ലീഗ് ടൈംസ് പത്രത്തിലെ ''ബേബി ഹാജിയും വിമതവും'' എന്ന തലക്കെട്ടോടെ വന്ന വർത്തയിലേതാണ്‌. 
ചരിത്രത്തിലെ രസകരവും ആവേശകരവും വിജ്ഞാന പ്രദവുമായ മുകളിൽ സൂചിപ്പച്ചതുപോലുള്ള  നിരവധി അപൂർവ പത്ര കട്ടിങ്ങുകളുടെ ശേഖരവുമായി വെള്ളമുണ്ട സ്വദേശി കൈപ്പാണി  മമ്മൂട്ടി ഹാജി ശ്രദ്ധേയമാവുകയാണ്.
പുസ്‌തകങ്ങൾ , ലഘുലേഖകൾ ,പത്ര കട്ടിങ്സ് ,വാരികകൾ ,അപൂർവമായി പ്രമുഖർ എഴുതി അച്ചടി മഷി പുരണ്ട ചില സംഗതികൾ , കഴിഞ്ഞ കാലങ്ങളിൽ ഞാൻ ജീവിച്ചിരുന്നു എന്ന് രേഖപെടുത്തിയ എല്ലാം കത്തിച്ചുകളയേണ്ടി വരുന്ന  ഫാസിസ്റ്റു കാലത്ത് ചരിത്രത്തിലെ നിർണായക നിമിഷങ്ങളുടെ വാർത്ത ചിത്രങ്ങൾ നിരവധി  ആൽബങ്ങളിലായി സൂക്ഷിക്കുകയാണ് ഇദ്ദേഹം.
കേരളത്തിലെ സുന്നീ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ  നാൾവഴികൾ കൃത്യമായി വരച്ചു കാട്ടുന്നൊരു നേർചിത്ര മാണ് മമ്മൂട്ടി ഹാജിയുടെ പത്ര കട്ടിങ്ങുകൾ. അതുപോലെ കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷങ്ങൾ പ്രത്യേകിച്ച് മുസ്‌ലിം ലീഗിലെ പിളർപ്പും വിവാദങ്ങളും, ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങൾ, ലോക നേതാക്കന്മാരുടെ പ്രസ്താവനകൾ, പ്രധാന  രാജ്യാന്തര നീക്കങ്ങൾ… തുടങ്ങി  
ഒട്ടനവധി മേഖലയിലെ ചരിത്ര വഴികളിലൂടെ കാഴ്‌ചക്കാരനെ നടത്തുന്ന വാർത്ത ചിത്രങ്ങൾ  മമ്മൂട്ടി ഹാജിയുടെ ആൽബങ്ങളുടെ പ്രത്യേകതയാണ്.
1947 ആഗസ്ത് 14  'നാഴികമണിയില്‍ രാത്രി പന്ത്രണ്ട് അടിച്ച നിമിഷം കോണ്‍സാംബ്ളി രാജ്യഭരണത്തിന്റെ ചുമതലയേറ്റെടുക്കുകയും ലൂയിസ് മൌണ്ട് ബാറ്റണ്‍ പ്രഭുവിനെ ഡൊമിനിയന്റെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി നിയമിച്ചുകൊണ്ടുള്ള ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ കല്‍പ്പന അംഗീകരിക്കുകയും ചെയ്തുകൊണ്ട് കോമണ്‍വെല്‍ത്തിലെ പുതിയ ഡൊമിനിയായ ഇന്ത്യ നിലവില്‍ വന്നിരിക്കുന്നു'. വൈദേശിക ശക്തികളില്‍ നിന്ന് രാജ്യം സ്വതന്ത്രമായ അന്നത്തെ മലയാള മനോരമ പത്രത്തിലെ വാര്‍ത്തയുടെ ആദ്യഭാഗമാണിത്. കലണ്ടറുകള്‍ തീയിട്ടാലും ചരിത്രം ചാരമാകാതെ നിലനിര്‍ത്താന്‍ പത്ര മാധ്യമത്തിനുള്ള ശക്തി ബോധ്യപ്പെടുത്തുന്നതാണ്  മമ്മൂട്ടി ഹാജിയുടെ പഴയകാല ദിനപത്രങ്ങളിലെ അപൂർവ വാർത്ത ശേഖരങ്ങളുടെ ആൽബങ്ങൾ. വളർച്ചയുടെ പടവുകൾ പിന്നിട്ട  ഇന്ത്യയുടേയും കേരളത്തിന്റേയും ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാവുകയാണ്‌ ഈ  ആൽബങ്ങൾ. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ  നാല്പതാം വാർഷികത്തിന്റെ വാഷിംഗ്ടണിലെ ആഘോഷ ചിത്രങ്ങൾ, മഅദനിയെ ആദ്യമായി അറസ്റ്റ്‌ ചെയ്തത്, മുസ്‌ലിം വ്യക്തി നിയമ ബോർഡിലെ ആദ്യ വനിതാ പ്രവേശം, ഫഹദ് രാജാവ്,യാസർ അറഫാത് , മദർ തെരേസ,ജ്യോതി ബസു, സേട്ട് സാഹബ് ,ബനാത്ത് വാല ,ശിഹാബ് തങ്ങൾ, ഉള്ളാൾ തങ്ങൾ  എന്നിവരുടെ  വിയോഗ വാർത്തകൾ ,
ഗുജറാത്ത് ഭൂകമ്പം, സദ്ദാം ഹുസൈന്റെ വധം, ഗുജറാത്ത് കലാപം, സുനാമി തുടങ്ങി,  വിവിധ സന്ദര്‍ഭങ്ങൾ  വാര്‍ത്തകളിലുടെ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്ന ചരിത്രമാണ് ഈ അപൂർവ ശേഖരങ്ങൾ  ചുരുളഴിക്കുന്നത്.
മികച്ച സംഘാടകനായ മമ്മൂട്ടി ഹാജി കേരളത്തിലെ  എസ്.എസ്.എഫിന്റെ രൂപീകരണാനന്തരം പഴഞ്ചനയിൽ രൂപം കൊണ്ട പ്രഥമ കമ്മിറ്റിയുടെ യൂണിറ്റ്  സെക്രട്ടറിയായിരുന്നു.പിന്നീട് എസ്.എസ്.എഫ്. മാനന്തവാടി താലൂക്ക് സെക്രട്ടറി, എസ്.വൈ.എസിന്റെ പഴഞ്ചന യൂണിറ്റ്  സെക്രട്ടറി, വെള്ളമുണ്ട റെയിഞ്ച ജോയിൻ സെക്രട്ടറി, റെയിഞ്ചു  പരീക്ഷ ബോർഡ് ചെയർമാൻ, അഖിലേന്ത്യ ലീഗ് രൂപം കൊണ്ട സമയത്ത് അഖിലേന്ത്യ യൂത്ത് ലീഗ് യൂണിറ്റ് സെക്രട്ടറി, വെള്ളമുണ്ട പഞ്ചായത്ത്‌ ജോയിൻ സെക്രട്ടറി തുടങ്ങിയ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
അഖിലേന്ത്യ ലീഗിന്റെ മുഖ പത്രമായിരുന്ന ലീഗ് ടൈംസിന്റെ പ്രാദേശിക റിപ്പോർട്ടറായും സിറാജ് ദിനപത്രത്തിന്റെ ആരംഭ കാലഘട്ടത്തിൽ പടിഞ്ഞാറത്തറ-വെള്ളമുണ്ട -തരുവണ എന്നീ ഭാഗങ്ങളിലെ പത്രത്തിന്റെ ഏജന്റും പ്രാദേശിക ലേഖകനായും  പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മുസ്‌ലിം ജമാഅത്ത്  കമ്മിറ്റിയുടെ യൂണിറ്റ് സെക്രട്ടറിയായും മാനന്തവാടി മുഅസ്സസ സ്ഥാപനങ്ങളുടെ ജനറൽ ബോഡി മെമ്പറായും  പ്രവർത്തിച്ചു വരുന്നു.
വെള്ളമുണ്ടയിലെ ആദ്യകാല വ്യാപാരി പരേതനായ കൈപ്പാണി ആലിഹാജി-ആമിന ഹജ്ജുമ്മ ദമ്പതികളുടെ എട്ടുമക്കളിൽ മൂത്തയാളാണ് മമ്മൂട്ടി ഹാജി  കൈപ്പാണി. 1957 ജൂൺ 3  ജനനം. തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പിതാവിനെ കച്ചവടത്തിൽ   സഹായിക്കാൻ സ്കൂൾ സമയം കഴിഞ്ഞാൽ കടയിൽ പോകുമായിരുന്നു. സ്കൂൾ പത്താം തരം പൂർത്തിയാക്കിയതോടെ പിന്നീട്‌ മുഴുവൻ സമയ കച്ചവടക്കാരനായി. മദ്രസ്സയിൽ ഒമ്പതാം ക്ലസുവരെ പഠനം നടത്തിയതിന്  പുറമെ പഴഞ്ചന പള്ളിയിലെ മഗ്‌രിബ്-ഇശാനിടയിലെ പ്രാദേശിക ദർസ്സിൽ നിന്നും ലഭിച്ച അറിവും പ്രയോജന പ്പെടുത്തി കച്ചവടത്തോടൊപ്പം തന്നെ പതിമൂന്നു വർഷം പഴഞ്ചന റഷീദുൽ ഇസ്ലാം മദ്രസ്സയിൽ രാവിലെ സമയങ്ങളിൽ  അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എട്ടേനാൽ , വെള്ളമുണ്ട, നിരവിൽപുഴ തുടങ്ങിയ സ്ഥലങ്ങളിലായി ദീർഘകാലം ബിസിനസ് ചെയ്തതിന് ശേഷം അവസാനം  മാനന്തവാടിയിലെത്തി. തന്റെ അഞ്ചു പതിറ്റാണ്ടു 
കാലത്തെ വ്യാപാര ജീവിതാനുഭവങ്ങളുമായി  മാനന്തവാടിയിലെ മിസ്ബാഹ് കോപ്ലക്സിലെ ക്വാളിറ്റി ഷോപ്പിലെ പതിവ് തിരക്കുകളിൽ വ്യാപൃതനാണ് മമ്മൂട്ടി ഹാജി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *