April 28, 2024

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0

    ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ താഴെ പറയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറില്‍ നിന്നും യാത്രാനുമതി വാങ്ങേണ്ടതാണ്. യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഐ.ഡി.ഉപയോഗിച്ച് കോവിഡ് 19 ജാഗ്രത വെബ്‌സെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും covid19jagratha.kerala.nic.in വഴി പുതിയതായി രജിസ്റ്റര്‍ ചെയ്യാം. പുറപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള യാത്രനുമതിയും ആവശ്യമെങ്കില്‍ നേടേണ്ടതാണ്. ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തിവിടുകയുള്ളൂ.  കോവിഡ് 19 ജാഗ്രത വെബ്‌സെററിലൂടെ യാത്ര തീയ്യതിയും പ്രവേശന ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കാന്‍ സാധിക്കും.  നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലും ഇ-മെയില്‍ വിലാസത്തിലും ക്യൂ ആര്‍ കോഡ് സഹിതമുള്ള യാത്രനുമതി ലഭ്യമാകും.  അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടങ്ങാവൂ. 

 ഒരു വാഹനത്തില്‍ ഗ്രൂപ്പായോ കുടുംബ സമേതമോ വരുന്നവര്‍ വ്യക്തിഗത രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് ഗ്രൂപ്പ് രൂപീകരിക്കണം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്പര്‍ നല്‍കേണ്ടതാണ്.  ചെക്ക് പോസ്റ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡുകളുടെ പരിശോധനയ്ക്ക് യാത്ര പെര്‍മിറ്റ് കൈയ്യില്‍ കരുതണം. 

സാമൂഹ്യ അകലം പാലിച്ച് മാത്രമേ യാത്ര പാടുള്ളൂ. അഞ്ചു സീറ്റ് വാഹനത്തില്‍ നാല് പേര്‍ക്ക് കയറാം. ഏഴു സീറ്റ് വാഹനത്തില്‍ അഞ്ചും വാനില്‍ പത്തും ബസ്സില്‍ 25 പേര്‍ക്കും യാത്ര ചെയ്യാം. മുഖാവരണം സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ വാടക വാഹനത്തില്‍ വരികയും ശേഷം മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയും ചെയ്യുന്നവര്‍ അതത് സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിക്കണം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഡ്രൈവറും യാത്രയ്ക്ക് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിന് ചെക്ക് പോസ്റ്റില്‍ പോകുന്ന ഡ്രൈവര്‍ കോവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ അതത് കളക്ടര്‍മാരില്‍ നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം. 
  ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗം ലക്ഷണമുള്ളവരെ കോവിഡ് കെയര്‍ സെന്ററിലോ ആശൂപത്രിയിലോ പ്രവേശിപ്പിക്കും. 

മറ്റു സംസ്ഥാനങ്ങളില്‍ കുടങ്ങിപ്പോയ ബന്ധുക്കളെ  അവിടെ ചെന്ന് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ പുറത്ത് പോകാനും തിരിച്ചുവരാനുമുള്ള പാസ്സ് നല്‍കും. പാസ്സില്‍ യാത്ര ചെയ്യുന്ന വ്യക്തിയുടെ പേര് ബന്ധുവിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തും. യാത്ര നടത്തുന്നവര്‍ ക്വാറന്റൈന്‍ സംബന്ധിച്ച നടപടികള്‍ പാലിക്കണം. പോകുന്ന സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ്സ് ജില്ലാ കളക്ടര്‍മാര്‍ അനുവദിക്കും. കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത മെബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. യാത്രയുമായി ബന്ധപ്പെട്ട അവിചാരിത തടസ്സങ്ങള്‍ അറിയിക്കുന്നതിന് 04971 2781100, 2781101 എന്ന നമ്പറില്‍ വിളിക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *