May 1, 2024

സുഗന്ധഗിരി സമഗ്ര വികസന പദ്ധതി അവലോകനം ചെയ്തു

0

സുഗന്ധഗിരി സമഗ്ര വികസന പദ്ധതി പ്രവർത്തനങ്ങൾ സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. യോഗത്തിൽ കാർഷിക വികസന പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക ഉടൻ വിനിയോഗിക്കാൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർക്ക് എം.എൽ.എ നിർദേശം നൽകി. പദ്ധതിയുടെ ഭാഗമായി കുരുമുളക്, അവാക്കാഡോ, റമ്പൂട്ടാൻ, പാഷൻ ഫ്രൂട്ട് കൃഷിയ്ക്കായി 30,92,500 രൂപയാണ് അനുവദിച്ചത്. ഇതിൽ 7 ലക്ഷം രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. പ്രദേശത്ത് കോഫീ പ്ലാൻ്റിംഗ് പദ്ധതിയ്ക്കായി ഒരു കോടി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും തുക വിനിയോഗിച്ചിട്ടില്ല. പദ്ധതി ഒരു മാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് കോഫീ ബോർഡിന് നിർദേശം നൽകി. 

സുഗന്ധഗിരി, പൂക്കോട് പ്രദേശത്ത് 20 റോഡുകളുടെ നിർമ്മാണത്തിനായി 16 കോടി 93 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ മൂന്ന് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി, ഏഴ് എണ്ണത്തിൻ്റെ പ്രവർത്തി നടന്നു വരികയാണ്. മറ്റ് റോഡുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുവാൻ പി.ഡബ്ല്യൂ.ഡി അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് യോഗത്തിൽ നിർദേശം നൽകി. പ്രദേശത്തെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കായി അനുവദിച്ച രണ്ട് കോടി 42 ലക്ഷം രൂപ വിനിയോഗിച്ച് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് മണ്ണ് സംരക്ഷണ ഓഫീസർ പി.യു. ദാസിന് നിർദേശം നൽകി.

വന്യമൃഗശല്യം പരിഹരിക്കുന്നതിനായി അഞ്ച് കോടി രൂപയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണത്തിനായി രണ്ട് കോടി രൂപയുടെയും, സുഗന്ധഗിരി സ്കൂൾ, അംഗനവാടി എന്നിവയുടെ നവീകരണത്തിനും ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ ജീവനോപാദി ഉറപ്പ് വരുത്തുന്നതിനുമായി തുക വകയിരുത്തി  പദ്ധതി സമർപ്പിക്കുവാൻ പ്രോജക്ട് ഓഫീസറെ ചുമതലപ്പെടുത്തി.

കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ പൊഴുതന പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി. പ്രസാദ്, വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ കുമാരി, 
ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ കെ.സി. ചെറിയാൻ, ഡി.എഫ്.ഒ രഞ്ജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *