May 8, 2024

ദേശീയ പുരസ്‌കാരനിറവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌

0
20230416 194439.jpg
മീനങ്ങാടി :രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തിയ കാർബൺ ന്യൂട്രൽ വിശേഷ് പുരസ്‌കാർ മീനങ്ങാടി പഞ്ചായത്തിന്. ഒരു കോടി രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ ഏഴുവർഷമായി പഞ്ചായത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളാണ് മീനങ്ങാടി പഞ്ചായത്തിനെ അവാർഡിനർഹമാക്കിയത്. പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും പതിനേഴാം തീയതി തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ മോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. 2016 ലാണ് മീനങ്ങാടി പഞ്ചായത്ത് കാർബൺ ന്യൂട്രൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് 2015ലെ പാരിസ് ഉടമ്പടിയുടെ ചുവടുപിടിച്ചാണ് പദ്ധതിയുടെ ആരംഭം. ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളൽ കുറച്ചു കൊണ്ടും പ്രകൃതിയിലേക്ക് ഉള്ള സ്വാംശീകരണം വർദ്ധിപ്പിച്ചു കൊണ്ടും കാർബൺ തൂലിതമായി മാറുക എന്നതാണ് പദ്ധതി ആശയപരമായി അർത്ഥം വയ്ക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തിൽ പഞ്ചായത്ത് തലത്തിൽ ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ നിരവധി പഠനങ്ങളും സർവ്വേകളും നടത്തി പഞ്ചായത്തിന്റെ എമിഷൻ പ്രൊഫൈൽ തയ്യാറാക്കുകയാണ് ചെയ്തത്. മീനങ്ങാടി പഞ്ചായത്തിന്റെ അതിർത്തിക്കുള്ളിൽ ഒരു വർഷം കൊണ്ട് നടക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാർബൺ ബഹിർഗമനവും സ്വാംശീകരണവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ കണക്കാക്കിയ പഠന റിപ്പോർട്ട് ആണ് കാർബൺ എമിഷൻ പ്രൊഫൈൽ. കാർബൺ എമിഷൻ പ്രൊഫൈൽ തയ്യാറാക്കുന്ന ആദ്യത്തെ പഞ്ചായത്ത് ആണ് മീനങ്ങാടി പഞ്ചായത്ത്. പഞ്ചായത്തിലെ ഗതാഗതം, മാലിന്യം, ഊർജ്ജം, കൃഷി മറ്റു ഭൂ വിനിയോഗം എന്നീ മേഖലകളിൽ നടക്കുന്ന കാർബൺ ബഹിർഗമനവും സ്വാംശീകരണവും ശാസ്ത്രീയമായി കണക്കാക്കിയിട്ടാണ് പഞ്ചായത്ത് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പ്രസ്തുത റിപ്പോർട്ട് പഞ്ചായത്തിൽ സ്വാംശീകരണം കിഴിച്ച് അധികമുള്ള ബഹിർഗമനം15000 ടൺ തത്തുല്യ കാർബൺ ഡയോക്സൈഡ് ആണ്. അധികമുള്ള കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് കാർബൺ തുലിതമാകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ട്രി ബാങ്കിംഗ് പദ്ധതി ഏറെ ശ്രദ്ധേയമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നര ലക്ഷത്തോളം വൃക്ഷത്തൈകൾ ആണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുന്നത്.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പൊതുസ്ഥലത്തും കർഷകരുടെ പറമ്പിലും മരത്തൈകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനം എല്ലാവർഷവും മീനങ്ങാടിയിൽ നടന്നുവരുന്നു. 2020 ലാണ് ട്രീ ബാങ്കിംഗ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൃക്ഷത്തൈകളുടെ ചുവട്ടിൽ നേരിട്ട് എത്തി വൃക്ഷത്തൈകൾക്ക് തിരിച്ചറിയൽ നമ്പർ നൽകി ജിയോ ടാകിങ് ചെയ്യുകയാണ് ആദ്യഘട്ടത്തിൽ നടന്നത്. രണ്ടു വാർഡുകളിൽ ആയി പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ട്രി ബാങ്കിംഗ് പദ്ധതിയുടെ സർവ്വേ 2020ൽ പൂർത്തിയായെങ്കിലും 2021 ൽ പുതിയ ഭരണസമിതി ആണ് തുക 157 കർഷകർക്ക് മൂന്നര ലക്ഷം രൂപ അനുവദിച്ചത്. നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കി കൊണ്ട് മരം ഒന്നിന് 100 രൂപ വീതം നൽകി രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന് സർക്കാർതലത്തിൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് പഞ്ചായത്ത്.
ഹരിതം സുന്ദരം
 പഞ്ചായത്തിന്റെ ആകെ കാർബൺ ബഹിർഗമനത്തിന്റെ മൂന്ന് ശതമാനം മാലിന്യം മേഖലയിൽ നിന്നാണ്. മാലിന്യമേഖലയിൽ വളരെ ഫലവത്തായ ഇടപെടലുകളാണ് മീനങ്ങാടി പഞ്ചായത്ത് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ തന്നെ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹരിത കർമ്മ സേനയാണ് മീനങ്ങാടി പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹരിതം സുന്ദരം എന്ന പദ്ധതിയിലൂടെ 180 ടൺ അജൈവമാലിന്യങ്ങളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച് സംസ്കരണത്തിന് വിധേയമാക്കിയത്. പഞ്ചായത്തിലെ ഏകദേശം 90% വീടുകളിൽ നിന്നും നിലവിൽ ഹരിത കർമ്മ സേന മാലിന്യം ശേഖരിച്ച് കൈകാര്യം ചെയ്യുന്നു. അതോടൊപ്പം ജൈവമാലിന്യങ്ങൾ ഫലപ്രദമായ കമ്പോസ്റ്റ് ചെയ്യുന്നതിനായി പഞ്ചായത്ത് ഇടപെടലുകൾ നടത്തുന്നു.ഇതിലൂടെ മാലിന്യ മേഖലയിലെ കാർബൺ ബഹിർഗമനം 80% കുറയ്ക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.
കാലാവസ്ഥ സാക്ഷരതാ പരിപാടി
 രാജ്യത്ത് ആദ്യമായി പഞ്ചായത്ത് തലത്തിൽ തുടക്കം കുറിച്ചത് മീനങ്ങാടി പഞ്ചായത്തിലാണ്. കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാവസ്ഥ വ്യതിയാനവും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി മീനങ്ങാടി പഞ്ചായത്തിൽ 19 വാർഡുകളിലും കാലാവസ്ഥാ ഗ്രാമസഭകൾ ചേരുകയും കാലാവസ്ഥ സാക്ഷരത പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകളും വീഡിയോസും ലഘുലേഖകളും കൈപുസ്തകവും പഞ്ചായത്ത് തയ്യാറാക്കുകയും ആദ്യഘട്ട കാലാവസ്ഥ സാക്ഷരതാ പ്രവർത്തനം വിജയകരമായി പഞ്ചായത്തിൽ കഴിഞ്ഞ ജൂൺ മാസം മുതൽ നടപ്പിലാക്കുകയും ചെയ്തു.
മെൻസ്ട്രൽ കപ്പ് വിതരണം
മീനങ്ങാടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തികൊണ്ട് 5000 മെൻസ്ട്രൽ കപ്പുകൾ ആണ് പഞ്ചായത്തിലെ വനിതകൾക്കായി കഴിഞ്ഞവർഷം വിതരണം ചെയ്തത്. പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമായ സാനിറ്ററി നാപ്കിനുകൾ ഒഴിവാക്കുന്നതിനായി മീനങ്ങാടി പഞ്ചായത്ത് നടപ്പിലാക്കിയ കപ്പ് ഓഫ് ഹോപ്പ് പദ്ധതിയിലൂടെ 19500കിലോ നാപ്കിൻ മാലിന്യം ഒഴിവാക്കാനും 19 ടൺ കാർബൺ എമിഷൻ കുറയ്ക്കാനും പഞ്ചായത്തിന് സാധിച്ചു.രണ്ടാംഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ വനിതകൾക്കും മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാനാണ് പഞ്ചായത്ത് കരുതുന്നത്.
മണ്ണിലെ ജൈവ കാർബൺ പുഷ്ടിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ
 പഞ്ചായത്തിന്റെ എമിഷൻ പ്രൊഫൈൽ പ്രകാരം മീനങ്ങാടി പഞ്ചായത്തിലെ മണ്ണിൽ ജൈവ കാർബണിന്റെ അളവ്വളരെ കുറവാണ്.ഇത് വർദ്ധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. ജൈവകൃഷി വ്യാപ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനോടൊപ്പം കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ ഇടവിളയായി പയർ അടക്കമുള്ളപച്ചക്കറികൾ കൃഷി ചെയ്തു കൊണ്ട് മണ്ണിലെ ജൈവ കാർബണിന്റെ അളവ് വർദ്ധിപ്പിക്കാനും മൂലകങ്ങളുടെ സാന്നിധ്യം പുഷ്ടിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപകമായി പഞ്ചായത്ത് ഏറ്റെടുക്കുന്നു. അതോടൊപ്പം പഞ്ചായത്തിലെ ഓരോ വാർഡിലും പച്ചത്തുരുത്തുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടന്നുവരുന്നു. ഇത് മണ്ണിലെ കാർബൺ ശേഖരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും പതിനേഴാം തീയതി തിങ്കളാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ജോസ്ന മോൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *