May 7, 2024

കടമാന്‍തോട് പദ്ധതി: പ്രതിഷേധം ശക്തമാക്കി ഡാം വിരുദ്ധ കര്‍മ സമിതി: കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നാളെ

0
Img 20231027 190607
കല്‍പ്പറ്റ: പുല്‍പള്ളി കടമാന്‍തോട് ജലസേചന പദ്ധതിക്കെതിരായ പ്രതിഷേധം ഡാം വിരുദ്ധ കര്‍മ സമിതി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10 മുതല്‍ 12 വരെ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തും. നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക, ഭൂതല സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസമെന്ന് കര്‍മ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍, കണ്‍വീനര്‍ സിജോഷ് ഇല്ലിക്കല്‍, ജോസ് കാഞ്ഞൂക്കാരന്‍, ഷീജ സോയി, ശ്രീജയ നന്ദനം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ത്രീകളടക്കം നൂറോളം പേര്‍ പങ്കെടുക്കുന്ന സമരം സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ ഉദ്ഘാടനം ചെയ്യും.
ജനഹിതം കണക്കിലെടുക്കാതെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി അധികാരികള്‍ മുന്നോട്ടുപോകുന്നതെന്ന് കര്‍മ സമിതി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഷിക, പാരിസ്ഥിതിക പ്രാധാന്യമുള്ള പുല്‍പള്ളി പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലടക്കം തകര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് പദ്ധതി. വേനലുകളില്‍ മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ അനുഭവപ്പെടുന്ന ജലക്ഷാമവും കവേരി നദീജല തര്‍ക്ക ട്രിബ്യൂണല്‍ കബനി ജലത്തില്‍ കേരളത്തിനു അനുവദിച്ച വിഹിതത്തിന്റെ ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് കടമാന്‍തോട് പദ്ധതി നടപ്പക്കാന്‍ ജല വിഭവ വകുപ്പ് നീക്കം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കടമാന്‍തോടിന്റെ ആനപ്പാറ ഭാഗത്ത് 28 മീറ്റര്‍ ഉയരവും 490 മീറ്റര്‍ നീളവുമുള്ള അണ നിര്‍മിക്കാനാണ് നീക്കം. ഈ ഉയരത്തിലും നീളത്തിലും അണ നിര്‍മിക്കുന്നത് 675 ഹെക്ടര്‍ പ്രദേശം വെള്ളത്തിലാകുന്നതിനു കാരണമാകും. പുല്‍പള്ളി താഴെ അങ്ങാടിയും സമീപസ്ഥലങ്ങളും മുങ്ങിപ്പോകും. അനേകര്‍ കുടിയൊഴിയേണ്ടിവരും.
പദ്ധതി നടപ്പാക്കുന്നതിനു നേരത്തേ തുടങ്ങിയ പ്രവര്‍ത്തനം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് പദ്ധതി നടപ്പാക്കണമെന്ന വാശിയില്‍ ജല വിഭവ വകുപ്പ് വീണ്ടും രംഗത്തുവന്നത്. ഈ അവസരത്തില്‍ത്തന്നെ വിയോജിപ്പ് ഉയര്‍ന്നിരുന്നു.
മെയ് ആദ്യവാരം പുല്‍പള്ളിയില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതനുസരിച്ചാണ് ഡാം വിരുദ്ധ കര്‍മ സമിതി പദ്ധതിയുടെ ഭൂതല സര്‍വേയുമായി സഹകരിച്ചത്. ഭൂതല സര്‍വേ റിപ്പോര്‍ട്ട് ഗ്രാമസഭകളിലടക്കം ചര്‍ച്ച ചെയ്തശേഷമേ പദ്ധതി കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നു. ഭൂതല സര്‍വേ ഓഗസ്റ്റില്‍ പൂര്‍ത്തിയായെങ്കിലും റിപ്പോട്ട് പുറത്തുവിട്ടില്ല. ജനങ്ങളില്‍നിന്നു പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് ഭൂതല സര്‍വേ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ രണ്ടാംഘട്ട(ലിഡാര്‍)സര്‍വേ ആരംഭിച്ചതെന്നു സംശയിക്കണം.
പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ജല ലഭ്യത ഉറപ്പുവരുത്തുകായാണ് അധികാരികളുടെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍ നടപ്പാക്കാവുന്ന പദ്ധതികള്‍ വേറെയുണ്ട്. പുല്‍പള്ളി മന്‍മഥന്‍മൂലയില്‍ ആരംഭിച്ച് ഏകദേശം 20 കിലോമീറ്ററോളം ഒഴുകി കബനിയില്‍ ചേരുന്ന കടാമാന്‍തോടിന്റെ വിവിധ ഭാഗങ്ങളിലായി നിലവില്‍ 23 തടയണകളുണ്ട്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗത്തിലുള്ളത്. ബാക്കി തടയണകള്‍ പൊളിച്ച് ശാസ്ത്രീയമായി പണിയുന്നത് ജല ക്ഷാമത്തിന്റെ പരിഹാരത്തിനു ഉതകും. കാരാപ്പുഴ അണയില്‍നിന്നു വലിയ പൈപ്പുകളിലൂടെ എത്തിച്ചും പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ജല ലഭ്യത ഉറപ്പുവരുത്താനാകും. ഇതിനു മുതിരാതെ കടമാന്‍തോട് പദ്ധതിക്കുവേണ്ടി വാശിപിടിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാര്‍ ലോബിയുടെ ഗൂഢ താത്പര്യങ്ങളാണ്.
കടമാന്‍തോട് പദ്ധതി നടപ്പാകാതിരിക്കാന്‍ കര്‍മ സമിതി കര്‍ണാടക ജല വിഭവ വകുപ്പുമായി ഒത്തുകളിക്കുന്നുവെന്ന ചിലരുടെ പ്രചാരണം പരിഹാസ്യമാണ്. പദ്ധതി നടപ്പാക്കുന്നതിലാണ് യഥാര്‍ഥത്തില്‍ കര്‍ണാടകയ്ക്കു താത്പര്യം. അണ നിര്‍മിക്കുന്ന പക്ഷം മഴക്കാലത്ത് അതില്‍നിന്നു തുറന്നുവിടാനിടയുള്ള വെള്ളം കബനിയിലൂടെ ബീച്ചനഹള്ളി ഡാമിലാണ് എത്തുക.
പുല്‍പള്ളി പഞ്ചായത്തില്‍ വനത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യജീവി ശല്യം അതിരൂക്ഷമാകുന്നതിനും ഇടയാക്കുന്ന കടമാന്‍തോട് പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ നിയമപരമായും നേരിടാനുള്ള ആലോചനയിലാണ് കര്‍മ സമിതിയെന്നും ഭാരവാഹികള്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *