May 9, 2024

മണ്ണാര്‍കുണ്ട് പാലം -പ്രവൃത്തി ആരംഭിച്ചു

0
20240304 183554

 

കല്‍പ്പറ്റ: മാനന്തവാടി-കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കബനി നദിക്കു കുറുകെ നിര്‍മിക്കുന്ന മണ്ണാര്‍കുണ്ട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്തും, ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. കിഫ്ബിയില്‍ നിന്നും 14.02 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും, തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്തും അവലോകന യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. പൊതുമരാമത്തു വകുപ്പ് ഡിസൈന്‍ വിഭാഗം രൂപകല്‍പന ചെയ്ത പാലത്തിന്റെ ആകെ നീളം 104 മീറ്ററും വീതി 11 മീറ്ററുമാണ്. പ്രവൃത്തിയുടെ ഭാഗമായി പാലത്തിനിരുവശത്തുമായി 350 m നീളത്തിലും 200 m നീളത്തിലും യഥാക്രമം കുറുമ്പാലക്കോട്ട ഭാഗത്തേക്കും, കുറുമണി ഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം 7.5 m ക്യാരേജ്‌വേക്കു ഇരുവശവുമായി footpath നിര്‍മാണം എന്നിവ പ്രവൃത്തിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നതായി എം.എല്‍.എ പറഞ്ഞു.

പ്രസ്തുത പാലം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നായ കുറുമണി ഭാഗത്തെ ജനങ്ങളുടെ മഴക്കാലത്തെ യാത്രാ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുകയാണ്. ജില്ലയിലെ കുറുമ്പാലക്കോട്ട, പടിഞ്ഞാറത്തറ ഭാഗങ്ങളിലെ ടൂറിസം വികസനത്തിനും ഈ പദ്ധതി പൂര്‍ത്തികരണം ഒരു പുത്തന്‍ ഉണര്‍വാകുമെന്നതില്‍ സംശയമില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. അഡ്വ. ടി. സിദ്ധിഖ് എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചര്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ അബ്ദുറഹിമാന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.കെ വര്‍ഗീസ്, സതീശന്‍ എംപി, ഉസ്മാന്‍ കാഞ്ഞായി, ശങ്കരന്‍ ചെമ്പട്ടി എന്നിവര്‍ സംസാരിച്ചു. കിഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജു പിബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ അസീസ് സ്വാഗതം പറയുകയും, അസിസ്റ്റന്റ് എഞ്ചിനീയര്‍ നീതു സെബാസ്റ്റ്യന്‍ നന്ദി പറയുകയും ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *