May 9, 2024

കെ.സുരേന്ദ്രന് വയനാട്ടിൽ വൻവരവേൽപ്പ്

0
Img 20240326 192540

കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് വയനാട്ടിൽ വൻവരവേൽപ്പ്. 3 മണിയോടുകൂടി വയനാടിന്റെ കവാടമായ ലക്കിടിയിൽ എത്തിച്ചേർന്ന സുരേന്ദ്രനെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന- ജില്ലാ നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വയനാടൻ ചുരത്തിന്റെ ശില്പി കരിന്തണ്ടന്റെ സ്മാരകത്തിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വൻ പൗരാവലിയായിരുന്നു കാത്തുനിന്നത്.

 

വൈകുന്നേരം 4.30 ഓടെ കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോ കൽപ്പറ്റ ന​ഗരത്തെ ഇളക്കിമറിച്ചു. തുറന്ന ജീപ്പിൽ യാത്ര ചെയ്ത കെ.സുരേന്ദ്രൻ റോഡിന് ഇരുവശത്ത് നിന്നും അനു​ഗ്രഹവും ആശിർവാദവും ചൊരിഞ്ഞ നാട്ടുകാരെ കൈവീശി അഭിവാദ്യം ചെയ്തു. ജീപ്പിലേക്ക് പൂക്കൾ എറിഞ്ഞ് പ്രവർത്തകർ അദ്ദേഹത്തിന് വീരോചിതമായ വരവേൽപ്പ് ഒരുക്കി. താളമേളങ്ങളും വാദ്യഘോഷങ്ങളും റോഡ്ഷോയെ ആകർഷണീയമാക്കി. സ്ത്രീകളുടെ അഭൂതപൂർവ്വമായ തിരക്കാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. കണ്ണേ കരളേ കെഎസേ, ഞങ്ങളെ ഓമന നേതാവെ തുടങ്ങിയ ആവേശകരമായ മുദ്രാവാക്യം മുഴക്കി എൻഡിഎ പ്രവർത്തകർ റോഡ്ഷോ ​ഗംഭീരമാക്കി. നരേന്ദ്രമോദിയുടേയും സുരേന്ദ്രന്റെയും പ്ലക്കാർഡുകൾ ഏന്തിയ പ്രവർത്തകർ വയനാട്ടിൽ വരാൻ പോകുന്ന മോദി തരം​ഗത്തിന് തുടക്കം കുറിച്ചു.

 

എൻഡിഎ വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുമ്പിൽ റോഡ്ഷോ സമാപിച്ചപ്പോൾ ജീപ്പിൽ നിന്നും ഇറങ്ങിയ സ്ഥാനാർത്ഥിയെ നാട്ടുകാർ സെൽഫിയെടുത്തും ഷേക്ക്ഹാൻഡ് നൽകിയും ആനയിച്ചു. വയനാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എൻഡിഎ സ്ഥാനാർത്ഥിക്ക് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കൺവീനർ പ്രശാന്ത് മലവയൽ പറ‍ഞ്ഞു.

 

നരേന്ദ്രമോദിയോടുള്ള വയനാട്ടിലെ ജനങ്ങളുടെ സ്നേഹവും കെ.സുരേന്ദ്രനിലുള്ള വിശ്വാസവുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ദീർഘകാലം പൊതുപ്രവർത്തനം നടത്തിയ പാരമ്പര്യമുള്ള നേതാവാണ് കെ.സുരേന്ദ്രനെന്നും അദ്ദേഹത്തിന് വയനാട്ടുകാരുടെ പ്രശ്നങ്ങൾ മറ്റാരേക്കാളും അറിയാമെന്നും ബിജെപി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യർ പറഞ്ഞു. മണ്ണിന്റെ മണമുള്ള നേതാവാണ് എൻഡിഎ സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞു.

 

ജെആർപി സംസ്ഥാന അദ്ധ്യക്ഷ സികെ ജാനു, മുതിർന്ന വനവാസി കല്യാണാശ്രമം നേതാവ് പള്ളിയറ രാമൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട്, മുതിർന്ന ബിജെപി നേതാവ് പിസി മോഹനൻ മാസ്റ്റർ, വയനാട് ലോക്സഭ മണ്ഡലം ഇൻചാർജ് ടിപി ജയചന്ദ്രൻ, ബിജെപി സംസ്ഥാന വക്താവ് വിപി ശ്രീപദ്മനാഭൻ, എസ്.സി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മുകുന്ദൻ പള്ളിയറ, ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ, സദാനന്ദൻ മാസ്റ്റർ, മുൻ ജില്ലാ അദ്ധ്യക്ഷൻ കെപി മധു, ആർഎൽജെപി ജില്ലാ പ്രസിഡന്റ്‌അനീഷ്, എൽജെപി ജില്ലാ പ്രസിഡന്റ് കെകെ രാജൻ, ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *