May 12, 2024

സുരേന്ദ്രന്റെ പ്രസ്‌താവന വർഗീയ അജൻഡയുടെ പ്രത്യക്ഷമായ തെളിവ്‌: നാട്‌ അവജ്ഞയോടെ തള്ളും: എൽഡിഎഫ്‌

0
Img 20240411 195035

കൽപ്പറ്റ: സുൽത്താൻ ബത്തേരിയുടെ പേര്‌ ഗണപതിവട്ടമാക്കണമെന്ന സുരേന്ദ്രന്റെ പ്രസ്‌താവന ബിജെപിയുടെ വർഗീയ അജൻഡയുടെ പ്രത്യക്ഷമായ തെളിവാണെന്ന്‌ എൽഡിഎഫ്‌ വയനാട്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നാടിന്റെ വികസനമോ, രാഷ്‌ട്രീയമോ പറയാനില്ലാത്തതിനാൽ സമൂഹത്തിൽ ഭിന്നിപ്പും ധ്രുവീകരണവും ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോയെന്ന കുടിലതന്ത്രമാണ്‌ പയറ്റുന്നത്‌. ഇത്‌ ഉത്തേരന്ത്യയല്ല, കേരളവും വയനാടുമാണെന്ന്‌ സുരേന്ദ്രൻ മനസ്സിലാക്കണം.

മതനിരപേക്ഷതയുടെ നാടാണ്‌. നല്ല ചരിത്രബോധമുള്ള ജനതയാണ്‌. കേരളത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽനിന്ന്‌ കുടിയേറിയ വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ടവരും കർഷകരും തൊഴിലാളികളും ഗോത്രജനതയും തോളോട്‌ തോൾചേർന്ന്‌ ജീവിക്കുന്ന ഇടമാണ്‌. ഇവിടെ വർഗീയ വിഷം വമിപ്പിക്കാനുള്ള ഒരു ശ്രമവും വിലപ്പോകില്ല. ജനങ്ങൾ മറുപടി നൽകും.

‘സുൽത്താൻ ബത്തേരി’ രാജ്യശ്രദ്ധ ആകർഷിച്ച നഗരമാണ്‌. ശുചിത്വത്തിന്റെയും സൗന്ദര്യത്തിന്റെയും നാടാണ്‌. അത്‌ നാട്‌ ഒറ്റക്കെട്ടായി നേടിയതാണ്‌. കേരളത്തിലെ ഒരു ചരിത്രത്തെയും ഇല്ലാതാക്കാനോ, അവഹേളിക്കാനോ അനുവദിക്കില്ല. ഭിന്നിപ്പിന്റെ രാഷ്‌ട്രീയത്തിന്‌ വയനാട്ടിൽ വളക്കൂറുണ്ടാകില്ല.

വയനാടിന്റെ നീറുന്ന പ്രശ്‌നങ്ങളിലൊന്നും സുരേന്ദ്രനും ബിജെപിക്കും നിലപാടോ മറുപടിയോ ഇല്ല. വന്യമൃഗ പ്രതിരോധത്തിന്‌ കേന്ദ്ര സഹായമില്ല. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന വയനാട്ടുകാരുടെയും കേരളത്തിന്റെയും ആവശ്യം കേന്ദ്രം തള്ളി. ദേശീപാതയിലെ രാത്രിയാത്ര നിരോധനം നീക്കൽ, വയനാട്‌ റെയിൽവേ ഈ വിഷയങ്ങളിലും അനുകൂല നിലപാടല്ല.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന നാടിന്റെയാകെ ആവശ്യമാണ്‌ സുരേന്ദ്രൻ ഉയർത്തേണ്ടിയിരുന്നത്. അതിനുപകരും വെറുപ്പും വിദ്വേഷവും പടർത്തുന്ന സംഘപരിവാർ അജൻഡ ഉയർത്തി നാടിനെ ഭിന്നിപ്പിച്ച്‌ ശ്രദ്ധ നേടാനാനുള്ള സുരേന്ദ്രന്റെ തന്ത്രം വോട്ടർമാർ അവജ്ഞയോടെ തള്ളുമെന്നും എൽഡിഎഫ്‌ പാർലമെന്റ്‌ മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രനും കൺവീനർ ടി വി ബാലനും പ്രസ്‌താവനയിൽ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *