May 9, 2024

വേനൽ ശക്തമാകുന്നു: കോഴികളും മീനുകളും ചത്തൊടുങ്ങുന്നു

0
Img 20240412 111928

പനമരം: ജില്ലയിൽ വേനൽ ശക്തമാകുന്നതിനെ തുടർന്ന് ഇറച്ചിക്കോഴി വളർത്ത് കേന്ദ്രങ്ങളിലെ കോഴികളും കുളങ്ങളിലെ വളർത്ത് മീനുകളും ചത്തൊടുങ്ങുന്നു. കൊടുംചൂടിൽ പനമരം പഞ്ചായത്തിലെ നടവയൽ ചേരവയൽ ജോബിയുടെ മുന്നൂറോളം ഇറച്ചിക്കോഴികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചത്തത്.

നിരവധി കോഴിഫാമുകളുള്ള നടവയൽ മേഖലയിൽ ഇറച്ചിക്കോഴികളും, മുട്ടക്കോഴികളും ചത്ത് വീണ് തുടങ്ങിയതോടെ ബാക്കിയുള്ള കോഴികളെ ചൂടിൽനിന്ന് സംരക്ഷിക്കാൻ കർഷകർ പാടുപെടുകയാണ്.

കൂടിന് ചുറ്റും നനഞ്ഞ ചാക്കുകളിട്ടും സ്പ്രിൻക്ലർ ഉപയോഗിച്ച് മേൽക്കൂര നനച്ചും മേൽക്കൂരയ്ക് അടിയിൽ തുണിയും നെറ്റും വലിച്ചും മുട്ടക്കോഴിയുടെ കൂടിന്റെ മുകളിൽ തെങ്ങോല നനച്ചിട്ടും കോഴികളെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

ജലക്ഷാമവും കനത്ത ചൂടുംമൂലം കോഴി ഉൽപ്പാദനം വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ ഉൽപാദിപ്പിക്കുന്ന കോഴികൾ ചൂടുകൊണ്ട് ചാകുന്നത് കോഴിക്കർഷകരെ ദുരിതത്തിലാക്കുന്നു.

മീനുകൾ കൂടുതലും ചത്തു പൊങ്ങുന്നത് കണിയമ്പറ്റ പഞ്ചായത്തിലെ പ്രദേശങ്ങളിലാണ്. പ്രദേശത്തെ പരുവുമ്മേൽ ബേബിയുടെ കുളത്തിൽ മാത്രം രണ്ടു ക്വിന്റലോളം മീനാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ചത്ത് പൊങ്ങിയത്.

ചൂട് കൂടുന്നത് കാരണം കുളങ്ങളിലെ വെള്ളം വറ്റുന്നതും വെള്ളത്തിലെ ഓക്സിജൻ കുറയുന്നതുമാണ് ചെറുതും വലുതുമായ മീനുകൾ ചത്ത് പൊങ്ങാൻ കാരണമെന്ന് കർഷകർ പറയുന്നു.

കുളങ്ങളിലെ വെള്ളം ക്രമാതീതമായി കുറയുന്നത് മീൻ വളർത്തുന്ന കർഷകരെ ഏറെ പ്രതികൂലമായി ബാധിക്കുന്ന അവസ്‌ഥയാണ് നിലവിലുള്ളത്. കനത്ത ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതിനൊപ്പം കോഴിഫാമുകളിലെ കോഴികളും കുളങ്ങളിലെ മീനുകളും ചത്ത് പൊങ്ങുന്നത് കണ്ടുനിൽക്കേണ്ട അവസ്‌ഥയാണ് കർഷകർക്കുള്ളത്.

ബുധനാഴ്‌ച നടവയൽ പ്രദേശത്തു കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത്. അന്നേ ദിവസം വൈകിട്ടോടെയാണ് കോഴികളും മീനുകളും കൂടുതൽ ചത്തതും.

ചുടുമൂലം കോഴികളും വളർത്ത് മീനുകളും ചാകുന്നത് ആദ്യത്തെ അനുഭവമാണെന്ന് രണ്ട് വർഷമായി കോഴി ഫാം നടത്തുന്ന ജോബിയും മുന്ന് വർഷത്തിലേറെയായി മീൻ കൃഷി നടത്തുന്ന ബേബിയും പറയുന്നു.

കിണറുകളിലടക്കം വെള്ളം വറ്റിയതിനാൽ പുറമേ നിന്ന് കുളങ്ങളിലേക്ക് ജലം എത്തിക്കാൻ സാധിക്കുന്നില്ലെന്നും അടുത്ത ദിവസം തന്നെ വേനൽ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും കർഷകർ പറയുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *