May 4, 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തി

0
Img 20240422 182626

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിലയിരുത്തി. വോട്ടെടുപ്പ് പ്രക്രിയ സ്വതന്ത്ര്യവും സുതാര്യവുമാകാന്‍ മണ്ഡലങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ നികുഞ്ച് കുമാര്‍ ശ്രീവാസ്തവ, ചെലവ് നിരീക്ഷകന്‍ കൈലാസ് പി ഗെയ്ക് വാദ് എന്നിവര്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും സെക്ടര്‍ ഓഫീസര്‍മാര്‍ സന്ദര്‍ശിക്കുകയും പോളിങ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഇവിഎം/വിവിപാറ്റ് യന്ത്രങ്ങള്‍, പോളിങ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവരുടെ വിന്യാസം ഉറപ്പ് വരുത്തണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അവലോകന യോഗത്തില്‍ നിരീക്ഷകര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍, അവശ്യ സര്‍വ്വീസിലുള്ളവര്‍, സര്‍വീസ് വോട്ടര്‍മാര്‍ എന്നിവര്‍ക്ക് തപാല്‍ ബാലറ്റ് ഉറപ്പാക്കണം. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗതാഗത സൗകര്യവും ആശയ വിനിമയ സംവിധാനങ്ങളും തയ്യാറാക്കണം. കുടിവെള്ളം, പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് ശരിയായ ഇരിപ്പിടങ്ങള്‍, തണല്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കമെന്നും നിര്‍ദേശിച്ചു. വയനാട് ലോക്‌സഭാ മണ്ഡത്തിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ അഭിനന്ദിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയകളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വ്യക്തമാക്കി. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും സുഗമമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വിവിധ നിയോജക മണ്ഡലങ്ങളില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ വിശദീകരിച്ചു.

പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍, പെയ്ഡ് ന്യൂസ് നിരീക്ഷണം, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് എം.സി.എം.സി നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു യോഗത്തില്‍ പറഞ്ഞു. വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആവശ്യമായ പോളിങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് നിവേദ് വ്യക്തമാക്കി.

ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ. ദേവകി, മാനന്തവാടി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ മിസാല്‍ സാഗര്‍ ഭരത്, മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, കല്‍പ്പറ്റ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ അനിതകുമാരി, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *