June 16, 2025

മാവോയിസ്റ്റ് ഭീഷണി :അഞ്ച് ജില്ലകളിൽ പൊലീസിന്റെ ജാഗ്രത നിർദ്ദേശം.

0
IMG_20171114_090530-1

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മലപ്പുറം കരുളായി വനത്തില്‍  കഴിഞ്ഞ വർഷം നവംബർ 24 നു പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികദിനം അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലടക്കം അഞ്ച് ജില്ലകളിൽ പോലീസ് ജാഗ്രതയില്‍. ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും വയനാട്ടിലേക്കുള്ള വഴികളില്‍ പരിശോധന ശക്തമാണ്. വനാതിര്‍ത്തി പ്രദേശങ്ങളിലടക്കം രാത്രികാല പരിശോധനയും ഊര്‍ജിതമാക്കി. പഴുതടച്ച നിരീക്ഷണത്തിലാണ് നേരത്തേ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍. രാത്രിയും വെളിച്ചം ലഭിക്കുന്നതിനു പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തി. മാവോയിസ്റ്റുകള്‍ സ്റ്റേഷന്‍ ആക്രമിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെയും  മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെയും  മാവോയിസ്റ്റകള്‍ വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അടുത്തകാലത്ത് പോലീസ് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയുമുണ്ടായി. എന്നിരിക്കെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ പോലീസ് സജ്ജമാണെന്ന്  ജില്ലാ പോലീസ് മേധാവി അരുള്‍ ആര്‍.ബി. കൃഷ്ണ അറിയിച്ചു. മാവോവാദികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ബഹുവര്‍ണ പോസ്റ്റര്‍  പോലീസ് പൊതുജനശ്രദ്ധ ആകര്‍ഷിക്കുംവിധം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുണ്ട്. പോസ്റ്ററിലുള്ള ആളുകളെ കാണുകയോ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ 9497 990 125, 9497 990 130, 9497 990 131 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *