May 5, 2024

കുരുമുളക് വ്യാപാരി കർഷകരിൽ നിന്ന് തട്ടിയത് മൂന്ന് കോടി: അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ 13-ന് കർഷകരുടെ മാർച്ച് ‘

0
കല്‍പ്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുരുമുളക് അവധി വ്യാപാര തട്ടിപ്പ് നടത്തിയ സംഭവത്തിലെ കുറ്റാരോപിതരെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നതായി കബളിപ്പിക്കപ്പെട്ട കര്‍ഷകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
പൊലീസ് അനാസ്ഥക്കെതിരെയും, സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും 13ന് (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് മുമ്പില്‍ സമരം നടത്തുമെന്നും അവര്‍ അറിയിച്ചു.
 ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കുരുമുളക് കിലോക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 150 രൂപയോളം കൂട്ടിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വടകര സ്വദേശിയായ വി.പി ജിതിന്‍ എന്നയാളാണ് കര്‍ഷകരെ ബന്ധപ്പെട്ടത്. വിലകൂടുതല്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കര്‍ഷകര്‍ കരുമുളക് നല്‍കുകയുമുണ്ടായി. വിദേശത്തേക്ക് കുരുമുളക് നേരിട്ട് കയറ്റി അയച്ച് കൂടുതല്‍ ലഭിക്കുന്ന വില കര്‍ഷകര്‍ക്ക് നല്‍കുമെന്നും ഇയാള്‍ വിശ്വസിപ്പിക്കുകയുണ്ടായി. 
കുരുമുളക് സംഭരണത്തിനായി വിവിധ സ്ഥലങ്ങളില്‍ ഓഫീസ് തുറക്കുകയും ചെയ്തു. 2017 ജൂണ്‍ മാസത്തിലാണ് ഇവര്‍ കുരുമുളക് സംഭരിച്ചത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, മാനന്തവാടി, തലപ്പുഴ, പടിഞ്ഞാറത്തറ, കാട്ടിക്കുളം, തിരുനെല്ലി, പനമരം, വെള്ളമുണ്ട, കല്ലോടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വ്യാപകമായി അവധി വ്യാപാരത്തിന് കുരുമുളക് വാങ്ങിയത്. ഡിസംബര്‍ വരെ ഇവര്‍ കൃത്യമായും, യഥാസമയവും ഷകര്‍ക്ക് പണം നല്‍കി കര്‍ഷകരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സംഘത്തിനായി. എന്നാല്‍ ജനുവരി മുതല്‍ കര്‍ഷകര്‍ക്ക് പണത്തിന് പകരം ചെക്ക് നല്‍കാന്‍ തുടങ്ങി. എന്നാല്‍ ബാങ്കിലെത്തിയ കര്‍ഷകര്‍ക്ക് പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. 
ഇതോടെയാണ് കര്‍ഷകര്‍ കബൡപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കബളിപ്പിക്കപ്പെട്ട 150ലേറെ കര്‍ഷകര്‍ പരാതി നല്‍കുകയുണ്ടായി. ഇതേ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടക്കുകയുണ്ടായില്ല. സംഘം നാടുവിട്ടെന്നാണ് പൊലീസ് പറയുന്നത്. ജിതിന്റെ സഹായികള്‍ മുഴുവന്‍  നാട്ടിലുണ്ട്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ, വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനോ പൊലീസ് നടപടിയെടുക്കുന്നില്ല.ഇതേ തുടര്‍ന്ന് കര്‍ഷകര്‍ മാനന്തവാടിയില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. 
150 ലേറെ കര്‍ഷകരില്‍ നിന്നും 3 കോടിയോളം രൂപ സംഘം തട്ടിയെടുത്തതായി അവര്‍ പറഞ്ഞു. പണം ലഭിക്കാത്ത പക്ഷം ജിതിന്‍ എന്നയാളുടെ വടകരയിലെ വീട്ടുപടിക്കല്‍ കര്‍ഷകര്‍ കുടുംബ സമേതം സമരം ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.കെ തോമസ്, കണ്‍വീനര്‍ എ.കെ രാമചന്ദ്രന്‍, മെമ്പര്‍മാരായ കെ.ജെ ജോണി, സിജോ വര്‍ഗ്ഗീസ്, കെ.എ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *