April 28, 2024

രോഗപ്രതിരോധം വയനാട് ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ലക്ഷ്യത്തിലെത്തി

0
രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇതര ജില്ലകളെക്കാള്‍ വയനാട് ജില്ല മുന്നിട്ടുനിന്നതായി ആരോഗ്യം പ്രതിരോധം അതിജീവനം സെമിനാര്‍ വിലയിരുത്തി. മന്ത്രി സഭാ വാര്‍ഷികത്തിന്റെ ഭാഗമായി പൊലിക വേദിയില്‍ അവതരിപ്പിച്ച സെമിനാറാണ് ജില്ലയുടെ ആരോഗ്യ രംഗത്തെ നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്തത്. ആരോഗ്യം, ആയുര്‍വേദം, ഹോമിയോ വകുപ്പ് പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ആരോഗ്യവകുപ്പ് ജാഗ്രത പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഊര്‍ജിത കര്‍മപരിപാടികള്‍ നടത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം ഇതര ജില്ലകളില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടില്‍ ഒരു മരണം പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നതു നേട്ടമാണ്. 19,645 കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 64,731 പേര്‍ ചികില്‍സതേടി. 37 ഡെങ്കിപ്പനി മരണമാണ് റിപോര്‍ട്ട് ചെയ്തത്. 233 പേര്‍ മരിച്ചത് ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണെന്നും കണ്ടെത്തിയിരുന്നു. സമയോചിത ഇടപെടലുകളും രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികില്‍സ നല്‍കാന്‍ കഴിഞ്ഞതുമാണ് വയനാടിന്റെ നേട്ടം. 1332 പേര്‍ക്ക് സംസ്ഥാനത്തൊട്ടാകെ എച്ച്1 എന്‍1 റിപോര്‍ട്ട് ചെയ്തു. 185 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. മരണങ്ങളുണ്ടായില്ല. കോളറയുടെ കാര്യത്തില്‍ അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന സ്ഥിതിവിശേഷമല്ല ഇപ്പോള്‍. ഇക്കൊല്ലം ഇതുവരെ ജില്ലയില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് മാത്രമാണ് കോളറ സ്ഥിരീകരിച്ചത്. 
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുകയാണ് വേണ്ടതെന്നു സെമിനാര്‍ ഓര്‍മിപ്പിച്ചു. ഖര-ദ്രവ മാലിന്യസംസ്‌കരണത്തിന്റെ അഭാവം, കൊതുകു സാന്ദ്രതയിലെ വര്‍ധന, കാലാവസ്ഥാ മാറ്റം, ശുദ്ധജല ദൗര്‍ലഭ്യം, ഭക്ഷ്യശുചിത്വമില്ലായ്മ, മൃഗങ്ങളിലൂടെയുള്ള രോഗപ്പകര്‍ച്ച തുടങ്ങിയവയാണ് പകര്‍ച്ചവ്യാധികള്‍ക്കു കാരണം. ഇതു തടയാന്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള വിപുലമായ ക്യാമ്പെയിനാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. പൊതുജന പങ്കാളിത്തത്തോടെയുള്ള കൊതുകുനശീകരണം, വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള കാംപയിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പോംവഴിയാണ്. തൊണ്ടര്‍നാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചത് ഒരു കൂള്‍ഡ്രിങ്ക്‌സ് ഷോപ്പില്‍ നിന്നാണെന്നാണ് കണ്ടെത്തിയത്. രോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, പരമാവധി ഒരു മിനിറ്റ് വരെ വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക, കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുക എന്നീ നിര്‍ദേശങ്ങളുയര്‍ന്നു. പനമരം സിഡിപിഒ സാമൂഹികനീതി വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ച് വിശദീകരിച്ചു. സാമൂഹികനീതി വകുപ്പിന്റെ കൈപ്പുസ്തകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുള്‍ ഖാദര്‍ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്തോഷ് ഏറ്റുവാങ്ങി. ഡിഎംഒ (ആരോഗ്യം) നൂന മര്‍ജ, ഡോ. കെ എസ് അജയന്‍, ഡോ. അരുണ്‍കുമാര്‍, ഡോ. ജറാള്‍ഡ് ജയകുമാര്‍, ഡോ. കെ സന്തോഷ് കുമാര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *