May 8, 2024

ലൈഫ് മിഷൻ പദ്ധതി:പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ചൊവ്വാഴ്ച

0
Img 20180630 Wa0019
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍  പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ചൊവ്വാഴ്ച നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.കെ ഹനീഫ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 9 ഗ്രാമപഞ്ചായത്തുകളിലായി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 844 പേരും, പട്ടികജാതി വിഭാഗത്തില്‍ പ്പെട്ട 157 പേരും,  ജനറല്‍ വിഭാഗത്തില്‍പ്പെട്ട 328 പേരും ആകെ 1329 പേര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി കരാര്‍ വെച്ചിട്ടുണ്ട്.  അസംസ്‌കൃത വസ്തുക്കളായ കരിങ്കല്ല്, വെട്ടുകല്ല്, ഇഷ്ടിക മുതലായവ ദൗര്‍ലഭ്യതയും,  തൊഴിലാളികളുടെ ക്ഷാമവും, കാലാവസ്ഥയുടെ പ്രതികൂലതയും മറികടന്ന് നമുക്ക് ആയിരത്തി ഒരുനൂറോളം വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  ഇതില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 800ഓളം പേര്‍ക്ക് വീട് നിര്‍മ്മിക്കാനായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്നില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്താണ്.
 ഭവന രഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ലൈഫ് മിഷനോട് ചേര്‍ന്ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്  അതിവേഗം മുന്നേറുകയാണ്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് പണിയുന്നതിന് എഗ്രിമെന്റ് വെയ്ക്കുകയും ഒന്നോ അതിലധികമോ ഗഡുക്കള്‍ കൈപ്പറ്റുകയും ചെയ്തിട്ട് വിവിധ കാരണങ്ങളാല്‍ വീടു പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ഗുണഭോക്താക്കള്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ ലൈഫ് മിഷനിലൂടെ കഴിഞ്ഞിട്ടുണ്ട്.  
 
        ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം വ്യവസായം, സ്‌പോര്‍ട്ട്‌സ്, യുവജനകാര്യ മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. എം.ഐ.ഷാനവാസ് എം.പി,  സികെ.ശശീന്ദ്രന്‍ എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാതമ്പി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സെയ്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ജിന്‍സി സണ്ണി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  സരുണ്‍ കെ എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *