April 28, 2024

മാവോയിസ്റ്റുകൾ തങ്ങളോട് മാന്യമായി പെരുമാറിയെന്ന് രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾ

0
Img 20180721 Wa0076
കൽപ്പറ്റ: വെള്ളിയാഴ്ച രാത്രി അഞ്ചംഗ മാവോയിസ്റ്റ് സംഘം പ്രത്യക്ഷപ്പെട്ട വയനാട് മേപ്പാടി കള്ളാടി തൊള്ളായിരം കണ്ടിയിൽ തിരച്ചിലാനായി കൂടുതൽ പോലീസ് സംഘമെത്തി. കബനീ ദളം എന്ന മാവോയിസ്റ്റ് സംഘത്തിന് നേതൃത്വം നൽകുന്ന വിക്രം ഗൗഡ, സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് കള്ളാടിയിലെത്തിയതെന്ന് വയനാട് ജില്ലാ പോലീസ് ചീഫ്  കറുപ്പ് സാമി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് കള്ളാടിയിൽ നിർമ്മാണം നടക്കുന്ന റിസോർട്ടിൽ നിന്നും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത്. കോഴിക്കോട് ആസ്ഥാനമായ എമറാൾഡ് ഗ്രൂപ്പിന്റേതാണ് റിസോർട്ട്. മേപ്പാടിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ധാരാളം ഹോം സ്റ്റേകളും റിസോർട്ടുകളുമുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് തൊള്ളായിരം കണ്ടി. മാവോയിസ്റ്റുകൾ ഇവിടെ എത്തുമ്പോൾ  തൊഴിലാളികളിൽ ഒരാൾ ഇവർക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട് എത്തിയതിനാലാണ് വിവരം പുറം ലോകം അറിഞ്ഞത്. 

     മാവോയിസ്റ്റുകൾ ബന്ദികളാക്കിയ  ബംഗാൾ സ്വദേശികളായ അലാവുദ്ധീൻ ഷേഖ്, മൊഹ് ദീൻ, മക്ബൂൽ എന്നിവരെ പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിനായി ഇവരെ ജില്ലാ പോലീസ് ചീഫിന്റെ  ഓഫീസിലേക്ക് കൊണ്ടുപോയി. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്ത്രീ ഉൾപ്പടെ വിക്രം ഗൗഡയും സോമനും നേതൃത്വം നൽകുന്ന മാവോയിസ്റ്റ് സംഘമാണ്  കള്ളാടിയിലെത്തിയതെന്ന് സ്ഥിരീകരിച്ചത്.
     ബന്ദികളാക്കിയ തങ്ങളോട് അപകടകരമായോ അക്രമ പരമായോ പെരുമാറിയിട്ടില്ലന്നും മാന്യമായാണ് പെരുമാറിയതെന്നും രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു .പണമോ മറ്റ് മോചന ദ്രവ്യങ്ങളോ അവർ ആവശ്യപ്പെട്ടില്ലന്ന്  എസ്റ്റേറ്റ് മാനേജരും പറഞ്ഞു. കള്ളാടിയിലെ ഏലതോട്ടത്തിൽ എമറാൾഡ് ഗ്രൂപ്പ് നിർമ്മിക്കുന്ന റിസോർട്ടിൽ ടൈൽ പതിപ്പിക്കാനെത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. 
   മാവോയിസ്റ്റ് വേട്ടക്ക് പ്രത്യേകം പരിശീലനം ലഭിച്ച രണ്ട് ഗ്രൂപ്പ് തണ്ടർബോൾട്ട് സംഘങ്ങൾ ഉൾപ്പടെ മുപ്പതംഗ പോലീസ് രാവിലെ തെരച്ചിൽ ആരംഭിച്ചു.  ഉച്ചയോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നുണ്ട്. 
      2013 – മുതൽ മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ വയനാട്ടിൽ തണ്ടർ ബോൾട്ടും അധിക പോലീസ് സേനയും നിരീക്ഷണം നടത്തി വരുന്നുണ്ട്. എങ്കിലും വയനാട് ജില്ലയിലെ കുഞ്ഞോം, മക്കിമല, മേപ്പാടി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ അടിവാരം, കോടഞ്ചേരി , പുതുപ്പാടി മേഖലകളിലും ആയുധ ധാരികളായ മാവോയിസ്റ്റുകൾ ജനവാസ കേന്ദ്രങ്ങളിൽ എത്താറുണ്ട്. ചിലയിടങ്ങളിൽ നാട്ടുകാർ ഇവർക്ക് പിന്തുണ നൽകുന്നതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *