April 29, 2024

മലയോര ഹൈവേയുടെ പ്രവൃത്തി അടുത്ത മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്ന വിധം നടപ്പാക്കാന്‍ തീരുമാനം.

0
Img 20180724 Wa0190
മാനന്തവാടി മണ്ഡലത്തില്‍ മലയോര ഹൈവേയുടെ പ്രവൃത്തി അടുത്ത മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്ന വിധം നടപ്പാക്കാന്‍ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് ഒ ആര്‍ കേളു എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയ പാര്‍ടി, വ്യാപരി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 139.1കോടി രൂപയുടെ പ്രവൃത്തിയാണ് മണ്ഡലത്തില്‍ നടപ്പാക്കുക. ധനകാര്യാനുമതിക്കായി പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട്(ഡിപിആര്‍) കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഉടന്‍ ധനകാര്യാനുമതിയും ഭരണാനുമതിയും ലഭിക്കും.
ബോയ്‌സ് ടൗണ്‍ മുതല്‍ പച്ചിലക്കാട്‌വരെയും തലപ്പുഴ 43-വാളാട്-കരിമ്പില്‍ വഴി കുങ്കിച്ചിറവരെയുമാണ് മാനന്തവാടി മണ്ഡലത്തില്‍ മലയോര ഹൈവേ കടന്നുപോകുക. ബോയ്‌സ് ടൗണ്‍ മുതല്‍ പച്ചിലക്കാട് വരെയുള്ള 32.3 കിലോമീറ്ററും തലപ്പുഴ 43 മുതല്‍ കുങ്കിച്ചിറവരെയുള്ള 19.3 കിലോമീറ്റര്‍ റോഡുമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്തിടെ നിര്‍മാണം പൂര്‍ത്തീകരിച്ച തലപ്പുഴ 43 മുതല്‍ വാളാട്‌വരെയുള്ള 8.3 കിലോമിറ്റര്‍ ഒഴിച്ചാവും പ്രവൃത്തി നടത്തുക.
12 മീറ്റര്‍ വീതിയാണ് റോഡിന് വേണ്ടത്. നിലവില്‍ വീതി കുറഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ സ്വമേധയാ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കണം. റോഡ് കടന്നുപോകുന്ന ഇരുവശങ്ങളിലുമുള്ളവരുടെ യോഗം പഞ്ചായത്ത് തലത്തില്‍ ആഗസ്ത് 10നകം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കും.  അതാത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ക്കേണ്ടത്. റോഡിനരികിലുള്ള ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആരാധനാലയ അധികൃതരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കും. മാനന്തവാടി, തലപ്പുഴ ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാനന്തവാടി നഗരസഭയും തവിഞ്ഞാല്‍ പഞ്ചായത്തും വ്യാപാരികളുടെ യോഗം വിളിച്ച് ചര്‍ച്ചചെയ്യും. പദ്ധതിയുടെ സാങ്കേതിക അനുമതിക്ക് മുമ്പായി സ്ഥലലഭ്യത ഉറപ്പുവരുത്തും.
മണ്ഡലത്തിലെ യാത്രാസൗകര്യത്തില്‍ കാതലായ മാറ്റം ഉണ്ടാക്കുന്ന പദ്ധതിയുമായി മുഴുവന്‍പേരും സഹകരിക്കണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു. ഏറ്റുമുട്ടലുകളില്ലാതെ സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മലയോര ഹൈവേ കടന്നുപോകുന്ന തദ്ദേശസ്ഥാപന ഭരണാധികാരികളും മുഴുവന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും പദ്ധതിക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ പ്രഭാകരന്‍,  മാനന്തവാടിനഗരസഭാ ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് പി ടി ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജെ പൈലി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍,  പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനുഷാ സുരേന്ദ്രന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത്ത്, പി വി സഹദേവന്‍, എക്കണ്ടി മൊയ്തൂട്ടി, ഇ ജെ ബാബു, എം അനില്‍, കെ ഉസ്മാന്‍, ടി സുരേന്ദ്രന്‍, ജോസഫ് കളപ്പുര, മാനന്തവാടി തഹസില്‍ദാര്‍ എന്‍ ഐ ഷാജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി എം സുരേഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ കെ ബി നിത, നീതു സെബാസ്റ്റിയന്‍, ഓവര്‍സിയര്‍ ബി സുരേഷ് കുമാര്‍, പി സുധീന്ദ്രലാല്‍ എന്നിവര്‍ സംസാരിച്ചു.
ബോയ്‌സ് ടൗണ്‍ മുതല്‍ മേപ്പാടിവരെയാണ് ജില്ലയില്‍ മലയോര ഹൈവേ കടന്നുപോകുന്നത്. തലപ്പുഴ 43 മുതല്‍ വാളാട്-കുങ്കിച്ചിറവരെയുള്ള പാത പിന്നീട് വിലങ്ങാട് റോഡുമായി ബന്ധിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *