May 19, 2024

അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഐ .സി .ബാലകൃഷ്ണന്‍ എം. എല്‍. എ

0
Img 20180814 Wa0068
കല്‍പ്പറ്റ: മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയും, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയും ഷട്ടറുകള്‍ തുറന്നതുമൂലം പ്രദേശത്ത് വന്‍നാശനഷ്ടങ്ങളാണുണ്ടായത്. അശാസ്ത്രീയമായി ഡാം തുറന്നുവിട്ടത് കൊണ്ട് സംഭവിച്ച എല്ലാ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. എല്ലാം നശിച്ച് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം. ക്യാംപുകളില്‍ കഴിയുന്നവരെ കൂടാതെ എല്ലാം നഷ്ടപ്പെട്ട് ബന്ധുവീടുകളിലും മറ്റും കഴിയുന്ന ആയിരങ്ങള്‍ വേറെയുമുണ്ട്. ഇവരുടെ കണക്കെടുത്ത് മറ്റുള്ളവര്‍ക്ക് നല്‍കുന്ന അതേ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം. ജില്ലയില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഴക്കെടുതിയിലും സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തിനട പടികളുമായി മുന്നോട്ടുപോകുകയാണ്. ജില്ലയെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച് കൂടുതല്‍ മഴക്കെടുതികളുണ്ടായ പ്രദേശങ്ങളെ തരംതിരിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാണാസുര അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് മൂലം വീടുകളിലും മറ്റും വെള്ളം കയറി ആയിരക്കണക്കിന് പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ബാണാസുര അണക്കെട്ടില്‍ നിന്നും ജലം ഒഴുകിയെത്തുന്ന പ്രദേശങ്ങളില്‍ മാത്രമായി 20 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. മഴ ശക്തമായത് മുതല്‍ ഡാമിന്റെ താഴ്വാരത്ത് താമസിക്കുന്ന ജനങ്ങള്‍ ദുരിതത്തിലും ആശങ്കയിലുമാണ്. സാധാരണ ഡാമുകള്‍ തുറന്നുവിടുന്നതിന് മുമ്പ് ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ ജനപ്രതിനിധികളുമായോ, റവന്യൂ അധികൃതരുമായോ യാതൊരു ചര്‍ച്ചയും നടത്തിയില്ല. കൂടാതെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് എന്നിങ്ങനെയുള്ള അതോറിറ്റികളെയോ ഇക്കാര്യം അറിയിച്ചി ല്ലെന്നതാണ് വാസ്തവം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. ഒട്ടനവധി വളര്‍ത്തുമൃഗങ്ങളും ചത്തു. ഇനിയും മാസങ്ങളെടുത്താല്‍ പോലും പ്രദേശവാസികള്‍ക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കെ എസ് ഇ ബിയുടെ ഉടമസ്ഥതയിലുള്ള ബാണാസുര സാഗര്‍ അണക്കെട്ട് പണമുണ്ടാക്കാനുള്ള ഉപകരണം മാത്രമായി മാറുകയാണ്. വയനാട്ടുകാര്‍ക്ക് ഈ ഡാമു കൊണ്ട് യാതൊരുവിധ പ്രയോജനമില്ലാത്ത അവസ്ഥയാണ്. വൈദ്യുതി മന്ത്രി എം എം മണി പോലും അശാസ്ത്രീയമായി ഡാം തുറന്നതിനെ ന്യായീകരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഡാം പ്രാവര്‍ത്തികമാകുന്ന സമയത്തെടുത്ത കരാറുകളെല്ലാം ലംഘിച്ചാണ് ഇപ്പോള്‍ അധികൃതര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികള്‍ സംഘടിച്ചുകഴിഞ്ഞു. ഇവരുടെ കൂട്ടായ്മക്ക് പിന്തുണ നല്‍കും. ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് മൂലം ദുരിമനുഭവിക്കേണ്ടി വന്നത് പ്രദേശത്തെ കര്‍ഷകര്‍ക്ക് കൂടിയാണ്. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളാണ് ഈ ഭാഗത്ത് വെള്ളത്തിനടിയിലായത്. അശാസ്ത്രീയമായി ഡാം തുറന്നത് മൂലം വയനാട്ടിലെ കെടുതി വര്‍ധിക്കുകയാണുണ്ടായത്. അതിനാല്‍ ഡാം മുന്നൊരുക്കങ്ങളില്ലാതെ തുറന്നുവിട്ടത് സംബന്ധിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയില്‍ മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ചിങ്ങം ഒന്നിന് കലക്‌ട്രേറ്റ് പടിക്കല്‍ നടത്താനിരുന്ന സമരപരിപാടികള്‍ മാറ്റിവെച്ചതായും അദ്ദേഹം പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *