May 18, 2024

രോഗ പ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ നേതൃത്വം നൽകും

0
Img 20180822 Wa0075
കാലവർഷക്കെടുത്തിക്ക് ശേഷമുള്ള ജില്ലയിലെ രോഗ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനും കുടുംബശ്രീ നേതൃത്വം നൽകും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശുചിത്വ മിഷനും ഹരിത കേരള മിഷനും നടത്തുന്ന പരിപാടികൾക്ക് പ്രാദേശിക തലത്തിൽ കുടുംബശ്രീ നേതൃത്വം നൽകണമെന്ന്‍ നിർദ്ദേശിച്ചു. വെള്ളപ്പൊക്കത്തിന്  ശേഷം പകർച്ച വ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ആരോഗ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടികൾക്ക് ഇന്ന്‍ തുടക്കമാവും. ജില്ലയിലെ എല്ലാ സി.ഡി.എസ്സുകളിൽ നിന്നും ഓരോ റിസോഴ്‌സ് പേഴ്‌സണ്‍മാർക്ക് ഇത് സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇന്ന്‍ ബോധവർക്കരണ ക്ലാസ്സുകൾ നടക്കും. അതത് സി.ഡി.എസ്സുകൾക്ക് കീഴിലുള്ള മുഴുവൻ അയൽക്കൂട്ടങ്ങളിലെയും പ്രസിഡന്റ്/ സെക്രട്ടറിക്കാണ് പരിശീലനം നൽകുക. മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. പരിശീലനം ലഭിച്ചവർ തോട്ടടുത്ത അയൽക്കൂട്ട യോഗത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അംഗങ്ങൾക്ക് പകർന്ന്‍ നൽകണം. വെള്ളപ്പൊക്കം ബാധിക്കാത്ത ഇടങ്ങളിലും പകർച്ച വ്യാധികൾക്ക് സാധ്യതയുള്ളതിനാൽ എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ബോധവൽക്കരണം നടത്തുതിനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.  ജില്ലയിൽ 9250 അയൽക്കൂട്ടങ്ങളിലായി 1.27 ലക്ഷം അംഗങ്ങളാണുള്ളത്. പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കണമെന്ന്‍ സി.ഡി.എസ്സുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിവരങ്ങൾ പരമാവധി താഴെത്തട്ടിൽ വേഗത്തിലെത്തുമന്നാണ് പ്രതീക്ഷ.
അതോടൊപ്പം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം ഇന്ന്‍ മുതൽ ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമാവും. ഒരു വാർഡിൽ നിന്നും 50 കുടുംബശ്രീ അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും ഇതിനകം തന്നെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളും ക്യാമ്പുകളും ശുചീകരിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. ഹരിത കർമ്മസേനയുടെയും സി.ഡി.എസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് നിലവിൽ ശുചീകരിക്കുന്നത്. കൂടാതെ പല അയൽക്കൂട്ടാംഗങ്ങളും സ്വന്തം നിലയിലും സന്നദ്ധ പ്രവർത്തകരോടൊത്തും ശുചീകരണം നടത്തുന്നുണ്ട്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടതുണ്ടെുന്നും കൂടുതൽ സംഘടിതമായി നടത്തണമെന്നും നിർദ്ദേശം വന്നതിനാൽ പഞ്ചായത്ത് തല കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ  മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. അതത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും തദ്ദേശ ഭരണ സ്ഥാപനതലത്തിൽ ശുചീകരണം നടത്തുക. നിലവിൽ കുടുംബശ്രീ നടത്തി വരുന്ന ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായി നടന്നു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുകയെന്ന്‍ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത അറിയിച്ചു.  
ജില്ലയിലെ എല്ലാ കുടുംബശ്രീ അംഗങ്ങളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.  കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സംസ്ഥാന തലത്തിൽ സ്വരൂപിക്കുന്ന തുകയിലേക്കുള്ള ജില്ലയുടെ വിഹിതം ഉടൻ കൈമാറും. കുടുംബശ്രീ അംഗങ്ങളുടെ ജെ.എൽ.ജി, ലിങ്കേജ് വായ്പകൾക്കും മൊറൊട്ടോറിയം ബാധകമാക്കണമെന്ന്‍ സംസ്ഥാന മിഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കാർഷിക, സംരംഭ മേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ച് നൽകുതിന് സി.ഡി.എസ്സുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ നഗരസഭയിലുൾപ്പെടെ ചില സി.ഡി.എസ്സ് ഓഫീസുകളിൽ തന്നെ വെള്ളം കയറിയത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇവ സംബന്ധിച്ച പൂർണ്ണമായ കണക്ക് ശേഖരിച്ച് സംസ്ഥാന മിഷന് റിപ്പോർട്ട് നൽകുമെന്നും കോ- ഓർഡിനേറ്റർ അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *