May 7, 2024

വയനാട്ടിൽ ജില്ലാതല ആരോഗ്യമേളയും മെഗാ മെഡിക്കല്‍ ക്യാമ്പും ഡിസംബര്‍ 27 മുതൽ

0

    ആരോഗ്യമേഖലയുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം തേടി വയനാട്  ജില്ലയില്‍ ആരോഗ്യമേളയും മെഗാമെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27,28 തീയതികളിലാണ് മേള നടത്തുക. മൂന്നു നിയോജകമണ്ഡലങ്ങളിലുമായി നടക്കുന്ന മേളയുടെ പ്രധാന വേദി കല്‍പ്പറ്റയിലായിരിക്കും. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ വിവിധ വകപ്പുകളുടെ സഹകരണത്തോടെയാണ് മേളയും ക്യാമ്പും സംഘടിപ്പിക്കുന്നത്. പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ആരോഗ്യമേഖലയിലെ നിലവിലെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക, വിവിധ സര്‍ക്കാര്‍ പദ്ധതികളെ പരിചയപ്പെടുത്തുക, പൊതുജനങ്ങളുമായി ബന്ധം സ്ഥാപിക്കുക, വിദ്യാര്‍ത്ഥികളില്‍ വിജ്ഞാനം പകരുക തുടങ്ങിയവയാണ് ആരോഗ്യമേളയുടെ പ്രധാന ലക്ഷ്യങ്ങള്‍. മേളയുടെ ആദ്യദിനത്തില്‍ സെമിനാറുകളും പ്രദര്‍ശനങ്ങളും നടക്കും. രണ്ടാംദിനത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ ലോകസഭാ മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന ആരോഗ്യമേളയില്‍ സര്‍ക്കാര്‍, സ്വകാര്യ, സന്നദ്ധ സംഘടന മേഖലകളുടെ പങ്കാളിത്തം ഉണ്ടാകും.

   കൗമാര സഹൃദ വയനാട്, മാലിന്യ മുക്ത വയനാട്, അയല്‍ സംസ്ഥാന തൊഴിലാളി സൗഹൃദ വയനാട്, ടിബി മുക്ത വയനാട്, ലഹരി മുക്ത വയനാട്, ജീവിത ശൈലി സൗഹൃദ വയനാട്, മാതൃ-ശിശു സൗഹൃദ വയനാട്, നേത്ര രോഗ വിമുക്ത വയനാട് എന്നീ  ലക്ഷ്യങ്ങള്‍ക്കായുള്ള ദീര്‍ഘക്കാല പദ്ധതികളും മേളയുടെ ഭാഗമായി നടപ്പാക്കും. ഓരോ മേഖലയ്ക്കും പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് നിലവിലെ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ വിശകലനം ചെയ്യും. തുടര്‍ന്ന് വിദഗ്ധ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍  തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇങ്ങനെ കണ്ടെത്തിയ വസ്തുതകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്  ഹളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ. ദേവകി, ഡോ. ഷുബിന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ബി. അഭിലാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *