May 8, 2024

പൊതു തെരഞ്ഞെടുപ്പ് : സംശയകരമായ പണമിടപാടുകള്‍ നിരീക്ഷിക്കും

0
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഓണ്‍ലൈന്‍  വഴിയും നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ വയനാട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആനന്ദ് കുമാര്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.  സിവില്‍ സ്റ്റേഷന്‍ എ.പി.ജെ. ഹാളില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംശയാസ്പദമായ പണമിടപാടുകള്‍ സംബന്ധിച്ച വിവരം തിരഞ്ഞെടുപ്പ് വിഭാഗത്തെയോ ഇന്‍കം ടാക്‌സ് അധികൃതരെയോ അറിയിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.  അക്കൗണ്ടുകളില്‍ വലിയ തോതിലുള്ള പണം എത്തുന്നതും ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് ചെറിയ തുകകള്‍ വിതരണം ചെയ്യുന്നതും നിരീക്ഷിക്കും.  
പണം കടത്തുന്നത് തടയാന്‍ റെയ്ഡുകള്‍ ശക്തമാക്കും.  രേഖകളില്ലാത്ത പണവും ആഭരണങ്ങളും പിടിച്ചെടുക്കും.  സ്‌ക്വാഡുകള്‍ പിടിച്ചെടുക്കുന്ന പണം കളക്‌ട്രേറ്റ് ധനകാര്യ വിഭാഗത്തില്‍ സൂക്ഷിക്കുകയും ഇന്‍കം ടാക്‌സ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുകയും ചെയ്യും.  രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പണം വിട്ടു നല്‍കും.  വിദേശ പണം പിടിക്കപ്പെടുകയാണെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങള്‍, ബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ ഡോക്യുമെന്റ് ചെയ്യും.  ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള സല്‍ക്കാരങ്ങളും നിരീക്ഷിക്കും.  പത്ര-ദൃശ്യ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങളും ദിനംപ്രതി കണക്കെടുക്കും.  സ്റ്റാര്‍ കാമ്പെയിനുകളില്‍ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യമുണ്ടെങ്കിലോ പേര് പരാമര്‍ശിക്കപ്പെടുകയോ ചെയ്താല്‍ ചെലവ് വിഹിതം കണക്കില്‍ ഉള്‍പ്പെടുത്തും. വിവിധ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇതോടൊപ്പം വിഡിയോ, ഫോട്ടോഗ്രാഫി തെളിവുകളും സൂക്ഷിക്കും.  ഓരോ ദിവസത്തെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിവിധ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ അതാത് ദിവസം തിരഞ്ഞെടുപ്പ് നിരീക്ഷണ വിഭാഗത്തിന് സമര്‍പ്പിക്കും. ചെലവ് കണക്കെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുമായോ അവരുടെ ഏജന്റുമാരുമായോ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും യോഗം ചേരണമെന്ന് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ വിവിധ സേനകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. ഓരോ  ദിവസത്തെയും പിടിച്ചെടുത്ത മദ്യത്തിന്റ കണക്കുകള്‍ ലഭ്യമാക്കാന്‍ എക്സൈസ് വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
തിരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ കക്ഷിരാഷ്ട്രീയപരമായി ഇടപ്പെടാന്‍ പാടില്ലെന്നും പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ സി-വിജില്‍ ആപ് അടക്കമുള്ള സംവിധാനങ്ങള്‍ സജീവമാണെന്നും ചെലവ് നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി. എ.ഡി.എം. കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പോലീസ് മേധാവി കറപ്പസ്വാമി, നോഡല്‍ ഓഫീസര്‍ പി.സി.മജീദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *