May 9, 2024

ദേശീയ പാതയിലെ ഗതാഗത നിരോധനം : നാറ്റ്പാക് റിപ്പോർട്ട് നടപ്പാക്കണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്.

0
Img 20190913 Wa0329.jpg
ദേശീയ പാതയിലെ ഗതാഗത നിരോധനം : നാറ്റ്പാക് റിപ്പോർട്ട് നടപ്പാക്കണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ്
കൽപ്പറ്റ: ദേശീയ പാതയിലെ ഗതാഗത നിരോധനം : നാറ്റ്പാക് റിപ്പോർട്ട് നടപ്പാക്കണമെന്ന് വയനാട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
ദേശീയപാത 766 വഴി തിരിച്ചുവിടാനുള്ള നീക്കം വയനാടിന്‍റെ സമ്പൂര്‍ണ്ണ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നറിയിപ്പു നല്‍കി.  പ്രളയദുരന്തത്തേക്കാള്‍ വലിയ ദുരന്തമായിരിക്കും ഇതുമൂലം വയനാടിന് ഉണ്ടാവുക.  നിലവില്‍ കല്‍പ്പറ്റയില്‍നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് മൈസൂറിലെത്താന്‍ സാധിക്കുന്നത് ബദല്‍ പാത വഴി അഞ്ചു മണിക്കൂറെടുക്കും.  ഇതോടെ യാത്രക്കാര്‍ വയനാടിനെ പൂര്‍ണ്ണമായി കൈവിടുന്ന അവസ്ഥ വരും.  വയനാട്ടില്‍ പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും ഇല്ലാതാവുകയും നിലവിലുള്ളവ പിന്‍വലിക്കപ്പെടുകയും ചെയ്യും.  ഇത് ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമാണ് നയിക്കുക.  
നിലവിലെ അവസ്ഥകള്‍ മനസ്സിലാക്കിയുള്ള പ്രായോഗിക നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ.  കടുവാ സങ്കേതങ്ങള്‍ക്കുള്ളിലെ റോഡുകള്‍ കഴിയുന്നിടത്തോളം മാറ്റി സ്ഥാപിക്കണമെന്ന നിയമം നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം.  എന്നാല്‍ ബദല്‍പാതയായി നിര്‍ദ്ദേശിച്ചിട്ടുള്ള കുട്ട-ഗോണിക്കുപ്പ റോഡും 12 കിലോമീറ്റർ ദൂരം നാഗര്‍ഹോള കടുവാ സങ്കേതത്തിലൂടെയാണ് കടന്നുപോകുന്നത്.  ഇതെല്ലാം പരിഗണിച്ച് 2014 ല്‍ കേരള സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി പഠനം നടത്താന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് പ്ലാനിംഗ് & റിസര്‍ച്ച് സെന്‍റര്‍ (നാറ്റ്പാക്ക്) നെ ചുമതലപ്പെടുത്തിയിരുന്നു. വിവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് അവര്‍ നടത്തിയ പഠനത്തില്‍ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയത് ദേശീയപാതയില്‍ സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞ് 101-ാം കി.മി യില്‍ മൂലങ്കാവില്‍നിന്ന് തിരിഞ്ഞ് വള്ളുവാടി, ചിക്കബര്‍ഗി വഴി 169-ാം കി.മി യില്‍ ബേഗൂരിലെത്തുന്ന ബൈപാസ്സാണ്.  കുട്ട-ഗോണിക്കുപ്പ പാത ബദല്‍ ദേശീയപാതയാക്കിയാല്‍ കല്‍പ്പറ്റയിലെ 77-ാം കി.മി യില്‍നിന്ന് മൈസൂറിലെ 212-ാം കി.മി വരെ വഴി തിരിച്ചുവിടണം.  ബദല്‍പാത വഴി 42 കി.മി ദൂരം കൂടുതലുള്ളതിനാല്‍ മൊത്തം 177 കി.മി ദേശീയപാതയാണ് നിര്‍മ്മിക്കേണ്ടിവരിക.  എന്നാല്‍ നാറ്റ്പാക്ക് നിര്‍ദ്ദേശപ്രകാരമുള്ള ബൈപ്പാസ് റോഡ് വെറും 38 കി.മി മാത്രമാണ് ദൂരം.  ഈ ബൈപ്പാസ് നിര്‍മ്മിച്ചാല്‍ മൂലങ്കാവിനും മൈസൂറിനുമിടയിലെ 68 കി.മി ദൂരത്തിലുള്ള 34 കി.മി വനത്തിലൂടെയുള്ള പാത ഒഴിവാക്കാനും 20 കി.മി ദൂരം കുറക്കാനുമാവും.  നാറ്റ്പാക്ക് നിര്‍ദ്ദേശിച്ച പാതയില്‍ 9 കി.മി മാത്രമേ വനമുള്ളൂ.  അതില്‍ ബന്ദിപ്പൂര്‍ കടുവാസങ്കേതം വെറും 6 കി.മി മാത്രമേയുള്ളൂ.  വയനാട്ടില്‍നിന്ന് കടുവാസങ്കേതത്തിലൂടെയല്ലാതെ മൈസൂറിലേക്ക് ഒരു റോഡും നിലവിലില്ല.  നിലവിലെ പാതയില്‍ 19 കി.മി യും ബദല്‍പാതയില്‍ 12 കി.മി യും കടുവാ സങ്കേതമുള്ളപ്പോള്‍ നാറ്റ്പാക്ക് നിര്‍ദ്ദേശിച്ച പാതയില്‍ വെറും 6 കി.മി യേ കടുവാ സങ്കേതമുള്ളൂ എന്നത് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ ഈ പാതക്ക് അനുമതി ലഭിക്കാനാണ് സാധ്യത.  ബദല്‍പാത നിര്‍മ്മാണത്തിന് 1800 കോടി രൂപയോളം ചിലവ് വരുമ്പോള്‍ നാറ്റ്പാക്ക് നിര്‍ദ്ദേശിച്ച പാതക്ക് 380 കോടി രൂപയേ ചിലവു വരൂ.  ഈ പാത കടുവാ സങ്കേതത്തില്‍ മേല്‍പ്പാലം വഴി നിര്‍മ്മിക്കുകയും ചെയ്യാം.  
177 കി.മി ദേശീയപാത വികസിപ്പിക്കാന്‍ 112.5 ഹെക്ടര്‍ വനഭൂമിയടക്കം 796.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ നാറ്റ്പാക്ക് നിര്‍ദ്ദേശിച്ച ബൈപ്പാസിന് 40 ഹെക്ടര്‍ വനഭൂമിയടക്കം 162 ഹെക്ടര്‍ ഭൂമിയേ ഏറ്റെടുക്കേണ്ടിവരുന്നുള്ളൂ.  ബദല്‍പാത വയനാട്ടിലേയും കുടകിലേയും പരിസ്ഥിതിലോല മേഖലയിലൂടെയാണ് കടന്നു പോകുന്നത്.  നിരവധി ഹെക്ടര്‍ കൃഷിഭൂമി ഏറ്റെടുത്തും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുമേ ഗോണിക്കുപ്പ ബദല്‍പാത വികസിപ്പിക്കാനാവൂ.  എന്നാല്‍ മൂലങ്കാവ്-വള്ളൂവാടി-ബേഗൂര്‍ ബൈപ്പാസ് റോഡില്‍ കാര്യമായ കുടിയൊഴിപ്പിക്കല്‍ ആവശ്യമില്ല.  ബൈപ്പാസ് റോഡുകള്‍ക്ക് കേന്ദ്രഗവണ്‍മെന്‍റ് ഫണ്ടും ലഭ്യമാവും.  പഴയ സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍ പാതയുടെ ഭാഗമായ ഈ റോഡ് ഇപ്പോള്‍ വനം വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്കു മാത്രമായാണ് ഉപയോഗിക്കുന്നത്.  വനത്തിലെ 9 കി.മി യില്‍ നിലവില്‍ 4 മീറ്റര്‍ വീതിയില്‍ റോഡുണ്ട്.  എന്നാല്‍ ബാക്കിയുള്ള സ്ഥലത്ത് മെച്ചപ്പെട്ട റോഡും നല്ല വീതിയില്‍ റോഡിനായുള്ള സ്ഥലവുമുണ്ട്.  കര്‍ണ്ണാടകയില്‍ ഈ റോഡ് 20 കി.മി യോളം ദൂരം ബേഗൂര്‍-ഹുന്‍സൂര്‍ സംസ്ഥാനഹൈവേയാണ്.  കോഴിക്കോട്-മൈസൂര്‍ റൂട്ടില്‍ മൂലങ്കാവ്-ബേഗൂര്‍ ബൈപ്പാസ് ഗോണിക്കുപ്പ പാതയേക്കാള്‍ 60 കിലോമീറ്റർ  ദൂരം കുറക്കുന്നതിനാല്‍ പ്രതിവര്‍ഷം 50 ലക്ഷം കിലോ കാര്‍ബണ്‍ഡയോക്സൈഡ് വാഹനങ്ങളില്‍നിന്നും പുറന്തള്ളുന്നത് കുറയും.  ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ധനലാഭവുമുണ്ടാവും.  നാറ്റ്പാക്ക് നിര്‍ദ്ദേശിച്ച പാതയില്‍ വികസനത്തിനുവേണ്ടി മുറിക്കേണ്ടിവരുന്ന മരങ്ങളുടെ എണ്ണവും ഏറ്റെടുക്കേണ്ട വനഭൂമിയും കൃഷിഭൂമിയും ബദല്‍പാതയേക്കാള്‍ വളരെ കുറവായിരിക്കും.  ഏറ്റവും പ്രായോഗികമായി നടപ്പാക്കാന്‍ സാധിക്കുന്ന ഈ നിര്‍ദ്ദേശം സംബന്ധിച്ച് വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രചരണവും സമ്മർദ്ദവും നടത്തുമെന്ന്  ഇവർ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *