May 7, 2024

മീനങ്ങാടിക്ക് അഭിമാനമായി പ്രതിഭാ പുരസ്‌കാരം

0

   മീനങ്ങാടിക്ക് അഭിമാനമായി പ്രതിഭാ പുരസ്‌കാരം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയനാണ് വേറിട്ട പ്രതിഭകള്‍ക്കുളള പുരസ്‌ക്കാരം ലഭിച്ചത്. ജില്ലയില്‍ നിന്ന് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അവര്‍. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന സമ്മേളന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പുരസ്‌കാരം സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. 

ഒരുമയോടെ മികവിലേക്ക് എന്ന ആശയത്തോടെ സംസ്ഥാനത്താദ്യമായി മീനങ്ങാടി പഞ്ചായത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത് ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. പ്രകൃതി സൗഹൃദ വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കി. ആരോഗ്യമുള്ള കുട്ടി ജനിക്കുന്നതിന് ഗര്‍ഭിണികള്‍ക്ക് സൗജന്യ ചികിത്സയും പരിപാലനവും ഉറപ്പ് വരുത്തി. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കോളനികള്‍ കേന്ദ്രീകരിച്ച് നടത്തി. സന്തോഷമുള്ള കുടുംബം സന്തോഷമുള്ള ജീവിതം എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച സാന്ത്വന സൗഹൃദം പദ്ധതിയിലൂടെ കോളനകളില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി കോളനികളില്‍ ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ഊരുകളില്‍ കലാഗ്രൂപ്പുകള്‍ നിര്‍മ്മിച്ച് ഊരുത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ആദിവാസി മേഖലയിലുള്ള വനാവകാശ നിയമ പ്രകാരം ഭൂമി ലഭിച്ചവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നല്‍കി.
 
    പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ അക്കാദമിക് മികവ് ഉയര്‍ത്തുന്നതിനായി കലാ, കായിക മേഖലകളില്‍ അവര്‍ക്ക് പ്രത്യോകം പരിശീലനം നല്‍കി വരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്വയം പരിശീലനം നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയിലൂടെ ഫുട്‌ബോള്‍ അക്കാദമി, വോളിബോള്‍ അക്കാദമി തുടങ്ങിയവ പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ നൃത്തങ്ങലില്‍ പരിശീലനം നല്‍കി കുട്ടികളുടെ അരങ്ങേറ്റം നല്‍കുന്നുണ്ട്. 'നോ ഫുട്‌ബോള്‍ നോ സ്‌കൂള്‍' പദ്ധതിയിലൂടെ ആദിവാസി മേഖലയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.സമഗ്ര വയോജന ആരോഗ്യ പദ്ധതിയുടെ ഭാഗമായി വയോ ക്ലബ്ബുകള്‍ രൂപീകരിച്ചു. ഇതിനോടകം 4342 ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. എല്ലാ ചൊവ്വാഴ്ചകളിലും വയോജനങ്ങള്‍ക്കായി ആയുര്‍വ്വേദ ആശുപത്രിയില്‍ സൗജന്യ പരിശോധനയും ചികിത്സയും നടത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റായി ബീന വിജയന്‍ അധികാരത്തിലേറിയതിന് ശേഷം ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ 14 അവാര്‍ഡുകള്‍ ഇതിനോടകം ലഭ്യമായി. നിരവധി മാതൃക പ്രവര്‍ത്തനങ്ങളാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *