April 27, 2024

പുത്തുമല പുനരധിവാസം: ഇടതുമുന്നണിയുടെ മൂപ്പിളമ തര്‍ക്കത്തില്‍ വൈകാനിടയാക്കരുത്-പി.പി.എ കരീം

0

കല്‍പ്പറ്റ: ഇടതുമുന്നണിയിലെ മൂപ്പിളതര്‍ക്കത്തിലൂടെ പുത്തുമല ദുരന്തത്തിനിരയായവരുടെ പുനരധിവാസം  വൈകാനിടയാക്കരുതെന്ന് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് പി.പി.എ കരീം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ഒഴിവില്ലായ്മയാണ് കഴിഞ്ഞ ദിവസം നടക്കേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന പരിപാടി മാറ്റാന്‍ കാരണമായി സി.പി.എം പറയുന്നത്. പുത്തുമല ദുരന്തത്തിന് ഒരു വയസ്സ് തികയാറായിട്ടും ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ശാശ്വതമായ നടപടിയെടുത്തിട്ടില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 3,400 കോടി രൂപ ശേഖരിച്ച് കേരളത്തിലെ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ചതായി സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടും ദുരിതബാധിതര്‍ക്ക് നാമമാത്രമായ തുകയാണ് ലഭിച്ചത്. ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനും, സ്ഥലം ഏറ്റെടുത്ത് നല്‍കാനും സംഭാവനയായി ലഭിച്ചതാണ്. ഇതില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറായിട്ടുള്ളത് സുമനസ്സുകളായ വ്യക്തികളും സംഘടനകളുമാണ്. ഇത്രയും കനപ്പെട്ട സംഭാവനകള്‍ ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും ഈ സംഭാവനകള്‍ ക്രോഡീകരിച്ച് പ്രളയ ബാധിതര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാറിന് വന്‍ പരാജയമാണ് സംഭവിച്ചത്. പുത്തുമല ദുരിതബാധിത പ്രദേശത്തുണ്ടായിരുന്ന മരങ്ങളും മറ്റും ലേലം ചെയ്തതില്‍ തന്നെ വന്‍ അഴിമതി നടന്നതായി ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ തന്നെ പരസ്യമായി ആരോപിച്ചിരിക്കുന്നു. സര്‍ക്കാറിന് മുതല്‍ മുടക്കില്ലാതെ ജനങ്ങളുടെ സംഭാവന കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്യാതെ പ്രളയ ദുരന്തത്തില്‍ പോലും അഴിമതിയും തീവെട്ടി കൊള്ളയും നടത്താനാണ് സി.പി.എം നേതൃത്വം  ശ്രമിക്കുന്നത്. ഭവന നിര്‍മ്മാണം ഇനിയും താമസിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കേണ്ടി വരുമെന്ന് പി.പി.എ കരീം മുന്നറിയിപ്പ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *