May 6, 2024

വയോജനക്ഷേമം: ദാദ- ദാദി- നാന-നാനീ പദ്ധതിയ്ക്ക് തുടക്കമായി

0
 

  നീതി ആയോഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ദാദ -ദാദി  നാന -നാനീ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വയോജനങ്ങളുടെ ക്ഷേമത്തിനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുമായി സീനിയര്‍ സിറ്റിസണ്‍ ഫോറം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമാവുന്നത്. കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രാന്റ് കെയര്‍ പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും വീടുകളിലെത്തി പരിശോധിക്കുന്നതിനായി വളണ്ടിയര്‍മാരെ നിയമിക്കും. നെഹ്‌റു യുവ കേന്ദ്ര, റെഡ്‌ക്രോസ്സ് എന്നിവരാണ് സന്നദ്ധരായ വളണ്ടിയര്‍മാരെ പദ്ധതിയ്ക്കായി നല്കുന്നത്. ഇവര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും. പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ വീടുകളിലെത്തി വയോജനങ്ങളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ജില്ലാ ഭരണകൂടത്തെ അറിയിക്കും. ചികിത്സ ആവശ്യമുള്ള വയോജനങ്ങള്‍ക്ക് അത് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. 
വയോജനങ്ങള്‍ക്കായി ഫേസ്ബുക്ക് പേജ് ആരംഭിച്ച് വിവിധ ബോധവത്കരണ വീഡിയോകളും, വയോജനങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും ഇതു വഴി പങ്ക്‌വെക്കും. വയോജനങ്ങളുടെ സംശയങ്ങളും, പ്രശ്‌നങ്ങളും, ആവശ്യങ്ങളും പേജിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ഡോക്ടര്‍, അധ്യാപകന്‍, കുടുംബശ്രീ പ്രവര്‍ത്തക, കര്‍ഷകന്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ളവരാണ് ജില്ലയില്‍ പദ്ധതിയുടെ പ്രതിനിധികള്‍. പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിങിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ എം.കെ. മോഹനദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ച്ചാര്‍ജ് സുഭദ്ര. എസ്. നായര്‍, വിവിധ മേഖലകളിലെ വയോജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *