വനം മന്ത്രി വയനാട് സന്ദർശിക്കണം: ഉദ്യോഗസ്ഥരെ കഴിവ് കെട്ടവരായി സി.പി.എം. ചിത്രീകരിക്കുന്നു: എൻ.ഡി.അപ്പച്ചൻ.

കൽപ്പറ്റ: ഒരു നാട്ടിലെയാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാനുള്ള നടപടികൾക്ക് നേതൃത്വം നൽകാൻ വനം വകുപ്പ് മന്ത്രി വയനാട്ടിലെത്തണമെന്ന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആവശ്യപ്പെട്ടു. ജനങ്ങളാകെ ഭീതിയിലായപ്പോൾ സി.പി.എം. രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കടുവ ശല്യം രൂക്ഷമായ പ്രദേശത്തേക്ക് രണ്ടാഴ്ച തിരിഞ്ഞ് നോക്കാത്ത സ്ഥലം എം.എൽ.എ.യും സി.പി.എമ്മും വിഷയത്തിൽ സർക്കാരിനെ ഇടപ്പെടുത്തുന്നതിന് പകരം വനം വകുപ്പ് ഉദ്യോഗസ്ഥരെ മോശക്കാരായി ചിത്രീകരിക്കുകയാണ്. തൃശ്ശിലേരിയിലും വള്ളിയൂർക്കാവിലും വന്ന മന്ത്രി രാധാകൃഷ്ണൻ മൂന്ന് ദിവസം വയനാട്ടിലുണ്ടായിട്ടും മൂന്ന് കിലോമീറ്റർ അകലെ ജനം ഉറക്കമില്ലാതെ ഭീതിയോടെ കഴിയുമ്പോൾ തിരിഞ്ഞ് നോക്കിയില്ല. ഭരണകക്ഷി പാർട്ടികൾ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ പ്രശ്നത്തിൻ്റെ ഗൗരവം പറഞ്ഞ് ധരിപ്പിച്ചില്ല. ആദ്യത്തെ നാല് ദിവസം സർക്കാർ തലത്തിൽ വന്ന വീഴ്ചയാണ് കടുവയെ പിടികൂടാൻ കഴിയാതെ വന്നതിന് കാരണം. വോട്ട് ചെയ്ത ജനങ്ങളോട് ഒരു ശതമാനമെങ്കിലും ഉത്തരവാദിത്വം ഉണ്ടങ്കിൽ സർക്കാർ ഈ വിഷയത്തിൽ എന്തുകൊണ്ട് മാറി നിൽക്കുന്നുവെന്ന് വ്യക്തമാക്കണം. വിഷയം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്.
കോൺഗ്രസ് ഇടപ്പെട്ടപ്പോൾ മാത്രമാണ് കൂട് വെക്കാൻ തയ്യാറായത്. നടപടി വൈകി പോയെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. പ്രശ്നങ്ങൾ കോൺഗ്രസ് നേതൃത്വം സർക്കാരിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് .ഭരണകൂടവും ഭരണകക്ഷി പാർട്ടികളും കള്ളക്കളി തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവുമായി ആലോചിച്ച് യു.ഡി.എഫ്. തുടർ പ്രക്ഷോഭം നടത്തുമെന്നും സമരം ജനാധിപത്യ രീതിയിലായിരിക്കുമെന്നും അല്ലാതെ സി.പി.എം. സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതു പോലെ ആയിരിക്കില്ലന്നും എൻ.ഡി.അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു.



Leave a Reply