May 7, 2024

വയനാട്ടുകാര്‍ക്ക് നന്ദിയും ആശംസകളുമായി രാഹുല്‍ ഗാന്ധിയുടെ കത്ത്

0
Img 20230406 180037.jpg
കല്‍പ്പറ്റ: ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ തല കുനിക്കില്ലെന്നും, തലയുയര്‍ത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്നും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി രാഹുല്‍ഗാന്ധിയുടെ എം പിയുടെ കത്ത്. കത്തിന്റെ പാര്‍ലമെന്റ് മണ്ഡലംതല വിതരണ ഉദ്ഘാടനം കല്‍പ്പറ്റ മാനിവയല്‍ കോളനിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നിര്‍വഹിച്ചു. രാജ്യത്തിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടും, മണ്ഡലത്തിലെ ജനങ്ങളോടുള്ള നന്ദി അറിയിച്ചുമാണ് രാഹുലിന്റെ കത്ത്.
നമ്മുടെ രാജ്യം ഇന്നൊരു നിര്‍ണായഘട്ടത്തിലാണ്. ബി ജെ പി സര്‍ക്കാര്‍ ജനാധിപത്യസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് ഞാന്‍ പലതവണ പറഞ്ഞതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയിളക്കാന്‍ ബി ജെ പിയും ആര്‍ എസ് എസും സംഘടിതമായി ശ്രമിക്കുന്നതെങ്ങനെയെന്നും ബോധ്യമായിട്ടുണ്ടാകുമല്ലോ, ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെങ്ങനെയെന്നതിന്റെ ഒരു സൂചനയാണ് എന്റെ അനുഭവം. ഞാന്‍ ഉന്നയിച്ച അസുഖകരമായ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് മറുപടി ഇല്ലാത്തതാണ് കാരണം. പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ ഭരണകക്ഷി തന്നെ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യസംവാദങ്ങളോടും, നടപടിക്രമങ്ങളോടുമുള്ള ബി ജെ പിയുടെ നയം വ്യക്തമാക്കുന്നതാണെന്നും രാഹുല്‍ കുറിക്കുന്നു. ഈ സേച്ഛാധിപത്യ ഭരണത്തിനെതിരെ പോരാടേണ്ടത് ഓരോരുത്തരുടെയും കടമയാണ്. സാധാരണക്കാര്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും മറ്റ് നിരവധി ജീവിത പ്രാരാബ്ധങ്ങളുമായി പൊറുതിമുട്ടുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ സമ്പത്താകെ ധനാഢ്യന്മാരും 'നിയമത്തിന് അതീതരുമായ' തന്റെ സുഹൃത്തുക്കള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്തും, ജനങ്ങളെയും ചൂഷണം ചെയ്യുന്ന ഈ രീതി അവസാനിപ്പിച്ചേ മതിയാവൂ. സത്യത്തിനും ജനാധിപത്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും വേണ്ടിയാണ് നമ്മുടെ പോരാട്ടം. ഈ പോരാട്ടം എന്റേത് മാത്രമല്ല, നിങ്ങളുടേത് കൂടിയാണെന്നും രാഹുല്‍ കത്തിലൂടെ വ്യക്തമാക്കുന്നു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോടൊപ്പം വയനാട്ടിലെ ജനത നല്‍കുന്ന വൈകാരികമായ പിന്തുണ തനിക്ക് ഏറെ കരുത്ത് പകരുന്നതായും, കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയിലുടനീളം നിങ്ങളുടെ പിന്തുണ എന്റെ ചുവടുകള്‍ക്ക് ബലമേകിയെന്നും രാഹുല്‍ഗാന്ധി കുറിക്കുന്നു. വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചുവെന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ കത്ത് ആരംഭിക്കുന്നത്. ഇക്കാലമത്രയും നിങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹവും കരുതലും വാക്കുകളിലൊതുക്കാന്‍ കഴിയില്ലെന്നും, എന്താണോ എന്റെ കുടുംബത്തോട് എനിക്കുള്ള ബന്ധം അതുതന്നെയാണ് നമ്മള്‍ തമ്മിലുമെന്ന് പറയുന്ന രാഹുല്‍, എം പിയെന്ന നിലയിലുള്ള പ്രവര്‍ത്തനകാലയളവിലുടനീളം നിങ്ങളുടെ പ്രതീക്ഷകളും പ്രയാസങ്ങളും മനസിലാക്കാനായെന്നും കത്തിലൂടെ പറയുന്നു. ജീവിതപ്രതിസന്ധികളെ എത്ര ആര്‍ജ്ജവത്തോടും അന്തസോടും ചങ്കുറപ്പോടെയുമാണ് നിങ്ങള്‍ നേരിടുന്നതെന്ന് പലകുറി നേരില്‍ ബോധ്യപ്പെട്ടു. മഹാപ്രളയത്തെ പോലും എത്ര ധീരതയോടെയും സഹാനുഭൂതിയോടെയുമാണ് നിങ്ങള്‍ നേരിട്ടതെന്ന് എം പിയായെത്തിയ ആദ്യനാളുകളില്‍ തന്നെ കണ്ടറിഞ്ഞത് മറക്കാനാവില്ലെന്നും, എം പിയെന്ന നിലയിലെ പ്രവര്‍ത്തന കാലയളവിലുടനീളം നിങ്ങളുടെ പ്രതീക്ഷകളും പ്രയാസങ്ങളും മനസിലാക്കാനായെന്നും ജീവിതപ്രതിസന്ധികളെ എത്ര ആര്‍ജവത്തോടും അന്തസോടും ചങ്കുറപ്പോടെയുമാണ് നിങ്ങള്‍ നേരിടുന്നതെന്ന് പല കുറി നേരില്‍ ബോധ്യപ്പെട്ടതായും രാഹുല്‍ കത്തിലൂടെ വ്യക്തമാക്കുന്നു. എം പിയെന്ന നിലയില്‍ വയനാട്ടിലെ എല്ലാവിഭാഗം ജനങ്ങളുടേയും താല്‍പര്യസംരക്ഷണത്തിനും, മണ്ഡലം നേരിടുന്ന പ്രധാനവെല്ലുവിളികള്‍ക്ക് പരിഹാരം തേടാനും പരിശ്രമിച്ചിട്ടുണ്ട്. നിരവധി കാര്യങ്ങളും ചെയ്യാനായി. പക്ഷേ ഒട്ടനവധി വിഷയങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. വയനാടിന്റെ കരുത്തുറ്റ ഭാവിക്കും, നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള പ്രയത്‌നം തുടരുമെന്ന് ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നതായും രാഹുല്‍ പറയുന്നു. ഒപ്പം നിന്ന കോണ്‍ഗ്രസിന്റെയും, യു ഡി എഫിന്റെയും പ്രവര്‍ത്തര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സംഭാവനകള്‍ മറക്കാനാവില്ലെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ എല്ലാവരെയും നിറഞ്ഞ സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്നും കത്തില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കുന്നു. ഈസ്റ്റര്‍, വിഷു, ചെറിയപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ ആശംസാകാര്‍ഡും കത്തിനൊപ്പം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നാടിന്റെ വികസനകാര്യത്തിനായി അഹോരാത്രം കഷ്ടപ്പെട്ട ജനപ്രതിനിധിയായിരുന്നു രാഹുല്‍ഗാന്ധിയെന്ന് കത്തിന്റെ വിതരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. കല്‍പ്പറ്റ മണിയങ്കോട് ക്ഷേത്രപരിസരങ്ങളിലടക്കം എം എല്‍ എയുടെ നേതൃത്വത്തില്‍ കത്തുകള്‍ വിതരണം ചെയ്തു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ ഏബ്രഹാം, കെ പി സി സി മെമ്പര്‍ പി പി ആലി, അഡ്വ. ടി ജെ ഐസക്, യൂത്ത്‌ലീഗ് ജില്ലാപ്രസിഡന്റ് എം പി നവാസ്, യു ഡി എഫ് കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ മുസ്തഫ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, ആര്‍ രാജന്‍, അസീസ് അമ്പിലേരി തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *