May 6, 2024

തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കുക: സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ

0
Eitrl8c1293.jpg
കൽപ്പറ്റ : വികസനത്തിന് പിന്നാലെ അന്ധമായി ഓടുന്നത് ജനക്ഷേമ പ്രവർത്തനമല്ല എന്ന് സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 
ഒരു ഭാ​ഗത്ത് ക്രിസ്ത്യൻ കുടിയേറ്റ കുടുംബങ്ങളും മറ്റൊരു ഭാ​ഗത്ത് ആദിവാസികളുമാണ് ഇവിടെ ജീവിച്ചുപോരുന്നത്. പണിയ സമുദായത്തിലുള്ള ആദിവാസികളാണ് ഇവിടെയുള്ളവർ. മുത്തപ്പൻപുഴയിലേയും മറിപ്പുഴയിലേയും ആദിവാസി ഊരുകളിൽ സായുധരായ മാവോയിസ്റ്റുകൾ വന്നുപോകുന്നുണ്ടെന്ന വാർത്തകൾ നിരവധി തവണ പത്രങ്ങളിൽ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും കോൺ​ഗ്രസിനും കുടിയേറ്റ കർഷകർക്കിടയിൽ കൃത്യമായ സ്വാധീനം ഉണ്ട് താനും. ഇത്രയും പറഞ്ഞത് അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അവിടെയുള്ള സ്വാധീനം സൂചിപ്പിക്കാനാണ്.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പ‍ഞ്ചായത്തിലൂടെ കടന്നു പോകുന്ന ആനക്കാംപൊയില്‍-കള്ളാടി മേപ്പാടി തുരങ്കപാത 8.11കിമി ദൈര്‍ഘ്യമുള്ള ഏകദേശം 2000കോടി രൂപ ചെലവിൽ 84 ഏക്കര്‍ വനഭൂമിയും മറ്റൊരു 34 ഏക്കർ വനേതരഭൂമിയും വേണ്ടിവരുമെന്നാണ് പ്രോജക്റ്റ് അനുമതി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിലേക്ക് നൽകിയ അപേക്ഷയില്‍ പറയുന്നത്. ഇത്തരത്തില്‍ ആകെ ലഭിക്കുന്നതാകട്ടെ 209 സ്ഥിരം തൊഴിലവസരവും 407താത്കാലിക തൊഴില്‍ ദിനങ്ങളും മാത്രമാണ്. ആവശ്യമായ യാതൊരു നിയമസാധുതയും പഠനങ്ങളും നടത്തുന്നതിനു മുമ്പാണ് പദ്ധതിയ്ക്ക് സര്‍വ്വേയടക്കം നടന്നത്. ഈ തുരങ്കപ്പാതയുടെ തുടക്കം മുറിപ്പുഴയാണ്. 
കേരളത്തിലെ, പ്രത്യേകിച്ച് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ജൈവ വൈവിധ്യത്തിൻ്റെയും കാലാവസ്ഥ സ്ഥിരതയുടെയും നീരുറവകളുടെയും പ്രഭവകേന്ദ്രവും കാവൽമലയുമായ പശ്ചിമഘട്ടമെന്ന് പൊതുവിൽ പറയുന്ന ചെമ്പ്രമല, വെള്ളരിമല, തൊള്ളായിരംകണ്ടി, വാവുൽമല തുടങ്ങിയ മലഞ്ചെരിവുകളെയും തുരന്നു നിർമ്മിക്കുന്ന 8.5 കി.മീ. നീളം വരുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാത വയനാടിൻ്റെ കാലാവസ്ഥ-ഭൂ സ്ഥിരതയ്ക്ക് തുരങ്കം വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. 
മൊത്തം 53 ഹെക്ടറോളം ഭൂമി ആവശ്യമായ പദ്ധതിയിൽ 34.31 ഹെക്ടറും വനഭൂമിയാണെന്ന് മാത്രമല്ല അതിൽത്തന്നെ 19.24 ഹെക്ടർ വനഭൂമി അതീവ പരിസ്ഥിതി ലോല മേഖലയായ വയനാട് സൗത്ത് ഡിവിഷനിൽത്തന്നെയാണെന്നതും നിസ്സാരമല്ല. പല കാര്യങ്ങളും പദ്ധതി പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്തുകളിൽ പോലും വേണ്ടവിധത്തിൽ ചർച്ച ചെയ്യുകയൊ, ഗ്രാമസഭ വിളിച്ചു കൂട്ടി ജനങ്ങളിൽ നിന്ന് അനുമതി വാങ്ങുകയൊ ചെയ്തിട്ടില്ല. അപ്പൊഴും കിലോമീറ്ററിന് 95 കോടി രൂപ ചെലവല് കണക്കാക്കുന്ന തുരങ്കപ്പാത നിർമ്മാണവുമായി മുന്നോട്ട് പോകാനുള്ള ഏകപക്ഷീയ തീരുമാനത്തിലാണ് സംസ്ഥാന ഗവൺമെൻ്റ്.
ഭൂരഹിത കർഷകരും കർഷകത്തൊഴിലാളികളും കാർഷികവൃത്തിയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ മേഖലയിലൂടെ ഈ തുരങ്കപ്പാത വരുമ്പോൾ മുത്തപ്പൻപുഴയിലെ പണിയ ആദിവാസി ഊര് പൂർണമായും കുടിയൊഴിപ്പിക്കുമെന്നതിൽ തർക്കമില്ല. അവരോട് സംസാരിച്ചതിൽ നിന്ന് മനസിലായത്, ഈ പദ്ധതിയെ കുറിച്ച് അവർക്കിടയിൽ ഒരു വിവരവും ആരും ധരിപ്പിച്ചില്ല എന്നതാണ്. 2000 ത്തിന് ശേഷം പശ്ചിമഘട്ടം കേന്ദ്രീകരിച്ച് വയനാട്ടിൽ നടന്നിട്ടുള്ള മുഴുവൻ പഠനങ്ങളും അതീവ അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിൽ നടക്കുന്ന ചെറിയൊരു ഇടപെടൽ പോലും വലിയ ദുരന്തത്തെ വിളിച്ചു വരുത്തുമെന്ന് തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ സാധാരണക്കാർക്കും ഭൂരഹിത കർഷക-കർഷകത്തൊഴിലാളികൾക്കും അവരുടെ വരുമാനത്തെ ആശ്രയിക്കുന്ന ചെറുകിട കച്ചവടക്കാർക്കും മാത്രമല്ല സർവ്വജീവജാലങ്ങൾക്കും നിലനിൽപ്പിന് ഭീഷണിയാണ്. 
വയനാടിനും കോഴിക്കോടിനും വൻദുരന്തമായി മാറുന്ന തുരങ്കപ്പാതയെ വികസനത്തിലേക്കു “രക്ഷപ്പെടാനുള്ള അവസാന വണ്ടി” എന്ന നിലയിൽ അവതരിപ്പിച്ച് വിലയിടിവും കാലാവസ്ഥ വ്യതിയാനം, വന്യമൃഗശല്ല്യം, ഭൂരാഹിത്യം എന്നിവയ്ക്ക് പുറമെ കൊവിഡ് മഹാമാരികളും പ്രളയക്കെടുതികളും തൊഴിലില്ലായ്മയും കൊണ്ട് ജീവിതം വഴിമുട്ടിയ പ്രദേശവാസികൾക്ക് മുന്നിൽ ഇന്നിത് മാത്രമാണ് ഏക മാർഗ്ഗമെന്ന് വിശ്വസിപ്പിച്ച് യാഥാർത്ഥ്യങ്ങളെ മറച്ച് പിടിക്കുകയാണ്. ഇതേ സാഹചര്യം മുതലെടുത്ത് പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് സർക്കാർ അനുമതി നൽകി. ഈ അനുമതി നൽകുന്നതിന് രണ്ടാഴ്ച്ച മുമ്പ് നടന്ന അതിതീവ്ര മഴയിൽ തുരങ്കം നിർമിക്കാൻ പോകുന്ന വെള്ളരിമലയുടെ തെക്ക് ഭാ​ഗത്തായി സ്ഥിതി ചെയ്യുന്ന മലയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. വീട്ടിൽ ഉണ്ടായിരുന്നില്ല എന്നതിനാൽ അത്രയും ജീവനുകൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നു.
എന്നാൽ മാധ്യമങ്ങളിൽ ഒന്നും തന്നെ അതിന്റെ വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടില്ല. കാരണം ഇത്തരം നിയോലിബറൽ പദ്ധതികളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നവരാണ് ഇവിടത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും. 
കാർഷികവൃത്തികളടക്കമുള്ള പരമ്പരാഗത തൊഴിൽ സാഹചര്യം നഷ്ടമാകുന്നു എന്നത് മാത്രമല്ല, വയനാടിൻ്റെ ഭൂരിഭാഗം ഉറവുകളുടെയും നിർച്ചാലുകളുടെയും ഉദ്ഭവം മാത്രമല്ല ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ, മറിപ്പുഴ അടക്കമുള്ള പുഴകളുടെയും പ്രഭവസ്ഥാനമായ ചെമ്പ്രമല, വെള്ളരിമല, വാവുൽമല, തൊള്ളായിരം കണ്ടി വനമേഖല എന്നിവയുടെ ജൈവ പ്രകൃതിയിൽ വരുന്ന മാറ്റം ഏറെ വലുതായിരിക്കും. എന്നാലും ഒരു രാഷ്ട്രീയ സംഘടനകളും, പ്രതിപക്ഷമായ കോൺ​ഗ്രസ് പോലും ഈ പദ്ധതിക്ക് പ്രാദേശികമായി അനുകൂലമാണ്. ഈ പദ്ധതിയുടെ മറവിലൂടെ മേഖലയിൽ സായുധ സേനയുടെ വിന്യാസത്തിന്റെ തോതും വർധിക്കുമെന്നതിൽ തർക്കം വേണ്ട. 
പി.എം. ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി തുരങ്കപ്പാതയുടെ പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ , ഷിബു എം.കെ, കെ നസീറുദ്ദീൻ, കെ.ആർ. അശോകൻ , കെ.ജി. മനോഹരൻ , ബാബു കുറ്റിക്കെത, മല്ലിക. കെ.സി, സി.ജെ.ജോൺസൺ, കെ.പ്രേംനാഥ്, പി. വിജയകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *