May 9, 2024

സിദ്ധാര്‍ഥന്റെ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ

0
Img 20240305 163302

കൽപ്പറ്റ. പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ. പോലീസും കോളേജ് അധികാരികളും സി.പി.എം നേതാക്കളും പ്രതികളും ഉള്‍പ്പെട്ട സംഘമാണ് സിദ്ധാര്‍ഥന്‍ കൊല്ലപ്പെടുകയായിരുന്നു എന്നതിനുള്ള തെളിവുകള്‍ നശിപ്പിച്ചതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സിദ്ധാര്‍ഥന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ശാരീരിക, മാനസിക പീഡനത്തില്‍ തീര്‍ത്തും അവശനായ സിദ്ധാര്‍ഥനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് അനുമാനം. സിദ്ധാര്‍ഥന്റെ മുറിയിലും മര്‍ദിക്കുകയും പരസ്യവിചാരണ ചെയ്യുകയും ചെയ്ത ഹോസ്‌സ്റ്റലിന്റെ നടുമുറ്റത്തും മരണം സംഭവിച്ച ശുചിമുറിയിലും തെളിവുനശിപ്പിക്കല്‍ നടന്നു. സാഹചര്യത്തെളിവുകള്‍ നശിപ്പിക്കാന്‍ കോളേജ്് അധികാരികളും പോലീസും സൗകര്യം ചെയ്തു.സിദ്ധാര്‍ഥനെ കെട്ടിത്തൂക്കിയവര്‍ തന്നെയാണ് മൃതദേഹം അഴിച്ചിറക്കാനും നേതൃത്വം നല്‍കിയത്.
കുറ്റകൃത്യം നടന്ന സ്ഥലം മുദ്ര ചെയ്യുകയെന്ന ഉത്തരവാദിത്തം പോലീസ് നിറവേറ്റിയില്ല. കുരുക്കിനു ഉപയോഗപ്പെടുത്തിയ വസ്തു പോസ്റ്റുമോര്‍ട്ടം വേളയില്‍ പോലീസ് ലഭ്യമാക്കിയില്ല. പ്രതികള്‍ക്ക് വി.വി.ഐ.പി പരിഗണനയാണ് പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. പ്രതികളെ മാസ്‌ക് ധരിപ്പിച്ചും വിലങ്ങ് അണിയിക്കാതെയുമാണ് കൊണ്ടുനടന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോഴും തെളിവെടുപ്പിനു എത്തിച്ചപ്പോഴും സങ്കോചമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റം. സംരക്ഷിക്കാന്‍ പുറത്ത് ആളുകളുണ്ടെന്ന ആത്മവിശ്വാസമാണ് അവരില്‍ പ്രകടമായത്. കുളിമുറിയുടെ വാതില്‍ വിദ്യാര്‍ഥികള്‍ ചവിട്ടിത്തുറന്നപ്പോഴാണ് സിദ്ധാര്‍ത്ഥനെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടതെന്ന കോളേജ് ഡീനിന്റെ വാദം വിശ്വസനീയമല്ല. വാതില്‍ ചവിട്ടിത്തുറന്ന നിലയിലാക്കുന്നതിന് പ്രതികള്‍ക്ക് ധാരാളം സമയം ലഭിച്ചു. കോളേജില്‍ അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം വിചാരണയും മര്‍ദനവും നടന്നു എന്നതിനു തെളിവാണ്. പ്രതികളും പങ്കെടുത്തതായിരുന്നു അനുശോചന യോഗം. സംഭവം ഷെയര്‍ ചെയ്യരുതെന്ന് അനുശോചന യോഗത്തില്‍ ഡീന്‍ പറയുകയുണ്ടായി. വിഷയം മൂടിവെക്കണമെന്ന നിര്‍ദേശമാണ് ഡീന്‍ നല്‍കിയത്. ഇതുവഴി കേസില്‍ നേരിട്ട് ഇടപെടുകയാണ് ഡീന്‍ ചെയ്തത്.
സിദ്ധാര്‍ഥന്റെ മരണത്തിനുമുമ്പു നടന്ന പ്രശ്‌നങ്ങള്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും അറിയാമായിരുന്നു. സംഭവത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ സര്‍വകലാശാലാ മേധാവികള്‍ക്കും വീഴ്ച പറ്റി. മിണ്ടാനയമാണ് അവര്‍ സ്വീകരിച്ചത്. 18 മുറിവുകളാണ് സിദ്ധാര്‍ഥന്റെ ദേഹത്തുണ്ടായിരുന്നത്. ആമാശയവും മൂത്രസഞ്ചിയും ശൂന്യമായിരുന്നു. ദിവസത്തിലധികം ഭക്ഷണവും വെള്ളവും സിദ്ധാര്‍ഥനു ലഭിച്ചില്ലെന്നു വ്യക്തമാക്കുന്നതാണിത്. സിദ്ധാര്‍ഥന്റെ മരണശേഷം സഹപാഠിനി അദ്ദേഹത്തിനെതിരെ നല്‍കിയ പരാതി വ്യാജമാണ്.
വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. പ്രതികളുടെ പേരില്‍ കൊലപാതകക്കുറ്റവും ചുമത്തണം. സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യില്ലെന്നും ജീവിതത്തെക്കുറിച്ച് അവനു ധാരാളം സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് പിതാവ് പറയുന്നത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും സിദ്ദിഖ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ കൂടെ ഉണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *