May 4, 2024

Resort break-in and theft; Within 24 hours, the Meppadi police caught the thief who stole around Rs.1.5 lakh from the locker: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മോഷണം; ഒന്നര ലക്ഷത്തോളം രൂപ ലോക്കറടക്കം കവര്‍ന്നയാളെ 24 മണിക്കൂറിനുള്ളില്‍ മേപ്പാടി പോലീസ് പിടികൂടി

0
Img 20240420 202936

മോഷണ ശേഷം പണമെടുത്ത് ക്വാറി കുളത്തിലുപേക്ഷിച്ച ലോക്കര്‍ മേപ്പാടി സ്‌റ്റേഷനിലെ മുങ്ങല്‍ വിദഗ്ധരായ പോലീസുകാര്‍ ഒരു മണിക്കൂറോളം തെരഞ്ഞാണ് കണ്ടെടുത്തത്.

മേപ്പാടി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചയാളെയും കൂട്ടുപ്രതിയെയും 24 മണിക്കൂറിനുള്ളില്‍ മേപ്പാടി പോലീസ് പിടികൂടി. റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനായ കോട്ടനാട്, അരിപ്പൊടിയന്‍ വീട്ടില്‍ അബ്ദുല്‍ മജീദ്(26)നെയും, സുഹൃത്ത് കോട്ടനാട്, കളത്തില്‍പറമ്പില്‍ വീട്ടില്‍ ബെന്നറ്റ്(26)നെയുമാണ് മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെയാണ് പോലീസ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും. മോഷണ ശേഷം മലപ്പുറത്തേക്ക് പോയ ഇവര്‍ കേസില്‍ പിടിയിലാകില്ലെന്നുറച്ച് തിരിച്ചുവരുംവഴിയാണ് വൈത്തിരിയില്‍ വെച്ച് പിടിയിലാകുന്നത്. മീദ് സഞ്ചരിച്ച ബൈക്ക്, മോഷണത്തിനുപയോഗിച്ച ഗ്രൗസ്, ലോക്കര്‍ മുറിക്കാനുപയോഗിച്ച കട്ടര്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. കോട്ടപ്പടി എളമ്പലേരി എസ്‌റ്റേറ്റിലെ ആരംഭ് റിസോര്‍ട്ടിലെ അടുക്കളയിലെ സ്‌റ്റോര്‍ റൂമിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 136,468 രൂപയാണ് മോഷണം പോയത്. ലോക്കറടക്കം മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. റിസോര്‍ട്ടും പരിസരങ്ങളും പരിചയമുള്ള റിസോർട്ടിലെ മുൻ ഡ്രൈവറായ മജീദ് ആളെ തിരിച്ചറിയാതിരിക്കാനും സി.സി.ടി.വി ദൃശ്യങ്ങളില്‍ കുടുങ്ങാതിരിക്കുന്നതിനുമായി ജാക്കറ്റ് ധരിച്ചാണ് മോഷ്ടിക്കാനെത്തിയത്. മോഷണം നടത്തിയശേഷം ബൈക്കില്‍ ബെന്നറ്റിന്റെ വീടിന്റെ അടുത്തുള്ള പഴയ വീട്ടിലെത്തി അവിടെ വെച്ച് വീട് പണിക്ക് കൊണ്ടു വന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ചു. പണം എടുത്ത ശേഷം ഇരുവരും ബൈക്കില്‍ മഞ്ഞളാംകൊല്ലിയിലുള്ള ക്വാറികുളത്തില്‍ ലോക്കര്‍ ഉപേക്ഷിക്കുകയായിരുന്നു. മേപ്പാടി സ്‌റ്റേഷനിലെ മുങ്ങല്‍ വിദഗ്ധരായ പോലീസുകാര്‍ ഒരു മണിക്കൂറോളം തെരഞ്ഞാണ് ആഴമുള്ള കുളത്തില്‍ നിന്ന് ലോക്കര്‍ കണ്ടെടുത്തത്. എസ്.ഐ ഷാജി, എസ്.സി.പി.ഒമാരായ സുനില്‍കുമാര്‍, വിപിന്‍, ഷബീര്‍, സി.പി.ഒ ഷാജഹാന്‍, ഹോം ഗാര്‍ഡ് പ്രവീണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പോലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്കേസന്വേഷണത്തില്‍ മുഖ്യപ്രതിയെ കുടുക്കിയത് വയനാട് പോലീസിന്റെ പിങ്കി എന്ന ട്രാക്കര്‍ ഡോഗ്. ജാക്കറ്റ് ധരിച്ചതിനാല്‍ പ്രതിയുടെ രൂപവും മുഖവുമൊന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായം തേടിയിരുന്നു. കേസില്‍ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകളുടെ വസ്ത്രങ്ങള്‍ മണപ്പിച്ച് മേപ്പാടി പോലീസ് പരീക്ഷണം നടത്തി. രണ്ട് പേരുടെ വസ്ത്രങ്ങള്‍ മണം പിടിച്ചെങ്കിലും അനങ്ങാതെയിരുന് പിങ്കി റിസോര്‍ട്ടിലെ മുന്‍ ഡ്രൈവറായ മജീദിന്റെ തൊപ്പി മണപ്പിച്ചപ്പോഴാണ് പതിയുടെ സഞ്ചാരപാതയും തെളിവുകളും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്. സിവില്‍ പോലീസ് ഓഫിസര്‍മാരായ സതീഷന്‍, ബൈജു കുമാര്‍ എന്നിവരാണ് പിങ്കിയുടെ ട്രെയിനേഴ്‌സ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *