May 4, 2024

എൻ.ഡി.എയുടെ പ്രകടനപത്രിക ബിഷപ് പ്രകാശനം ചെയ്തതായ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്: മാനന്തവാടി രൂപത

0
Img 20240423 100130

മാനന്തവാടി: 2024 ലോകസഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് എൻ.ഡി.എയുടെ പ്രകടനപത്രികയുടെ മലയാളം പരിഭാഷ മാനന്തവാടി രൂപത മെത്രാൻ ബിഷപ് ജോസ് പൊരുന്നേടം പ്രകാശനം ചെയ്തുവെന്ന് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാനന്തവാടി രൂപത. ലോക്‌സഭാ ഇലക്ഷന് മുന്നോടിയായി എല്ലാ മുന്നണികളുടെയും ശ്രദ്ധയിലേക്കായി വയനാട് മണ്ഡലം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളെപ്പറ്റി, മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ പാസ്സാക്കിയ പ്രമേയത്തിന്റെ കോപ്പി എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചതാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർത്ഥികളോടും ഈ വിഷയങ്ങളിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നും സ്ഥാനാർത്ഥികളുടെ സന്ദർശനവേളകളിൽ നേരിട്ടും പ്രമേയത്തിലൂടെ മാധ്യമങ്ങൾ വഴിയും ആവശ്യപ്പെട്ടിരുന്നു.

വയനാട് മണ്ഡലത്തെ സംബന്ധിച്ച് ഞങ്ങൾ ഉയർത്തിയ സുപ്രധാന വിഷയങ്ങളിൽ ചിലത് ഉൾപ്പെടുത്തിയ പ്രകടനപത്രികയുടെ മലയാളം പരിഭാഷ, വയനാട് എൻഡിഎ സ്ഥാനാർത്ഥി ഇന്നലെ മാനന്തവാടി ബിഷപ്സ് ഹൗസിൽ വച്ച് രൂപതാദ്ധ്യക്ഷന് കൈമാറിയിരുന്നു. ഇതിനെ പത്രിക പ്രകാശന ചടങ്ങായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ മുന്നണികളുടേയും സ്ഥാനാർത്ഥികളും നേതാക്കളും രൂപത കേന്ദ്രം സന്ദർശിക്കാറുണ്ട്.

തുറന്ന മനസ്സോടെ ഇവിടുത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവരുടെ മുൻപിൽ രൂപത കേന്ദ്രം അവതരിപ്പിക്കാറുമുണ്ട്. അതിനപ്പുറം അത്തരം സന്ദർശനങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുത് എന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നതായും മുന്നണികളുടെ പക്ഷം ചേർന്നല്ല സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യം വെച്ചുള്ള ജനപക്ഷ നിലപാടുകളാണ് രൂപത ഈ തെരഞ്ഞെടുപ്പിലും സ്വീകരിച്ചിട്ടുള്ളതെന്നും മാനന്തവാടി രൂപത അധികൃതർ വ്യക്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *