April 30, 2024

വയനാടിന്റെ അടിയന്തര ആവശ്യങ്ങള്‍ പോലും ഇടതുസര്‍ക്കാര്‍ അവഗണിച്ചുവെന്ന് ഉമ്മന്‍ചാണ്ടി

0
Img 20201203 Wa0203.jpg
കല്‍പ്പറ്റ: അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുമ്പോഴും വയനാടിന്റെ അടിയന്തര ആവശ്യങ്ങള്‍ ഇടതുസര്‍ക്കാര്‍ അവഗണിച്ചുവെന്ന് മുന്‍മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കല്‍ കോളജായിരുന്നു വയനാടിന്റെ അടിയന്തര ആവശ്യങ്ങളിലൊന്ന്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇവിടുത്തെ ജനപ്രതിനിധികള്‍ കോഴിക്കോട്ടേക്കുള്ള യാത്രക്കിടയില്‍ ട്രാഫിക്ക് കുരുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടമായവരുടെ കണക്കുകള്‍ നിരത്തിയായിരുന്നു ഒരു മെഡിക്കല്‍ കോളജിനായി ആവശ്യമുന്നയിച്ചത്. അങ്ങനെയാണ് 900 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് രൂപം നല്‍കുന്നത്. 100 കുട്ടികള്‍ക്ക് സൗജന്യമായി പഠനത്തിനും അവസരം ലഭിക്കുമായിരുന്നു. പ്രസ്തുത പദ്ധതിക്കായി മടക്കിമലയില്‍ സൗജന്യമായി സ്ഥലവും ലഭിച്ചു. തറക്കില്ലിട്ടതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ ഭരണം നാലരവര്‍ഷമായിട്ടും ഒരിഞ്ച് പോലും മുന്നോട്ടുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സ്ഥലത്ത് തന്നെ മെഡിക്കല്‍ കോളജ് വരണമെന്ന് തന്നെയാണ് ആഗ്രഹം. വയനാട്ടിലെ ജനങ്ങള്‍ ജീവന് പിടയുമ്പോള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാമായിരുന്ന പദ്ധതി അഞ്ച് വര്‍ഷമാകാറായിട്ടും എങ്ങുമെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയാണ് മറ്റൊരു പദ്ധതി. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഈ പാത. പാത യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കേരളത്തില്‍ നിന്നുള്ള ബാംഗ്ലൂര്‍ യാത്ര ഏറെ എളുപ്പമാകുമായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പദ്ധതിക്കായി യാതൊരു നടപടിയുമുണ്ടായില്ല. വയനാടിന് ഒരു ബദല്‍പാതയെന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. യു ഡി എഫ് സര്‍ക്കാര്‍ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് വന്നത്. ഭരണം മാറിയതോടെ പിന്നീട് വന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെ ഒരു തുരങ്കപാത പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറെ എളുപ്പമുള്ളതായിരുന്നു പടിഞ്ഞാറത്തറ-പൂഴിത്തോട്-ബദല്‍പാതയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുമ്പോള്‍ വയനാടിന് വേണ്ടിയെന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. മൂന്ന് വന്‍പദ്ധതികള്‍ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കാര്‍ഷികമേഖലക്ക് ഗുണകരമായ പദ്ധതികളും നടപടികളുമൊന്നും ഉണ്ടാകുന്നില്ല. വന്യമൃഗശല്യമടക്കമുള്ള നിരവധി പ്രതിസന്ധികള്‍ കര്‍ഷകടക്കമുള്ളവര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങള്‍ എത്തുന്നതിനാല്‍ ജീവനില്‍ പേടിച്ച് കൃഷിയിടങ്ങള്‍ കര്‍ഷകര്‍ തരിശിടുന്ന അവസ്ഥ വരെയെത്തിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ ഒരു സാഹചര്യത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കാട്ടിനുള്ളില്‍ കഴിഞ്ഞിരുന്നവരെ പുറത്തേക്കെത്തിക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. 2013-ല്‍ ആരംഭിച്ച ഈ പദ്ധതി ഇടതുസര്‍ക്കാരിന്റെ കാലത്ത് നിശ്ചലമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ജില്ലാ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടിടീച്ചര്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ കെ അബ്രഹാം, പി പി ആലി, കെ കെ അഹമ്മദ്ഹാജി, ചിന്നമ്മ ജോസ്, ജി വിജയമ്മടീച്ചര്‍, ബിനുതോമസ്, ഗോകുല്‍ദാസ് കോട്ടയില്‍, ഷംസാദ് മരയ്ക്കാര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *