April 30, 2024

കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സി പി എം-ബി ജെ പി രഹസ്യബന്ധത്തിന്റെ തെളിവ്: എം എം ഹസ്സന്‍

0
Img 20210323 Wa0066.jpg
 കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സി പി എം-ബി ജെ പി രഹസ്യബന്ധത്തിന്റെ തെളിവ്: എം എം ഹസ്സന്‍…
കല്‍പ്പറ്റ: ആസാമില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന് പ്രധാനമന്ത്രി പറയാനുണ്ടായ കാരണം ബി ജെ പിയും സി പി എമ്മും തമ്മിലുണ്ടാക്കിയ രഹസ്യബന്ധത്തിന്റെ തെളിവാണെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ഡി എയ്ക്ക് കേരളത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കാനുള്ള ശക്തിയില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളും ആര്‍ എസ് എസ് സൈദ്ധാന്തികനായ ബാലശങ്കറിന്റെ വെളിപെടുത്തലും കൂട്ടിവായിച്ചാല്‍ ഈ രഹസ്യബന്ധം കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ ഡി എയിലെ മൂന്ന് പേരുടെ നാമനിര്‍ദേശപത്രികയാണ് തള്ളിയത്. തലശ്ശേരിയിലും, ഗുരുവായൂരിലും ദേവികുളത്തും പത്രിക തള്ളിയപ്പോള്‍ അവര്‍ കേസിന് പോയി. ഈ സാഹചര്യത്തില്‍ മൂന്നിടത്തേയും യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ കേസില്‍ കക്ഷിചേര്‍ന്നുകൊണ്ട് പത്രിക അംഗീകരിക്കുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഒരിടത്തും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല. ഗുരുവായൂര്‍, ദേവികുളം, തലശേറി മൂന്ന് മണ്ഡലങ്ങളും സി പി എമ്മിന്റെ സിറ്റിംഗ് മണ്ഡലങ്ങളാണ്. ഈ മൂന്ന് മണ്ഡലങ്ങളിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ വിവേചനപരമായി പെരുമാറുന്നുവെന്നാണ് കോടതി തന്നെ പരാമര്‍ശിച്ചിരിക്കുകയാണ്. സി പി എം-ബി ജെ പി ബന്ധത്തിന്റെ ഭാഗമാണോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ഉദ്യോഗസ്ഥന്മാര്‍ ഈ മൂന്ന് സിറ്റിംഗ് മണ്ഡലത്തില്‍ ഇത്തരത്തില്‍ വിവേചനപരമായി നിലപാട് എടുത്തതെന്ന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി പി എം-ബി ജെ പി ബന്ധം സീറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, അനുമപ്പുറം ബി ജെ പിയുടെ ഫണ്ടിംഗും ഉണ്ടെന്ന് സംശയം വര്‍ധിക്കുകയാണ്. ഇത് അന്വേഷിക്കണം. കോടിക്കണക്കിന് പണമാണ് തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും ഒഴുക്കിക്കൊണ്ടിരിക്കുന്നത്. യു ഡി എഫ് ഈ രഹസ്യബന്ധം തുറന്നുകാണിക്കുമ്പോള്‍ പ്രത്യരോപണം ഉന്നയിക്കാനാണ് ശ്രമിക്കുന്നത്. 1977-ല്‍ തലശേരി അടക്കമുള്ള മണ്ഡലത്തില്‍ തലശേരി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇ എം എസ് ആര്‍ എസ് എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അത് പരാമര്‍ശിക്കുകയും ചെയ്തു. ഇ എം എസിനെ പോലെ തലശേരിയിലും, ഗുരുവായൂരിലും ബി ജെ പിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ പിണറായിയും, കോടിയേരിയും തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇ എം എസ് പറഞ്ഞത് പോലെ പറയാന്‍ കഴിയില്ലെന്നുള്ളത് കൊണ്ടാണ് ഇരുവരും തമ്മിലുള്ള ബന്ധവും ഫണ്ടിംഗും വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ബലത്തിലാണ് പ്രധാനമന്ത്രി കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ഭാഗ്യന്വേഷികളായി വരുന്നവര്‍ പാര്‍ട്ടിവിടുമ്പോള്‍ അവരെ സ്വീകരിക്കുന്നതും, സ്ഥാനാര്‍ത്ഥികളാക്കുന്നതും സി പി എമ്മിന്റെ ഗതികേടാണ്. മലപ്പുറം ജില്ലയില്‍ സി പി എമ്മിന്റെ മിക്ക സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്. പലയിടത്തും സ്വതന്ത്രമായാണ് മത്സരിക്കുന്നത്. പലരുടെയും ചിഹ്നം ഓട്ടോറിക്ഷയാണ്. സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിച്ചുകൊണ്ടാണ് ഇത്തരത്തില്‍ കോടിശ്വരന്മാര്‍ക്ക് സീറ്റ് കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരിടത്തും യു ഡി എഫിന് ബി ജെ പിയുടെയും ആര്‍ എസി എസിന്റെയും വോട്ടുവേണ്ടെന്നും എം എം ഹസന്‍ പറഞ്ഞു. സര്‍വെ റിപ്പോര്‍ട്ടുകളെല്ലാം പെയ്ഡ് സര്‍വ്വെയാണ്. 200 കോടി രൂപയാണ് മുഖം മിനുക്കാനായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് പരസ്യത്തിനായി നല്‍കിയത്. അതിനുള്ള പ്രത്യുപകാരമാണ് ചാനലുകള്‍ സര്‍വെയിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. പണം തട്ടിയെടുക്കാനായി ഭാഗ്യം പ്രവചിക്കുന്ന കൗശലക്കാരനായ കൈനോട്ടക്കാരന്റെ അവസ്ഥയിലാണ് ചാനലുകള്‍. കഴിഞ്ഞ ലോക്‌സഭയിലടക്കം ഇത്തരം സര്‍വെകള്‍ പൊളിഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി പി ആലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *